സംസ്ഥാനത്ത് ബാറുകൾ ഇനി രാത്രി 12 വരെ : ടൂറിസം മേഖലകളിൽ പുലർച്ചെ 3 വരെയാക്കാൻ ആലോചന
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം നീട്ടിയേക്കുമെന്ന് റിപ്പോർട്ട്. പ്രവർത്തന സമയം രാവിലെ 10 മണി മുതല്‍ രാത്രി 12 വരെയാക്കാൻ തത്വത്തില്‍ തീരുമാനിച്ചതായാണ് വിവരം. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.
രാവിലെ 11 മുതൽ രാത്രി 11 വരെയാണ് നിലവിൽ കേരളത്തിലെ ബാറുകളുടെ പ്രവർത്തന സമയം. ടൂറിസ്റ്റ് കേന്ദ്രങ്ങളിലുള്ള ബാറുകൾക്ക് രാത്രി 12 മണി വരെ നിലവിൽ പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഈ സമയവും നീട്ടിയേക്കുമെന്ന് റിപ്പോർട്ടുണ്ട്.
എക്സൈസ് മന്ത്രിയുമായി നടന്ന ചർച്ചകളിൽ, വിനോദസഞ്ചാരികൾക്ക് രാത്രികാലങ്ങളിൽ കൂടുതൽ സമയം ലഭ്യമാക്കുന്നത് ടൂറിസം മേഖലയ്ക്ക് ഗുണകരമാകുമെന്ന് വിലയിരുത്തലുണ്ടായതായി മനോരമ ന്യൂസ് റിപ്പോർട്ടു ചെയ്തു. ബാറുടമകളുടെ ദീർഘകാലമായുള്ള ആവശ്യംകൂടി പരിഗണിച്ചാണ് സമയക്രമത്തിൽ മാറ്റം വരുത്തുന്നതെന്നാണ് വിവരം.
ബാർ, ഹോട്ടൽ ഉടമകളുടെയും മദ്യപിക്കുന്നവരുടെയും ദീർഘകാലത്തെ ആവശ്യമാണ് നടപ്പാകാൻ പോകുന്നത്. നേരത്തെ ടൂറിസം മേഖലയിൽ മാത്രം രാത്രി 12 വരെ ബാറുകളും ഹോട്ടലുകളും തുറന്നിരിക്കാൻ അനുവാദം നൽകിയിരുന്നു. ഇത് വിവേചനമാണെന്ന് സംസ്ഥാനത്തെ ബാറുടമകൾ ചൂണ്ടിക്കാട്ടാൻ തുടങ്ങിയിട്ട് നാളേറെയായി. സംസ്ഥാനത്തെ എല്ലാ ബാറുകളുടെയും ഹോട്ടലുകളുടെയും സമയക്രമം ഏകീകരിക്കുകയാണ് സർക്കാർ ഇപ്പോൾ ചെയ്തിരിക്കുന്നത്.