ഡോക്‌ടര്‍ ദമ്ബതികളില്‍നിന്ന് 7.65 കോടി തട്ടിയ കേസ്; രണ്ട് തായ്വാൻ സ്വദേശികളടക്കം മൂന്നുപേര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. തായ് വാൻ സ്വദേശികളായ സുങ് മുചി (മാർക്ക്- 42), ചാങ് ഹോ യുൻ (മാർക്കോ- 34), ഝാർഖണ്ഡ് സ്വദേശിയായ സെയ്ഫ് ഹൈദർ (29) എന്നിവരെയാണ് ശനിയാഴ്ചവരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്.
ഗുജറാത്തില്‍നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തയ്‌വാനിലെ തവോയുവാനില്‍നിന്നുള്ള വാങ് ചുൻ വെയ് (സുമോക- 26), ഷെൻ വെയ് ഹോ (ക്രിഷ്- 35) എന്നിവരെ നേരത്തേ സബർമതി ജയിലില്‍നിന്ന് എത്തിച്ച് ചോദ്യംചെയ്തിരുന്നു. അവരെ ചോദ്യംചെയ്തപ്പോഴാണ് മറ്റു രണ്ടു തായ്‌വാൻകാർക്കും തട്ടിപ്പില്‍ ബന്ധമുണ്ടെന്ന് വ്യക്തമായത്. ഇവർ തട്ടിപ്പ് സംഘത്തിലെ ഐ.ടി വിഭാഗം കൈകാര്യം ചെയ്തിരുന്നവരാണ്.
യു.എസില്‍ ഉള്‍പ്പെടെ ഉന്നതപഠനം പൂർത്തിയാക്കിയ മാർക്കോ പിന്നീട് തായ് വാനില്‍ തിരിച്ചെത്തിയ ശേഷമാണ് ഇന്ത്യയിലേക്ക് വരുന്നത്. തട്ടിപ്പിനായി വെർച്വല്‍ പ്രൈവറ്റ് നെറ്റ്‌വർക്ക് സൃഷ്ടിക്കലായിരുന്നു മാർക്കിന്റെ ജോലി. ആലപ്പുഴയില്‍ ആദ്യം പിടിയിലായ ഇന്ത്യക്കാരായ പ്രതികളില്‍നിന്ന് ലഭിച്ച സൂചനകളിലൂടെയാണ് അന്വേഷണം തായ്‌വാൻ സ്വദേശികളിലെത്തിയത്. ഇവരില്‍നിന്ന് 12 ലക്ഷത്തോളം രൂപയും കണ്ടെടുത്തിരുന്നു.