നീറ്റ് യുജി 2026 രജിസ്ട്രേഷൻ തുടങ്ങി

Feb 8, 2026 - 11:59
 0  7
നീറ്റ് യുജി 2026 രജിസ്ട്രേഷൻ തുടങ്ങി

രാജ്യത്തെ മെഡിക്കൽ കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് യുജി (NEET UG 2026)യുടെ അപേക്ഷാ നടപടികൾക്ക് തുടക്കമായി. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ആണ് പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചത്. 2026 മെയ് ആദ്യവാരം പരീക്ഷ നടക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരി ഏഴ് മുതലാണ് ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ലഭ്യമായി തുടങ്ങിയത്.

നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് എൻടിഎയുടെ ഔദ്യോഗിക പോർട്ടലുകളായ neet.nta.nic.in അല്ലെങ്കിൽ exams.nta.ac.in/NEET എന്നിവ സന്ദർശിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് പത്താം ക്ലാസ് സർട്ടിഫിക്കറ്റിലെ വിവരങ്ങളും ആധാർ കാർഡിലെ വിവരങ്ങളും ഒന്നുതന്നെയാണെന്ന് ഉറപ്പുവരുത്തണം. പേര്, ജനനത്തീയതി എന്നിവയിൽ മാറ്റങ്ങളുണ്ടെങ്കിൽ അപേക്ഷിക്കുന്നതിന് മുൻപ് തന്നെ അത് തിരുത്താൻ ശ്രദ്ധിക്കുക

അപേക്ഷാ നടപടികൾക്ക് ആദ്യമായി  വെബ്സൈറ്റിലെ 'New Registration' എന്ന ലിങ്കിൽ പ്രവേശിച്ച് പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ നൽകി രജിസ്റ്റർ ചെയ്യുക. ലോഗിൻ വിവരങ്ങൾ നിങ്ങളുടെ മൊബൈലിലും ഇമെയിലിലും ലഭിക്കും. തുടർന്ന് ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതയും പരീക്ഷാ കേന്ദ്രവും തിരഞ്ഞെടുക്കുക. രേഖകൾ അപ്‌ലോഡ് ചെയ്യുക: നിശ്ചിത സൈസിലുള്ള പാസ്‌പോർട്ട് ഫോട്ടോ, ഒപ്പ്, വിരലടയാളം, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഫോട്ടോ വെളുത്ത പശ്ചാത്തലത്തിലുള്ളതാകാൻ ശ്രദ്ധിക്കുക.

ഫീസ് അടയ്ക്കൽ: ജനറൽ വിഭാഗത്തിന് ഏകദേശം 1700 രൂപയും, OBC/EWS വിഭാഗത്തിന് 1600 രൂപയും, SC/ST/PwD വിഭാഗങ്ങൾക്ക് 1000 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈനായി ഫീസടയ്ക്കാവുന്നതാണ്. 

 അപേക്ഷയിൽ നൽകുന്ന മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും പരീക്ഷാ നടപടികൾ പൂർത്തിയാകുന്നത് വരെ മാറ്റരുത്. തിരുത്തലുകൾക്കായി 'Correction Window' സൗകര്യം ലഭിക്കുമെങ്കിലും എല്ലാ വിവരങ്ങളും മാറ്റാൻ കഴിയില്ല. അതിനാൽ ആദ്യമേ വിവരങ്ങൾ കൃത്യമായി നൽകാൻ ശ്രദ്ധിക്കുക. അപേക്ഷ പൂർത്തിയായ ശേഷം കൺഫർമേഷൻ പേജിന്റെ പ്രിന്റ് ഔട്ട് എടുത്തു സൂക്ഷിക്കുന്നത് ഭാവിയിൽ ഉപകരിക്കും.