മലമ്പുഴയിൽ ഭീതി വിതച്ച് പുലി; സർക്കാർ സ്കൂൾ പരിസരത്ത് കൂട് സ്ഥാപിച്ചു
പാലക്കാട്: പാലക്കാട് മലമ്പുഴയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങിയതിനെ തുടർന്ന് വനം വകുപ്പ് കൂട് സ്ഥാപിച്ചു. മലമ്പുഴയിലെ സർക്കാർ സ്കൂളിന് സമീപമാണ് പുലിയിറങ്ങിയത്. പ്രദേശവാസികളാണ് ശനിയാഴ്ച രാത്രിയിൽ സർക്കാർ സ്കൂൾ പരിസരത്ത് പുലിയെ ആദ്യമായി കണ്ടത്.
തുടർന്ന് വനം, റാപ്പിഡ് റെസ്‌പോൺസ് ടീം എന്നിവയുടെ നേതൃത്വത്തിൽ പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണവും ക്യാമറ ട്രാപ്പുകളും സ്ഥാപിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ വിവരമറിയിച്ചതോടെയാണ് വിഷയം അതീവ ഗൗരവമായത്.
തുടർന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ തീരുമാനമായത്. മലമ്പുഴ ഗവ. ഹയർസെക്കൻഡറി സ്കൂൾ, ജവഹർ നവോദയ സ്കൂൾ, ഗിരിവികാസ്, പ്രാഥമികാരോഗ്യ കേന്ദ്രം, പൊലീസ് സ്റ്റേഷൻ, ജില്ലാ ജയിൽ, ജലസേചന വകുപ്പ് ക്വാർട്ടേഴ്സുകൾ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളിലാണ് പുലി എത്തിയിരുന്നത്.
പുലിയുടെ സാന്നിധ്യം കണക്കിലെടുത്ത് പ്രദേശത്തെ രാത്രിയാത്ര നിയന്ത്രണം ഇപ്പോഴും തുടരുകയാണ്.