ശബരിമല സ്വർണ്ണക്കൊള്ള: ബാക്കിയുള്ള സ്വര്‍ണംകൂടി തട്ടിയെടുക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നു

Jan 6, 2026 - 14:20
 0  7
ശബരിമല സ്വർണ്ണക്കൊള്ള: ബാക്കിയുള്ള സ്വര്‍ണംകൂടി തട്ടിയെടുക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നു


ശബരിമലയില്‍ പ്രതികള്‍ പദ്ധതിയിട്ടത് വന്‍കവര്‍ച്ച നടത്താനെന്ന് ഹൈക്കോടതിയില്‍ എസ്‌ഐടി.  സ്വര്‍ണക്കടത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായാണ് എസ്‌ഐടി റിപ്പോര്‍ട്ട്. വലിയ രീതിയില്‍ കവര്‍ച്ച നടത്താനായി പങ്കജ് പണ്ടാരിയും, ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധനും സ്‌പോണ്‍സര്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ആസൂത്രണം നടത്തിയെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്രീകോവിലിലെ ബാക്കിയുള്ള സ്വര്‍ണംകൂടി തട്ടിയെടുക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടെന്നും ഹൈക്കോടതി മുമ്പാകെ വിഷയം വന്നപ്പോള്‍ മൂന്നുപേരും ബെംഗളൂരുവില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 കേസില്‍ ഉള്‍പ്പെട്ടാല്‍ എന്തു ചെയ്യണമെന്നതടക്കം പ്രതികള്‍ ചര്‍ച്ചചെയ്‌തെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ഗോവര്‍ദ്ധന്റെ ജാമ്യഹര്‍ജി എതിര്‍ത്ത് എസ്‌ഐടി നല്‍കിയ റിപ്പോര്‍ട്ടിലാണ് ആസൂത്രണത്തെ കുറിച്ച് പറയുന്നത്.

2025 ഒക്ടോബറില്‍ പ്രതികള്‍ ബെംഗളൂരുവില്‍ ഗൂഢാലോചന നടത്തിയെന്നും ഹൈക്കോടതി കേസ് പരിഗണിച്ചപ്പോഴായിരുന്നു ഇതെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. ദ്വാരപാലക ശില്പങ്ങളിലേയും ഏഴ് ഭാഗങ്ങളടങ്ങുന്ന കട്ടിളപ്പാളികളിലേയും ശ്രീകോവിലിലേയും സ്വര്‍ണം പൊതിഞ്ഞ ഭാഗങ്ങളില്‍നിന്നടക്കം സ്വര്‍ണം കവരാന്‍ ഗൂഢാലോചന നടന്നു.

 കട്ടിളപ്പാളിയില്‍നിന്ന് 409 ഗ്രാം സ്വര്‍ണമാണ് സ്മാര്‍ട് ക്രിയേഷന്‍സില്‍ വെച്ച് ശങ്കര്‍ എന്ന വിദഗ്ധന്‍ വേര്‍തിരിച്ചെടുത്തത്. ഇതിനുശേഷം ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന്റെ കൈയില്‍ സ്വര്‍ണമെത്തിയെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.