ശബരിമലയിൽ വൻ ഭക്തജനതിരക്ക്! നിയന്ത്രണവിധേയമാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
മണ്ഡലകാലം ആരംഭിച്ച ആദ്യ ദിവസങ്ങളിൽ തന്നെ ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ആദ്യ നാളുകളിൽ തന്നെ അത്ഭുതകരമായ തിരക്ക് അനുഭവപ്പെടുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.
ഒന്നര ദിവസത്തിനിടയിൽ 1,63,000 ഭക്തർ അയ്യപ്പദർശനത്തിന് എത്തിയെന്നാണ് കണക്ക്. മുൻ കാലങ്ങളിൽ വൃശ്ചിക മാസത്തിന്റെ തുടക്കത്തിൽ ഭക്തരുടെ എണ്ണം അമ്പതിനായിരത്തിനടുത്ത് മാത്രമായിരുന്നു.
അനിയന്ത്രിതമായ ഈ തിരക്ക് നിയന്ത്രണവിധേയമാക്കാൻ കൂടുതൽ സൗകര്യങ്ങളൊരുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് ഉറപ്പുനൽകി. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി, പമ്പയിലേക്കുള്ള ഭക്തരുടെ വരവ് നിയന്ത്രിക്കാൻ പോലീസ് ചീഫ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്.
സ്പോട്ട് ബുക്കിംഗിനായി പമ്പയിലേതിനു പുറമേ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി അധികമായി സ്ഥാപിക്കും. കൂടാതെ, വരി നിൽക്കുന്ന തീർത്ഥാടകർക്ക് വെള്ളവും ലഘു ഭക്ഷണവും നൽകുന്നതിനായി 200 പേരെ അധികമായി നിയമിക്കാനും തീരുമാനമായി. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കാനും ദേവസ്വം ബോർഡ് ശ്രമിക്കും.
ഭക്തജനതിരക്ക് ക്രമാതീതമായി വർധിച്ചിട്ടും കേന്ദ്രസേനകളെ ശബരിമലയിൽ നിയോഗിക്കാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.