വായ്പാ തട്ടിപ്പ് കേസില്‍ നീരവ് മോദിയുടെ 71 കോടി സ്വത്ത് ബാങ്കിന് വിട്ടുനല്‍കാൻ കോടതി ഉത്തരവ്

വായ്പാ തട്ടിപ്പ് കേസില്‍ നീരവ് മോദിയുടെ 71 കോടി സ്വത്ത് ബാങ്കിന് വിട്ടുനല്‍കാൻ കോടതി ഉത്തരവ്

മുംബൈ: വായ്പതട്ടിപ്പ് കേസില്‍ വജ്രവ്യാപാരി നീരവ് മോദിയില്‍നിന്ന് കണ്ടുകെട്ടിയ 71 കോടി രൂപയിലധികം വിലമതിക്കുന്ന 18 സ്വത്തുകള്‍ പഞ്ചാബ് നാഷനല്‍ ബാങ്കിനും (പി.എൻ.ബി) ഇടനിലക്കാര്‍ക്കും വിട്ടുനല്‍കാൻ കോടതി ഉത്തരവ്.

ഇ.ഡി കണ്ടുകെട്ടിയ നീരവ് മോദിയുടെ സ്വത്തുകള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് പി.എൻ.ബി കോടതിയെ സമീപിക്കുകയായിരുന്നു. വ്യാജ കടപത്രങ്ങളുണ്ടാക്കി നീരവ് മോദി 7,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ബാങ്ക് കോടതിയില്‍ ആരോപിച്ചു.

രത്ന വ്യാപാര കേന്ദ്രമായ ഭാരത് ഡയമണ്ട് ബ്രൗസില്‍ സൂക്ഷിച്ച 40 കോടിയുടെ രത്നങ്ങള്‍, പഞ്ചനക്ഷത്ര ഹോട്ടലില്‍ പ്രദര്‍ശനത്തിനുവെച്ച 16 ആഭരണങ്ങള്‍, കുര്‍ളയിലെ ഓഫിസ്, ബെന്റ്ലി ഉള്‍പ്പെടെ 26 ലക്ഷം രൂപ വിലമതിക്കുന്ന എട്ട് കാറുകള്‍ എന്നിവയടക്കം മോദിയുടെ ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷനല്‍ ലിമിറ്റഡ്, ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഇന്റര്‍നാഷനല്‍ ലിമിറ്റഡ് എന്നീ രണ്ട് സ്ഥാപനങ്ങള്‍ക്കായി നിയമിച്ച ഇടനിലക്കാര്‍ക്കും പി എൻ ബിക്കും വിട്ടുനല്‍കാനാണ് കോടതി നിര്‍ദേശം