കരൂർ ദുരന്തം: 20 ലക്ഷം വീതം ധനസഹായം നൽകി ടിവികെ

Oct 18, 2025 - 20:35
 0  4
കരൂർ ദുരന്തം: 20 ലക്ഷം വീതം ധനസഹായം നൽകി ടിവികെ

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ടിവികെ പ്രഖ്യാപിച്ച ധനസഹായം നൽകി. 20 ലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയിരിക്കുകയാണ്. 39 പേരുടെ കുടുംബത്തിനും പണം നൽകിയെന്ന് ടിവികെ വ്യക്തമാക്കി. കൂടാതെ, കരൂരിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ഓർമയ്ക്കായി ഈ വർഷം ദീപാവലി ആഘോഷിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദ് ജില്ലാ സെക്രട്ടറിമാരോടും അണികളോടും നിർദേശിച്ചിരിക്കുകയാണ്. 

മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയുമാണ് വിജയ് പ്രഖ്യാപിച്ചത്. എന്നാൽ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവുമാണ് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചത്. വിജയ് ഇതുവരെ കരൂർ സന്ദർശിക്കാത്തതിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് സഹായധനം കൈമാറിയത്. ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങളെ നേരത്തെ വിജയ് വീഡിയോ കോളിൽ വിളിച്ചിരുന്നു.

വിജയ്‌യുടെ റാലിക്കിടെ സെപ്റ്റംബര്‍ 27നാണ് ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 41 പേരുടെ മരണം സംഭവിച്ചതോടെ റാലി ഉൾപ്പെടെ ടിവികെയുടെ എല്ലാ പരിപാടികളും റദ്ദാക്കിയിരുന്നു.