കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ മത്സരച്ചിത്രം തെളിഞ്ഞു. 140 നിയമസഭാ മണ്ഡലങ്ങളിലായി 890 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. സ്ഥാനാർഥിത്വത്തിനുള്ള പത്രികകൾ പിൻവലിക്കാനുള്ള നടപടികൾ പൂർത്തിയായതോടെയാണ് അന്തിമമായ ചിത്രം തെളിഞ്ഞത്. മത്സരചിത്രം തെളിഞ്ഞതോടെ രാഷ്ട്രീയ പാർട്ടികൾ ഇനി പ്രചാരണ പരിപാടികളിലേക്ക് കൂടുതൽ സജീവമായി കടക്കും.
കൂടുതൽ സ്ഥാനാർഥികൾ കോഴിക്കോട് കൊടുവള്ളി മണ്ഡലത്തിലാണ്.13 പേരാണ് ഇവിടെ മത്സരരംഗത്തുള്ളത്.ഏറ്റവും കുറവ് ചവറ, നാട്ടിക, മാനന്തവാടി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലാണ് മൂന്ന് സ്ഥാനാർത്ഥികൾ മാത്രമാണ് ഇവിടെ ഉള്ളത്.
മാർച്ച് 25 സൂഷ്മ പരിശോധന കഴിഞ്ഞപ്പോൾ ആകെ 985 സ്ഥാനാർഥികളാണ് ഉണ്ടായിരുന്നത്. ഇതിൽ നിന്ന് പത്രിക പിൻവലിക്കാനുള്ള അവസാന സമയം കഴിഞ്ഞപ്പോഴേക്കും സ്ഥാനാർഥികളുടെ എണ്ണം 890 ആയി കുറഞ്ഞു. പ്രമുഖ മുന്നണികളുടെ സ്ഥാനാർഥികളുടെയെല്ലാം പത്രികകൾ സ്വീകരിക്കപ്പെട്ടതോടെ ഡമ്മി സ്ഥാനാർഥികൾ പത്രികകൾ പിൻവലിച്ചിരുന്നു. ചില സ്വതന്ത്രരും, മഞ്ചേശ്വരത്തെ എസ് ഡി പി ഐ സ്ഥാനാർഥിയും പത്രിക പിൻവലിച്ചു.