ശബരിമല യുവതീപ്രവേശനം: വിശ്വാസം തെറ്റെന്ന് പ്രഖ്യാപിക്കാനാവില്ല; സുപ്രീം കോടതി
ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട റഫറൻസ് ഹർജികൾ പരിഗണിക്കവെ, വിശ്വാസ കാര്യങ്ങളിൽ നിർണ്ണായക നിരീക്ഷണങ്ങളുമായി സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച്. കോടിക്കണക്കിന് ജനങ്ങൾ കാലങ്ങളായി പിന്തുടരുന്ന ഒരു മതവിശ്വാസം തെറ്റാണെന്ന് പ്രഖ്യാപിക്കാൻ കോടതിക്ക് എങ്ങനെ സാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. സാമൂഹ്യ പരിഷ്കരണത്തിന്റെ പേരിൽ ഒരു മതത്തിന്റെ അന്തസത്തയോ അടിസ്ഥാനപരമായ ആചാരങ്ങളോ ഇല്ലാതാക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്നയും വാദത്തിനിടെ വ്യക്തമാക്കി.
കേസിൽ നാലാം ദിവസത്തെ വാദം തുടരുമ്പോൾ, മതാചാരങ്ങളെ നിയന്ത്രിക്കുന്നതിൽ കോടതിക്കുള്ള പരിമിതികളെക്കുറിച്ചും ബെഞ്ച് സൂചിപ്പിച്ചു. ആചാരങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലെന്നാണോ വാദമെന്ന് കോടതി ചോദിച്ചപ്പോൾ, ശബരിമലയിലെ ആചാരം ഒരു മതവിഭാഗത്തിന്റെ പ്രത്യേക അവകാശമാണെന്ന് എൻ.എസ്.എസ് വാദിച്ചു. എന്നാൽ, സാമൂഹ്യ ക്ഷേമത്തിനായുള്ള നിയമനിർമ്മാണങ്ങൾ നടത്തുമ്പോൾ പോലും മതത്തിന്റെ കാതലായ വിശ്വാസങ്ങളെ സ്പർശിക്കാൻ കഴിയില്ലെന്ന നിരീക്ഷണമാണ് കോടതി ഭാഗത്തുനിന്നുണ്ടായത്.
ശബരിമലയിലെ പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം നിലനിർത്തേണ്ടത് അനിവാര്യമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡും കോടതിയെ അറിയിച്ചു. പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകളെ മാറ്റിനിർത്തുന്നത് പ്രതിഷ്ഠയുടെ സങ്കല്പം സംരക്ഷിക്കാനാണെന്നും, ഇത് ഭരണഘടനാപരമായ വിവേചനമായി കാണാനാവില്ലെന്നും ബോർഡ് നിലപാടെടുത്തു. ക്ഷേത്രത്തിലെ നിയമങ്ങൾക്കും ആചാരങ്ങൾക്കുമാണ് മുൻഗണന നൽകേണ്ടതെന്ന് വ്യക്തമാക്കിയ കോടതി, കേസിൽ തുടർവാദങ്ങൾ കേൾക്കുന്നത് മാറ്റിവെച്ചു.