ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

Aug 19, 2025 - 10:34
 0  21
ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം. സുപ്രിംകോടതി മുൻ ജഡ്ജി ബി സുദർശൻ റെഡ്ഡിയാണ് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഇന്ത്യാ മുന്നണി യോഗത്തിലാണ് ഉപരാഷ്ട്രപതി സ്ഥാനാർഥിയെ തീരുമനിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഖർഗെ പ്രതികരിച്ചു.

ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളെയും സംരക്ഷിക്കാൻ കഴിയുന്ന സ്ഥാനാർഥിയാണ് ബി സുദർശൻ റെഡ്ഡി എന്നും എല്ലാവരും ഈ പേരിനെ അംഗീകരിച്ചുവെന്നും ഖാർഗെ പറഞ്ഞു.

21ന് നോമിനേഷൻ സമർപ്പിക്കുമെന്ന് ഇന്ത്യാ സഖ്യം അറിയിച്ചു. സുപ്രീംകോടതി മുന്‍ ജഡ്ജിയായ സുദര്‍ശന്‍ റെഡ്ഡി ഗോവയുടെ ആദ്യ ലോകായുക്ത കൂടിയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള സി പി രാധാകൃഷ്ണനെയാണ് എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇതോടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള രണ്ട് പേര്‍ തമ്മിലായിരിക്കും ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരം.

1946 ജൂലൈ 8 ന് ആന്ധ്രാപ്രദേശിലാണ് സുദർശൻ റെഡ്ഡിയുടെ ജനനം. 1971 ൽ ഹൈദരാബാദിലെ ആന്ധ്രാപ്രദേശ് ബാർ കൗൺസിലിൽ അഭിഭാഷകനായി ചേർന്നു. 1988 മുതൽ 1990 വരെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകനായും 1990 ൽ 6 മാസം കേന്ദ്ര സർക്കാരിന്റെ അധിക ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു. 1995 മെയ് 2 ന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി നിയമിതനായി. പിന്നീട്, 2005 ഡിസംബർ 5 ന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായും 2007 മുതൽ 2011 ജൂലൈ 8 വരെ സുപ്രീം കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചു.