ശബരിമല സ്വര്‍ണക്കൊള്ള കേസ്: എ പത്മകുമാര്‍, എസ് ജയശ്രീ, ഡി സുധീഷ് കുമാര്‍ എന്നിവരുടെ വീടുകളില്‍ പരിശോധന
പത്തനംതിട്ട; ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡില്‍ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പത്മകുമാറിന്റെയും ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയുടെയും റിട്ട. ദേവസ്വം ഉദ്യോഗസ്ഥന്‍ ഡി സുധീഷ് കുമാറിന്റെയും വീടുകളില്‍ ഇ ഡി പരിശോധന നടത്തി.
കേസില്‍ അറസ്റ്റിലായ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ ഇന്ന് രാവിലെ 7.30നാണ് ഇ ഡി സംഘമെത്തിയത്. മണിക്കൂറുകളോളം നീണ്ട പരിശോധനയില്‍ വിവിധ രേഖകള്‍ സംഘം ശേഖരിച്ചു. ഭൂമി ഇടപാടുകള്‍ അടക്കമുള്ളവ നടത്തിയിട്ടുണ്ടോയെന്നും സംഘം പരിശോധിച്ചതായാണ് സൂചന.
ബന്ധുക്കളുമായി ബന്ധപ്പെട്ട വിവരങ്ങളും ഇവര്‍ ശേഖരിച്ചിട്ടുണ്ട്. നേരത്തെ എസ് ഐ ടി സംഘം പത്മകുമാറിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ബേങ്ക് അക്കൗണ്ടുകള്‍ ഇ ഡി നേരരത്തെ മരവിപ്പിച്ചിരുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയുടെ തിരുവല്ലയിലെ വസതിയിലും പരിശോധന നടത്തി. രാവിലെ ഏഴിന് ചുമത്ര മഹാദേവക്ഷേത്രത്തിന് സമീപത്തെ വസതിയില്‍ കാറിലെത്തിയ സംഘം 11 വരെ പരിശോധന നടത്തിയ ശേഷം മടങ്ങി. സി ഐ എസ് എഫും സുരക്ഷക്കായി സ്ഥലത്തെത്തിയിരുന്നു. കേസില്‍ എസ് ജയശ്രീ സുപ്രീം കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം നേടിയിരിക്കുകയാണ്.