ഒടുവിൽ ആശ്വാസം: യാത്രക്കാരെ നാട്ടിലെത്തിക്കാൻ പ്രത്യേക സർവീസുകളുമായി ഇത്തിഹാദ്
ദുബായ്: പശ്ചിമേഷ്യൻ സംഘർഷാവസ്ഥയെതുടർന്ന് വ്യോമാതിർത്തികൾ അടച്ചതോടെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയ യാത്രക്കാരെ നാട്ടിലെത്തിക്കാൻ പ്രത്യേക സർവീസുകളുമായി ഇത്തിഹാദ് എയർവേയ്‌സ്.
അബുദാബിയിൽനിന്ന് മുംബൈ ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിലേക്കാണ് ഇത്തിഹാദ് പ്രത്യേക വിമാനങ്ങൾ അയക്കുന്നത്. മുംബൈയിലേക്കുള്ള വിമാനം ഇതിനോടകം അബുദാബിയിൽനിന്ന് പുറപ്പെട്ടു കഴിഞ്ഞു. മുംബൈയ്ക്ക് പുറമെ പാരീസ്, ആംസ്റ്റർഡാം, ലണ്ടൻ, കറാച്ചി, ദമ്മാം, മോസ്‌കോ, ഹോങ്കോങ് എന്നിവിടങ്ങളിലേക്കും ഇത്തിഹാദ് എയർവേയ്‌സ് പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.
ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ ആക്രമണം ആരംഭിച്ച പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യുഎഇ, കുവൈറ്റ് , ഖത്തർ, ബഹ്‌റിൻ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ വ്യോമാതിർത്തികൾ അടച്ചിരുന്നു. ഇതോടെ അന്താരാഷ്ട്ര തലത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കപ്പെടുകയും ആയിരക്കണക്കിന് യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോൾ പ്രത്യേക വിമാനങ്ങൾ രംഗത്തിറക്കിയിരിക്കുന്നത്.