'ഇന്ത്യ താങ്കളെയോർത്ത് അഭിമാനിക്കുന്നു;' ശുഭാംശു ശുക്ലയോട് പ്രധാനമന്ത്രി

Aug 18, 2025 - 20:12
 0  28
'ഇന്ത്യ താങ്കളെയോർത്ത് അഭിമാനിക്കുന്നു;' ശുഭാംശു ശുക്ലയോട്  പ്രധാനമന്ത്രി

ഡൽഹി: ആക്സിയം - 4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 18 ദിവസം താമസിച്ച് ചരിത്രം സൃഷ്ടിച്ച് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുമായി സംസാരിച്ച അദ്ദേഹം യാത്രയിലെ അനുഭവങ്ങളും ദൗത്യത്തിന്റെ പ്രധാനഭാഗങ്ങളും പ്രധാനമന്ത്രിയുമായി പങ്കുവയ്ക്കുകയും ചെയ്തു.

ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ, പ്രധാനമന്ത്രിയ്ക്ക് ശുഭാംശു മെമന്റോ സമ്മാനിക്കുകയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ ഭൂമിയുടെ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു. ദൗത്യത്തിനിടെ ഓർബിറ്റൽ ലാബിൽ കൊണ്ടുപോയ ദേശീയ പതാകയുമായി ഇരുവരും നിൽക്കുന്ന ചിത്രങ്ങൾ പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു.

ബഹിരാകാശ മേഖലയിലെ അനുഭവങ്ങൾ ശുഭാംശു ശുക്ല പങ്കുവച്ചതായും, ശാസ്ത്ര സാങ്കേതിക മേഖലയിലെ പുരോഗതിയെക്കുറിച്ചും ഗഗൻയാൻ ദൗത്യം ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്തതായും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ശുഭാംശുവിന്റെ നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദൗത്യത്തിനു ശേഷമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ഞായറാഴ്ച പുലർച്ചെയാണ് ശുഭാംശു ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്