'നല്ല ഭരണം വിജയിച്ചു. വികസനം വിജയിച്ചു'; ബീഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വൻ വിജയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ എൻഡിഎ നേടിയ വിജയം സദ് ഭരണത്തിന്റെയും വികസനത്തിന്റെയും സാമൂഹിക നീതിയുടെയുമാണെന്ന് അദ്ദേഹം പറഞ്ഞു. എൻഡിഎയ്ക്ക് വലിയ വിജയം നൽകിയതിന് അദ്ദേഹം ബിഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞു. എൻഡിഎ സഖ്യ നേതാക്കളെ അഭിനന്ദിക്കുകയും ചെയ്തു.
"നല്ല ഭരണം വിജയിച്ചു. വികസനം വിജയിച്ചു. ജനപക്ഷ മനോഭാവം വിജയിച്ചു. സാമൂഹിക നീതി വിജയിച്ചു. 2025 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയെ ചരിത്രപരവും സമാനതകളില്ലാത്തതുമായ വിജയം നൽകി അനുഗ്രഹിച്ചതിന് ബീഹാറിലെ ഓരോ വ്യക്തിക്കും നന്ദി. ജനങ്ങളെ സേവിക്കാനും ബീഹാറിനുവേണ്ടി പ്രവർത്തിക്കാനും ഈ ജനവിധി ഞങ്ങൾക്ക് പുതിയ ശക്തി നൽകുന്നു," അദ്ദേഹം എക്‌സിൽ കുറിച്ചു.
ബിഹാറിന്റെ സമഗ്ര വികസനം എൻഡിഎ ഉറപ്പാക്കിയിട്ടുണ്ടെന്നും ഭരണ സഖ്യത്തിന്റെ പ്രവർത്തന മികവും ബീഹാറിനെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിനുള്ള കാഴ്ചപ്പാടും ജനങ്ങൾക്ക് ബോധ്യമായതകൊണ്ടാണിത് സാധ്യമായെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.