കൊച്ചി: വിവാഹവാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ചുവെന്ന കേസിൽ റാപ്പർ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുംവരെയാണ് അറസ്റ്റ് തടഞ്ഞത്. വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി. വേടനെതിരെ മറ്റ് കേസുകളുണ്ടെങ്കില്‍ സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ഹൈക്കോടതി ചോദിച്ചു. ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ല. തെളിവുകള്‍ പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂ. ഇന്‍ഫ്ലുവന്‍സറാണോ അല്ലയോ എന്നതല്ല, വ്യക്തി എന്നതാണ് പ്രശ്നം. എല്ലാവരും അമര്‍ ചിത്രകഥ വായിച്ചാണ് വളര്‍ന്നത്. പുരാണ കഥകള്‍ പറയേണ്ടതില്ലെന്നും ഹൈക്കോടതി പറഞ്ഞു.
സാമൂഹ്യ മാധ്യമത്തിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരിയുടെ വാദമെന്ന് ഹൈക്കോടതി പറഞ്ഞു. മാധ്യമ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം കോടതിക്ക് തീരുമാനമെടുക്കാനാവില്ലെന്നും തെളിവുകള്‍ പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.