സംസ്ഥാനത്ത് 77% പോളിംഗ്; ഇനി വിധിദിനത്തിനായുള്ള കാത്തിരിപ്പ്
കേരളത്തിൽ നിയമസഭാ വോട്ടെടുപ്പ് ആവേശകരമായി പൂർത്തിയായി. നാലാഴ്ച നീണ്ട തീപാറുന്ന പ്രചാരണങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ മികച്ച പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 77% വോട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പായതിനാൽ 2021-ലേതിനേക്കാൾ വർദ്ധനവ് പോളിംഗിൽ പ്രകടമാണ്. കടുത്ത വേനൽച്ചൂടിനെ അവഗണിച്ചും വോട്ടിങ് അവസാനിക്കുന്ന സമയമായ 6 മണി കഴിഞ്ഞും പോളിംഗ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു.
ജില്ല തിരിച്ചുള്ള കണക്കുകളിൽ എറണാകുളവും കോഴിക്കോടുമാണ് മുന്നിട്ടുനിൽക്കുന്നത്. ഈ രണ്ട് ജില്ലകളിലും പോളിംഗ് ശതമാനം 80 കടന്നു. അതേസമയം പത്തനംതിട്ടയിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് (70.38%) രേഖപ്പെടുത്തിയത്. കേരളത്തേക്കാൾ ഉയർന്ന പോളിംഗ് ശതമാനമാണ് ഇന്ന് വോട്ടെടുപ്പ് നടന്ന അസമിലും (84.42%) പുതുച്ചേരിയിലും (86.92%) ദൃശ്യമായത്. ഇനി വോട്ടെണ്ണൽ നടക്കുന്ന മെയ് 4 വരെയുള്ള 25 ദിവസങ്ങൾ രാഷ്ട്രീയ മുന്നണികൾക്ക് വിജയപരാജയങ്ങൾ കണക്കുകൂട്ടാനുള്ള കാത്തിരിപ്പിന്റെ ദിനങ്ങളാണ്.
തിരഞ്ഞെടുപ്പിനിടെ വിവിധയിടങ്ങളിൽ സംഘർഷങ്ങളും അനിഷ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. നാദാപുരത്ത് മറ്റൊരാളുടെ ഐഡി കാർഡുമായി എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കള്ളവോട്ട് ആരോപിച്ചു പിടികൂടിയപ്പോൾ, കാസർകോട് തൃക്കരിപ്പൂരിൽ യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപ്പൊടി എറിഞ്ഞത് വലിയ പ്രതിഷേധത്തിന് കാരണമായി.