യുവതീ പ്രവേശന വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠര് രാജീവര്

Mar 22, 2026 - 13:21
 0  4
യുവതീ പ്രവേശന വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠര് രാജീവര്

ശബരിമല യുവതീ പ്രവേശനത്തിനുള്ള വിലക്ക് തുടരണമെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച രേഖാമൂലമുള്ള വാദത്തിൽ വ്യക്തമാക്കി തന്ത്രി കണ്ഠര് രാജീവര് . ദേവപ്രശ്നത്തിൽ യുവതീ പ്രവേശനത്തിന് വിലക്കുണ്ടെന്നാണ് തെളിഞ്ഞതെന്നും, അത് ദൈവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദേശമായി അംഗീകരിക്കണമെന്നുമാണ് തന്ത്രിയുടെ വാദം. ഈ കേസിലെ പ്രധാന കക്ഷിയായ തന്ത്രി യുവതീ പ്രവേശന വിലക്ക് തുടരണമെന്നാണ് വാദത്തിൽ വ്യക്തമാക്കുന്നത്.

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വാദങ്ങൾ സമർപ്പിക്കാൻ സുപ്രീം കോടതി നൽകിയ സമയം ഈ മാസം 23-ന് അവസാനിക്കാനിരിക്കെയാണ് തന്ത്രി നിലപാട് അറിയിച്ചത്. പന്തളം കൊട്ടാരവും എൻ.എസ്.എസും ആചാര സംരക്ഷണത്തിനായി ശക്തമായ നിലപാടാണ് കോടതിയിൽ സ്വീകരിച്ചിരിക്കുന്നത്. ആചാരങ്ങളിൽ അവസാന തീരുമാനം എടുക്കേണ്ടത് കോടതികളല്ലെന്നും ദീർഘകാലമായുള്ള വിശ്വാസങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പന്തളം കൊട്ടാരം നിർവാഹകസംഘം വാദിച്ചു.

അതേസമയം, ലിംഗസമത്വത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനും മുകളിലല്ല മതസ്വാതന്ത്ര്യമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് വാദിച്ചു. എന്നാൽ, യുവതീ പ്രവേശന വിഷയത്തിൽ വ്യക്തമായ നിലപാട് വെളിപ്പെടുത്താതെയാണ് സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.