ഓഫീസ് ഒഴിയണമെന്ന് കൗണ്‍സിലര്‍ ആർ ശ്രീലേഖ; വഴങ്ങാതെ വികെ പ്രശാന്ത് എംഎൽഎ

Dec 28, 2025 - 10:06
 0  4
ഓഫീസ് ഒഴിയണമെന്ന്  കൗണ്‍സിലര്‍  ആർ ശ്രീലേഖ; വഴങ്ങാതെ വികെ പ്രശാന്ത് എംഎൽഎ

തിരുവനന്തപുരം ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലർ ആര്‍ ശ്രീലേഖയുടെ നിർദേശത്തിനെതിരെ വി കെ പ്രശാന്ത്. ആര്‍ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയാണെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം കോർപ്പറേഷൻ ആവശ്യപ്പെട്ടാൽ ഓഫീസ് ഒഴിയുമെന്ന് വികെ പ്രശാന്ത് പറഞ്ഞു.

വാടക കൊടുത്താണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് 31 വരെ കരാര്‍ കാലവധിയുണ്ട്. കൊട്ടിടം ഒഴിയാന്‍ നോട്ടീസ് നല്‍കേണ്ടത് സെക്രട്ടറിയാണെന്ന് പറഞ്ഞ വി കെ പ്രശാന്ത്, ശ്രീലേഖയ്ക്ക് പിന്നില്‍ ആളുകളുണ്ടെന്നും വി കെ പ്രശാന്ത് ആരോപിക്കുന്നു. പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം വിമർശിച്ചു. കരാർ കാലാവധി തീരാതെ ഒഴിയില്ലെന്നും വി കെ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

എംഎൽഎ വി.കെ. പ്രശാന്തിനോട് ഒരു സഹോദരനോടെന്ന പോലെ ഓഫീസ് മാറിത്തരാൻ അഭ്യർത്ഥിക്കുകയാണ് ചെയ്തതെന്നും എന്നാൽ പറ്റുമെങ്കിൽ ഒഴിപ്പിച്ചോ എന്ന വെല്ലുവിളിയാണ് അദ്ദേഹത്തിൽ നിന്ന് ഉണ്ടായതെന്നും ശ്രീലേഖ പറഞ്ഞു. എംഎൽഎയെ നേരിൽ കണ്ട ശേഷമാണ് കൗൺസിലർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം  വി.കെ. പ്രശാന്ത് തനിക്ക് സഹോദരതുല്യനാണെന്നും കൗൺസിലർ എന്ന നിലയിൽ ജനങ്ങളെ കാണാൻ സൗകര്യപ്രദമായ ഒരിടം ഇല്ലാത്തതിനാലാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചതെന്നും അവർ വിശദീകരിച്ചു.
 നിലവിൽ മുൻ കൗൺസിലർ ഉപയോഗിച്ചിരുന്ന മുറി തികച്ചും അസൗകര്യമുള്ളതാണ്. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നത് മുൻ ഭരണസമിതി നൽകിയ സഹായം മൂലമാണ്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ മാറാൻ കഴിയില്ലെന്ന് എംഎൽഎ പറഞ്ഞപ്പോൾ തനിക്ക് അഞ്ച് വർഷം പ്രവർത്തിക്കേണ്ടതാണെന്നും അതുകൊണ്ട് പതുക്കെയാണെങ്കിലും ഓഫീസ് മാറി നൽകണമെന്നും താൻ യാചന സ്വരത്തിൽ ആവശ്യപ്പെട്ടുവെന്നുമാണ് ശ്രീലേഖയുടെ പ്രതികരണം.