അപവാദ പ്രചാരണം: മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി ഷൈൻ ടീച്ചർ ; പിന്നിൽ കോൺഗ്രസെന്ന് സിപിഎം

നവ മാധ്യമങ്ങളിലെ അപവാദ പ്രചാരണങ്ങൾക്കെതിരെ എറണാകുളം ലോക്സഭാ മണ്ഡലത്തിലെ മുൻ എല്‍ഡിഎഫ് സ്ഥാനാർത്ഥിയും സിപിഎം നേതാവും അധ്യാപികയുമായ കെജെ ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും , സംസ്ഥാന പൊലീസ് മേധാവിക്കും വനിതാ കമ്മിഷനും പരാതി നൽകി. തന്നെയും ജീവിത പങ്കാളിയെയും തേജോവധം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് ഷൈൻ ടീച്ചർ പരാതിയിൽ പറയുന്നു.
സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാൻ ഇതിനു പിന്നിൽ പ്രവർത്തിച്ചവർ തയാറാവണമെന്നും കെ ജെ ഷൈൻ ഫേസ് ബുക് കുറിപ്പിൽ പറഞ്ഞിരുന്നു.
ഷൈൻറെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സ്ത്രീവിരുദ്ധതയുടെ ജീർണ്ണിച്ച രാഷ്ട്രീയത്തെ കേരള സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യും.
പൊതു പ്രവർത്തക എന്ന നിലയിൽ കോളേജ് കാലഘട്ടം മുതൽ പ്രവർത്തിച്ചു വരുന്ന വ്യക്തിയാണ് ഞാൻ. കേരള സമൂഹം എന്നെ കൂടുതലായി അറിയാൻ തുടങ്ങിയത് കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പ് മുതലാണ്.
രാഷ്ട്രീയ പ്രവര്‍ത്തക, ജനപ്രതിനിധി, അദ്ധ്യാപക സംഘടനാ നേതാവ് എന്നീ തലങ്ങളില്‍ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എന്നെക്കുറിച്ചും എൻ്റെ ജീവിത പങ്കാളിയെക്കുറിച്ചും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, വ്യക്തിപരമായും കുടുംബപരമായും തോജോവധം ചെയ്യുന്ന തരത്തിൽ വ്യപകമായി വ്യാജ കുപ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. ഇന്ന് ഒരു പത്രവും ഈ വ്യാജ വലതുപക്ഷ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്.
അതേസമയം ഷൈൻ ടീച്ചർക്ക് എതിരായ ആരോപണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് സിപിഎം. പറയുന്നു
നടക്കുന്നത് ആസൂത്രിതമായനീക്കമാണെന്നും രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ മറക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് പറഞ്ഞു. സി.പി.എമ്മിനെയും സിപിഎമ്മിന്റെ ജനപ്രതിനിധികളെയും നേതാക്കളെയും കരിവാരിത്തേക്കാം എന്ന സമീപനവുമായാണ് ഇപ്പോഴുള്ള പ്രചാര വേലകൾ നടക്കുന്നത്.വാലും തലയും ഇല്ലാത്ത കുറച്ച് കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുക.എന്തും വിളിച്ചു പറയാൻ നാക്കിനെല്ലില്ലാത്ത ചിലർ വിഡിയോ ചെയ്തിട്ട് സിപിഎമ്മിന്റ എംഎൽഎ മാരിൽ ഒരാൾ എന്നൊക്കെ തെറ്റായ കാര്യങ്ങൾ വീഡിയോയിലൂടെ ആധികാരികമായി പറയുകയാണ്. ക്രൂരവും തെറ്റായ രീതിയുമാണിത്.ആരോപണങ്ങളെ നിയമപരമായും രാഷ്ട്രീയപരവുമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഇതേസമയം കെ ജെ ഷൈനെതിരായ സൈബർ ആക്രമണ പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഷൈന്റെ പരാതിയിൽ ആലുവ സൈബർ പോലീസ് ആണ് കേസെടുത്തത്. അപകീർത്തികരമായ വാർത്ത നൽകിയ ഓൺലൈൻ ചാനലിനും പത്രത്തിനുമെതിരെയാണ് കേസെടുത്തത്. അഞ്ച് കോൺഗ്രസ് അനുകൂല പോർട്ടലുകൾക്കെതിരെയും കേസ് എടുത്തു.