മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് കുമാര്‍ ; സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രി
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ചൊവ്വാഴ്ച അവസാനത്തെ മന്ത്രിസഭാ യോഗത്തിനുശേഷം ലോക്ഭവനിലെത്തി ജെഡിയു നേതാവ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. പുതിയ സര്‍ക്കാരിന് പൂര്‍ണ സഹകരണവും ഉറപ്പുനല്‍കി. നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രിയാകും.
ചൊവ്വാഴ്ച വൈകീട്ട് എന്‍ഡിഎ യോഗത്തിന് ശേഷമാണ് പുതിയ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബുധനാഴ്ച വൈകീട്ട് സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. ചരിത്രത്തിലാദ്യമായി ബിജെപി ബിഹാറിലെ മുഖ്യമന്ത്രി കസേരയിലേക്കെത്തുകയാണ്
ബിഹാറില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയെന്ന പേരോടുകൂടി നിതീഷ് കുമാര്‍ യുഗം അവസാനിച്ചു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ഭരണഘടനാപരമായ നിബന്ധനകള്‍ പാലിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിഹാര്‍ ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ (എംഎല്‍സി) നിന്ന് രാജിവച്ചു മാര്‍ച്ച് അവസാനം രാജിവെച്ചിരുന്നു. മാര്‍ച്ച് 16നാണ് നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പത്താംതവണ മുഖ്യമന്ത്രി കസേരയിലെത്തി നാലു മാസത്തിനു ശേഷമായിരുന്നു നിതീഷ് കുമാറിന്റെ രാജി.
ഒബിസി വിഭാഗത്തില്‍നിന്നുള്ള സാമ്രാട്ട് ചൗധരി ബിഹാറില്‍ പുതിയ മുഖ്യമന്ത്രിയാകുമെന്ന് നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു.