അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ 78-ാം ജന്മദിനത്തോടനുബന്ധിച്ച് തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് ശക്തമായ തിരിച്ചുവരവ് പ്രഖ്യാപിച്ച് വി കെ ശശികല. 'നല്ല വാർത്ത' വരുമെന്ന തന്റെ മുൻപത്തെ പ്രഖ്യാപനത്തിന് പിന്നാലെ ചൊവ്വാഴ്ചയാണ് ശശികല പുതിയ ദ്രാവിഡ പാർട്ടി പ്രഖ്യാപിച്ചത്. പാർട്ടിയുടെ പേര് ഉടൻ വെളിപ്പെടുത്തുമെന്നും തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്നും അവർ വ്യക്തമാക്കി.
കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള പാർട്ടിയുടെ പതാക ശശികല പുറത്തിറക്കി. പതാകയിൽ അണ്ണാദുരൈ, എംജിആർ, ജയലളിത എന്നിവരുടെ ചിത്രങ്ങളാണുള്ളത്. അണ്ണാ, എംജിആർ, അമ്മ (ജയലളിത) എന്നിവർ കാണിച്ചുതന്ന പാതയിലൂടെ പാർട്ടി സഞ്ചരിക്കുമെന്ന് അവർ പറഞ്ഞു. സാധാരണക്കാർക്കും പാവപ്പെട്ടവർക്കുമായി പ്രവർത്തിക്കാനും 'ശത്രുക്കളെയും വഞ്ചകരെയും' വേരോടെ പിഴുതെറിയാനുമാണ് പുതിയ പാർട്ടിയെന്നും അവർ കൂട്ടിച്ചേർത്തു.