രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തു
ചണ്ഡീഗഢ്: ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്‌ച നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്‌തു. ജിന്ദിനും സോണിപത്തിനും ഇടയിലാണ് ഈ പരിസ്ഥിതി സൗഹൃദ ട്രെയിൻ സർവിസ് നടത്തുന്നത്. ഇതോടെ, ഹൈഡ്രജൻ അധിഷ്‌ഠിത ട്രെയിനുകൾ വിജയകരമായി സർവീസ് നടത്തുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബിലേക്ക് ഇന്ത്യയും ഔദ്യോഗികമായി ചുവടുവെച്ചു.
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലാണിതെന്നും ആത്മനിർഭർ ഭാരത് പദ്ധിയുടെയും സുസ്ഥിര വികസനത്തിൻ്റെയും ഉത്തമ ഉദാഹരണമാണിതെന്നും ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം ശേഷം പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
സർവീസ് വിവരങ്ങളും യാത്രാ സമയവും ജിന്ദിൽ നിന്നും സോണിപത്തിലേക്കുള്ള 89 കിലോമീറ്റർ ദൂരം രണ്ട് മണിക്കൂർ കൊണ്ടാണ് ഈ ഹൈഡ്രജൻ ട്രെയിൻ പിന്നിടുന്നത്. യാത്രക്കാർക്കായി 12 ഇൻ്റർമീഡിയറ്റ് സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. സ്‌കൂൾ കുട്ടികളടക്കം നിരവധി യാത്രക്കാരുമായി പുറപ്പെട്ട ട്രെയിനിനെ കൈവീശിയാണ് പ്രധാനമന്ത്രി യാത്രയാക്കിയത്.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് , ഹരിയാന ഗവർണർ ആശിം കുമാർ ഘോഷ്, മുഖ്യമന്ത്രി നായബ് സിംഗ് സൈനി എന്നിവരുൾപ്പെടെ പ്രമുഖ നേതാക്കളും ഉദ്യോഗസ്ഥരും ജിന്ദ് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
പൂർണമായും ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് ഈ ട്രെയിനിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കി