അമ്മ: കഥ

Feb 24, 2026 - 20:10
 0  11
അമ്മ: കഥ
 പ്രശാന്ത് പഴയിടം
ൽഹിയിലെ തിരക്കുകളിൽ നിന്ന് ഒരല്പം മോചനം തേടി, അവധിക്കാലത്ത് നാട്ടിലേക്ക് പോകുവാൻ ഒരുങ്ങുകയാണ് രമ്യ.
നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ആവശ്യവസ്തുക്കൾ വാങ്ങുവാൻ, അവൾ ചാന്ദ്നി ചൗക്കിലെത്തി.നാട്ടിലേക്ക്  ഓരോ സാധനം വാങ്ങുമ്പോഴും ,അത് കൈപ്പറ്റുന്ന അമ്മയുടെ സന്തോഷമാണ് മനസ്സിൽ. 
അവധി ദിവസങ്ങളിൽ ചന്ത തിരക്കാണ്, വസ്ത്രങ്ങളുടെയും ചെരിപ്പുകളുടെയും ഒരു കേന്ദ്രമാണ് ചാന്ദ്നി ചൗക്ക്.
ഈ പ്രാവിശ്യം സാധനങ്ങളുടെ പട്ടികക്ക്  അല്പം നീളം കൂടുതൽ ആണ് .കാരണം ഇക്കുറി നാട്ടിലേക്കുള്ള യാത്രയ്ക്ക് മറ്റൊരു കാരണവും ഉണ്ട് ,
രമ്യയുടെ വിവാഹനിശ്ചയം.
രമ്യ ഒരു കടയിൽ നിൽക്കുമ്പോൾ ഒരു പിഞ്ചുകുഞ്ഞ്, ഏകദേശം മൂന്നു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി.
കരഞ്ഞുകൊണ്ട് രമ്യയുടെ ഉടുപ്പിൽ പിടിച്ചു വലിച്ചു.
അവളുടെ നിഷ്കളങ്കമായ കണ്ണുകളിൽ ഭയം നിറഞ്ഞിരുന്നു. അവൾ രമ്യയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ കരയുന്നു . രമ്യ കുട്ടിയോട് മാതാപിതാക്കളെ ചോദിച്ചെങ്കിലും ,മറുപടിയായി കരച്ചിൽ മാത്രമായിരുന്നു .  അവൾക്ക് അതിനുള്ള തിരിച്ചറിവെ ആയിട്ടുള്ളു. ഭയവും വിശപ്പും കാരണം കുഞ്ഞ് തളർന്നിരുന്നു. രമ്യ അവളെ ചേർത്തുപിടിച്ചു തെരുവുകളിലൂടെ നടന്നു.
പക്ഷേ അവളുടെ മാതാപിതാക്കളെ കണ്ടെത്താനായില്ല. അവളെ സുരക്ഷിതമായ കൈകളിൽ ഏല്പിക്കണം. 
“ഇവിടെ ആരെങ്കിലും ഈ കുഞ്ഞിനെ ഉപേക്ഷിച്ചുപോയതാകുമോ?”എന്ന ചിന്ത രമ്യയുടെ ഭയം വർദ്ധിച്ചു ഉടനെ പോലീസിനെ വിളിച്ചു.കുഞ്ഞിനെ കൈമാറുമ്പോൾ പോലും അവളുടെ പിഞ്ചുകൈ രമ്യയുടെ വിരലുകളിൽ മുറുക്കെ പിടിച്ചിരുന്നു അവൾ വിട്ടുപോകാൻ മടിച്ചു.രമ്യയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ കൈകൾ നീട്ടി അവൾ കരഞ്ഞു. പോലീസ് കുഞ്ഞിനെയും കൊണ്ട് പെട്ടന്ന് അവിടെനിന്ന് പോവുകയും ചെയ്തു. 
ഡൽഹിയിൽ നിന്ന് നാട്ടിലേക്കുള്ള ട്രെയിൻ യാത്രയിലുട നീളം രമ്യയുടെ മനസ്സിൽ കുഞ്ഞിന്റെ നിഷ്കളങ്ക മുഖം ഏറെ ദുഖത്തിലാഴ്ത്തി. 
നാട്ടിലെത്തി തിരക്കുകളിലേക്ക് മാറിയെങ്കിലും കുഞ്ഞു സുരക്ഷിതമായി അവളുടെ മാതാപിതാക്കളുടെ കൈകളിൽ എത്തിയോ എന്നതായിരുന്നു രമ്യയുടെ ചിന്തയും, പ്രാർത്ഥനയും. 
ദിവസങ്ങൾക്ക് ശേഷം രമ്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു.വരൻ പേർഷ്യയിൽ ജോലി ചെയ്യുന്നവനായതിനാൽ അവധി കുറവാണ് , ഉടനെ തിരിച്ച് പോകണം. അതുകൊണ്ട് ദിവസങ്ങൾക്കുള്ളിൽ കല്യാണവും കഴിഞ്ഞു.കല്യാണശേഷം ഭർത്തൃവീട്ടുകാർക്ക് രമ്യ ഡൽഹിയിൽ തുടരുന്നത് ഇഷ്ടമായിരുന്നില്ല.ഉടൻ ജോലി ഉപേക്ഷിച്ച് തിരിച്ചുവരാമെന്ന് ഉറപ്പുനൽകി രമ്യ വീണ്ടും ഡൽഹിയിലേക്ക് പുറപ്പെട്ടു.
അവിടെ എത്തിയതുമാത്രം അവൾ ആദ്യം തിരക്കിയത് കുഞ്ഞ് സുരക്ഷിതമായി മാതാപിതാക്കളുടെ കയ്യിൽ എത്തിയോ എന്നതായിരുന്നു. 
 പക്ഷെ പോലീസ് സ്റ്റേഷനിൽ നിന്ന് അറിയാൻ സാധിച്ചു, കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ സാധിച്ചില്ല. കുഞ്ഞ് ഇപ്പോൾ ഒരു അനാഥാലയത്തിലാണെന്ന്.
അനാഥാലയത്തിലെത്തിയപ്പോൾ തന്നെഅവിടെനിന്നുള്ളവർ രമ്യയെ തിരിച്ചറിഞ്ഞു.കാരണം കുട്ടിയെ രക്ഷിച്ച നേഴ്സിന്റെ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. അവർ രമ്യക്ക് അരികിലേക്ക് കുഞ്ഞിനെ കൊണ്ടുവന്നു 
വെള്ള ഉടുപ്പിട്ട ഒരു കുഞ്ഞുമാലാഖ. അവൾ ആര്യോഗ്യവതിയാണ് 
കുഞ്ഞിന് അവിടെ നല്ല പരിചരണം കിട്ടുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ
രമ്യക്ക് ആശ്വാസമായി. 
അനാഥാലയത്തിലെ അധികൃതർ കുട്ടിക്ക് ഒരു പേര് നൽകാൻ രമ്യയോട് ആവശ്യപ്പെട്ടു.  അവർ പറഞ്ഞു അതിനുള്ള അവകാശം ഇപ്പോൾ രമ്യക്ക് തന്നെയാണ്. 
രമ്യ ഒരു നിമിഷം ആ കുഞ്ഞിനെ നോക്കി.പ്രതിസന്ധികൾ കടന്നുവന്ന വന്ന അവളെ “വിജയശ്രീ” എന്ന് നാമകരണം ചെയ്തു. 
അന്നുമുതൽ അവിടെ രമ്യയുടെ സന്ദർശനം പതിവായി.
കൈ നിറയെ സമ്മാനങ്ങളും ഹൃദയം നിറയെ സ്നേഹവുമായി രമ്യ അനാഥാലയത്തിലെ നിത്യ സന്ദർശകയായി. 
ദിവസങ്ങൾ കഴിയുന്തോറും അവൾ കുഞ്ഞു മായി കൂടുതൽ അടുത്തു. 
പക്ഷേ പെട്ടന്നായിരുന്നു രമ്യയുടെ ഭർത്താവ് പേർഷ്യയിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വ്യവസായം തുടങ്ങി.ഏറെ വിഷമത്തോടെ രമ്യ കേരളത്തിലേക്ക് താമസം മാറി.എങ്കിലും അവധിക്കാലങ്ങളിൽ
ഡൽഹിയിൽ വിജയശ്രീയെ കാണാൻ ഭർത്താവുമൊത്ത് എത്തും.
വർഷങ്ങൾ കടന്നുപോയി 
ഒരിക്കൽ രമ്യ വീണ്ടും ഡൽഹിയിലേക്ക് പോകുവാൻ ആഗ്രഹം പ്രകടിപ്പിച്ചു. 
പക്ഷേ ഭർത്താവിന് ബിസിനസ് ആവശ്യമായി പുറത്തുപോകേണ്ടത് ഉണ്ടായിരുന്നു. 
അതുകൊണ്ട് അവൾക്ക് പോകാനായില്ല. തന്റെ വയറ്റിൽ പിറന്നില്ല എങ്കിലും വിജയശ്രീ രമ്യക്ക് മകൾ തന്നെയായിരുന്നു. 
ദിവസങ്ങൾക്കുശേഷം ഭർത്താവ് തിരിച്ചെത്തി 
അല്പനേരത്തിന് ശേഷം പെട്ടന്ന് ഒരാൾ മുന്നിലേക്ക് വന്നു.
  “വിജയശ്രീ ” രമ്യക്ക് വിശ്വസിക്കാനായില്ല.
അവൾ വിജയശ്രീയെ ചേർത്തുപിടിച്ച് കരഞ്ഞു.
ഭർത്താവ് പറഞ്ഞു. “രമ്യ ഇനി നീ ഡൽഹിക്ക് പോകണ്ട
ഇനി ഇവൾ എന്നും നമ്മുടെ കൂടെ ഉണ്ടാകും നമ്മുടെ മകളായ് ”.
അദ്ദേഹം രമ്യയേയും മകളെയും ചേർത്ത് പിടിച്ചു. 
വർഷങ്ങൾ പിന്നെയും കടന്നുപോയി 
വിജയശ്രീക്ക് ഇരുപത് വയസ്സായി. ഉയർന്ന പഠനത്തിനായി നഗരത്തിലാണ് താമസം.
ഒരു അവധി ദിവസം 
രാവിലെ  സുഹൃത്ത് വന്ന് വിജയശ്രീയുടെ വാതിൽ തട്ടി.
“ടീവി ഓൺ ചെയ്യ്…”
സ്ക്രീനിൽ ഒരു സർക്കാർ ഓഫീസിൽ ഒരു കാരണവുമില്ലാതെ ബഹളം വയ്ക്കുന്ന അവളുടെ അമ്മ—രമ്യ.
ഉടനെ വിജയശ്രീ വീട്ടിലെത്തി.
രമ്യ :
“എന്താ മോളെ, പെട്ടെന്ന് വന്നത്? നിനക്ക് പരീക്ഷ അടുത്തില്ലേ?”
അച്ഛൻ 
“ഇന്നലെ അമ്മക്ക് ഒരു മറവി … ഇടക്ക് അങ്ങനെയാ, പ്രായമായിലേ? . അത്ര കുഴപ്പമില്ല മോളെ, ചെറിയ ഒരു മറവി അത്രയെ ഒള്ളു. 
വിജയശ്രീ :
“പരീക്ഷ നാളെ അല്ലേ അച്ഛാ? അത് ഞാൻ എഴുതിക്കോളാം.
ഇന്ന് ഞാൻ എന്റെ അമ്മയുടെ കൂടെ നിൽക്കട്ടെ.”
അടുത്ത ദിവസം രാവിലെ,  അവൾ അമ്മയുടെ അടുത്തേക്ക് ചെന്നു.
അമ്മ ഏതോ യാത്രയ്ക്ക് ഒരുങ്ങുന്ന പോലെ,
കയ്യിൽ ഒരു ചെറുബാഗുമായി നിൽക്കുകയായിരുന്നു.
വിജയശ്രീ:
“അമ്മേ… രാവിലെ തന്നെ എവിടേക്കാണ്?”
രമ്യ:
“ഞാൻ പോകുവാണ്… ഡൽഹിക്ക്.
എന്റെ വിജയ്മോളെ കാണുവാൻ.”
വിജയശ്രീയുടെ ഹൃദയം നിശ്ചലമായി അവൾ അച്ഛനെ നോക്കി. 
വിജയശ്രീ,
“അമ്മേ… ഞാനല്ലേ അമ്മയുടെ വിജയ്മോള്?”
രമ്യ :
നീ വരുന്നോ?
വിജയ്മോൾക്ക്‌ അലുവ വാങ്ങണം.
വായോ… പെട്ടന്ന് പോകണം.”
വിജയശ്രീയുടെ കണ്ണുകൾ നിറഞ്ഞു  അവൾ പൊട്ടി കരഞ്ഞു. വാക്കുകളില്ലാതെ കണ്ണു കലങ്ങി നിന്ന അച്ഛനെ നോക്കി വിജയ്ശ്രീ 
“അച്ഛാ എന്തായിത് എന്തെങ്കിലും പറയു എന്താ എന്റെ അമ്മക്ക് പറ്റിയത്. ”
ഒന്നും മിണ്ടാനാകാതെ അദ്ദേഹം തലകുനിച്ചു.
വിജയ് ശ്രീ അമ്മയെ നോക്കി : 
“അമ്മേ… എന്തൊക്കെയാ പറയുന്നത്?
ഞാനല്ലേ അമ്മയുടെ വിജയ്മോള്…”
വിജയശ്രീ :
“അച്ഛാ… എന്തെങ്കിലും പറയൂ.
എന്താണ് അമ്മയ്ക്ക് പറ്റിയത്?”
അച്ഛൻ (വാക്കുകൾ ഇടറി):
“മോളെ… അമ്മക്ക് മറവി രോഗമാണ്.
നിന്റെ പഠനത്തെ ബാധിക്കരുതെന്ന് കരുതി
ഇത് ഞങ്ങൾ നിന്നോട് പറഞ്ഞില്ല.”
വിജയശ്രീ കരഞ്ഞുകൊണ്ട് അമ്മയുടെ അരികിൽ ഇരുന്നു.
അച്ഛൻ :
മോളെ… പോയി പരീക്ഷ എഴുതൂ.
വിഷമിക്കണ്ട.
നീ തിരിച്ചു വരുമ്പോൾ അമ്മ സുഖം പ്രാപിച്ചിട്ടുണ്ടാകും.”
അച്ഛൻ പറഞ്ഞെങ്കിലും വിജയശ്രീ പോകുവാൻ തയ്യാറായില്ല.
അച്ഛൻ :
മോളെ, അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമാണ്
നിന്റെ വിജയം, നീ പോയി പരീക്ഷ എഴുതു.
കരഞ്ഞുകൊണ്ട് മനസ്സില്ലാതെ 
വിജയശ്രീ പരീക്ഷയ്ക്ക് പോയി.
ദിവസങ്ങൾ കടന്നുപോയി 
ഇടക്ക് ഓർമ്മ വിട്ടുപോകുന്നുണ്ടെങ്കിലും
രമ്യ സുഖം പ്രാപിച്ചു തുടങ്ങി. 
പരീക്ഷ ഫലം വന്നു.വിജയശ്രീ റാങ്കോടെ വിജയിച്ചു.
അവൾ ഓടിക്കിതച്ച് സന്തോഷ വാർത്ത അറിയിക്കാൻ അമ്മയുടെ അടുത്തെത്തി.
വീടിന്റെ ഒരു കോണിൽ,അച്ഛന്റെ കൈ പിടിച്ച്
ഒന്നും മിണ്ടാതെ നിൽക്കുകയായിരുന്നു അമ്മ. 
വിജയശ്രീയെ കണ്ടതുംഅമ്മ വിജയ്ശ്രീയുടെ കൈ പിടിച്ചു ചോദിച്ചു:
“മോളെ…
നിനക്കെന്റെ പേര് അറിയുമോ?
ഞാൻ ആരാണ്?
ഞാൻ എന്താണ് ഇവിടെ?”
വിജയശ്രീയുടെ നെഞ്ച് പൊട്ടി, അവൾ ഉറക്കെ കരഞ്ഞു. 
അച്ഛൻ ഒന്നും മിണ്ടാതെ കലങ്ങിയ കണ്ണുമായി വിജയശ്രീയെ ചേർത്തുപിടിച്ചു.
പിന്നീട് അവളുടെ കയ്യിൽ ഒരു കത്ത് നൽകി.
വിജയശ്രീ കത്ത് തുറന്നു.
“മോളെ, നിനക്ക് റാങ്ക് കിട്ടിയെന്ന് എനിക്കറിയാം.
നീ അതുമായി വരുമ്പോൾ ഒരുപക്ഷേ അമ്മ സ്വന്തം പേരുപോലും മറന്നിരിക്കാം.നീ വിഷമിക്കരുത്.
നിന്റെ വിജയം അമ്മ ഇതിനകം ആഘോഷിച്ചു കഴിഞ്ഞു.
അലമാര തുറക്കണം.ആദ്യത്തെ കള്ളിയിൽ
അമ്മ നിനക്കായി ഒരു സമ്മാനം കരുതി വച്ചിട്ടുണ്ട് ”
വിജയശ്രീ കണ്ണുനീരോടെ
ആദ്യ കള്ളി വലിച്ചു.
അവിടെ ഒരു സ്വർണ്ണമോതിരം.
തുടർന്ന് കത്തിൽ :- 
“അത് അച്ഛനോട് നിന്റെ കയ്യിൽ അണിയിച്ചു നൽകാൻ പറയണം.  അതുപോലെ അച്ഛനോട്‌ പരിഭവം കാണിക്കരുത് ഞാൻ പറഞ്ഞതുകൊണ്ടാണ് അച്ഛൻ നിന്നോട് ഒന്നും അറിയിക്കാതെ ഇരുന്നത്. 
വിജയശ്രീ അച്ഛന്റെ അടുത്തേക്ക് ചെന്നു.
അച്ഛൻ വിറയുന്ന കൈകളോടെ
ആ മോതിരം അവളുടെ വിരലിൽ അണിയിച്ചു. എന്നിട്ട് അമ്മയെയും മകളെയും ചേർത്ത് പിടിച്ച് ഉറക്കെ കരഞ്ഞു. 
അച്ഛൻ നിറകണ്ണുകളോടെ :-
“മോളെ… നീ ഇത്‌ കൂടി കാണണം.”
അലമാരയുടെ ഓരോ കള്ളിയും തുറന്നു.
ഒന്നിൽ — വിജയശ്രീയ്ക്കുള്ള വിവാഹസാരി.
അടുത്തതിൽ — ആഭരണങ്ങൾ.
മറ്റൊന്നിൽ — വീടും സ്ഥലവും വാങ്ങിയതിന്റെ ആധാരം.
പിന്നെയും — ആഭരണങ്ങൾ…
വിജയശ്രീയുടെ മക്കൾക്കായി പോലും
അമ്മ കരുതിവച്ചിരുന്നു. 
വിജയശ്രീക്ക് കണ്ണുനീർ തടയാനായില്ല,
അവൾ ഉറക്കെ നിലവിളിച്ചു, അവിടെ കണ്ണീർകടലായി :
“അമ്മേ…
ഇതൊന്നുമല്ല എനിക്കെന്റെ അമ്മയല്ലേ വേണ്ടത്!
ഡൽഹിയിലെ തെരുവിൽ ആരോ ഉപേക്ഷിച്ച എന്നെ
എന്റെ സ്വന്തം അമ്മയായി എനിക്ക്‌ 
താങ്ങും തണലുമായില്ലേ ”
അവൾ കരഞ്ഞു തളർന്നു.
അമ്മയ്ക്കായി കിട്ടാവുന്ന എല്ലാ വൈദ്യസഹായങ്ങളും
വിജയശ്രീ ഒരുക്കി. മാസങ്ങൾ കഴിഞ്ഞു 
അമ്മക്ക് ചെറിയ തിരിച്ചറിവുകൾ വന്നു തുടങ്ങി.  
വർഷങ്ങൾക്കു ശേഷം ഒരിക്കൽ 
അവർ ഡൽഹിയിലെ അനാഥാലയത്തിലെത്തിൽ 
നിറയെ സമ്മാനപ്പൊതികളുമായി.
വിജയശ്രീയും ഭർത്താവും,
അച്ഛനും മക്കളും,
വീൽചെയറിൽ അമ്മയും.
അനാഥാലയത്തിലെത്തിയതും 
അമ്മ വീൽചെയറിൽ നിന്ന് എഴുന്നേറ്റ്
കുഞ്ഞുങ്ങളെ ചേർത്തുപിടിച്ചു, അവരോടൊപ്പം ചേർന്ന് നിൽക്കുമ്പോൾ രമ്യ അവരുടെ ഓരോ മുഖത്തിലും 
തന്റെ വിജയ്മോളെയെ കണ്ടു.
പെട്ടെന്ന് രമ്യ വിളിച്ചു:
“വിജയ്മോളെ…”
വിജയശ്രീ ഓടിവന്നു.
വർഷങ്ങൾക്കുശേഷം
അമ്മ അവളെ തിരിച്ചറിഞ്ഞു.
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അവൾ അമ്മയെ ചേർത്തുപിടിച്ച് കരഞ്ഞു.
അവിടെ ഉണ്ടായിരുന്നവരുടെ കണ്ണുകളെ അവരുടെ സ്നേഹം ഈറനണിയിച്ചു.
അമ്മയും മക്കളും
സന്തോഷത്തോടെ അവിടുന്ന് യാത്ര പറഞ്ഞു.