കൊട്ടിക്കയറി ആവേശം: നാടും നഗരവും ഇളക്കിയ പരസ്യ പ്രചാരണം അവസാനിച്ചു; ഇനി നിശബ്‌ദപ്രചാരണം

Apr 7, 2026 - 15:15
 0  8
കൊട്ടിക്കയറി  ആവേശം: നാടും നഗരവും ഇളക്കിയ  പരസ്യ പ്രചാരണം അവസാനിച്ചു;  ഇനി നിശബ്‌ദപ്രചാരണം

തിരുവനന്തപുരം; നാടിനെ  ഇളക്കിമറിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശം. 20 ദിവസത്തിലധികം നീണ്ടുനിന്ന പരസ്യ പ്രചാരണത്തിനാണ് ആവേശകരമായ അവസാന ലാപ്പ് പ്രചാരണത്തോടെ അവസാനമായത്. ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ശബ്ദ പ്രചാരണത്തിനുള്ള സമയം അവസാനിച്ചത്. ഇനി നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകളാണ്. വ്യാഴാഴ്ചയാണ് കേരളത്തിൽ തെരഞ്ഞെടുപ്പ്.

സ്ഥാനാർഥികളും പ്രവർത്തകും ഒരു പോലെ കൊട്ടിക്കലാശത്തിൽ പങ്കാളികളായി.  കൊട്ടിക്കലാശം വര്‍ണാഭമാക്കാന്‍ വിവിധ മുന്നണികള്‍ വാശിയോടെ മത്സരിക്കുന്ന രംഗങ്ങള്‍ക്കാണ് സംസ്ഥാനത്തിന്റെ വിവിധ മണ്ഡലങ്ങള്‍ സാക്ഷിയായത്.

പരസ്യ പ്രചാരണ സമാപനത്തിന് നേതാക്കളും പ്രവര്‍ത്തകരും ഒഴുകിയെത്തി. മുന്നണികള്‍ സംഘടിപ്പിച്ച റോഡ് ഷോയിലും റാലിയിലും സ്ഥാനാര്‍ഥികളും നേതാക്കളും പങ്കെടുത്തു. പലയിടത്തും ബാന്‍ഡ്, ചെണ്ടമേളവും, നൃത്തങ്ങളും, പുലിക്കളിയും മറ്റും അരങ്ങേറി. നിശ്ചല ദൃശ്യങ്ങളും കലാശക്കൊട്ടിന് നിറം പകര്‍ന്നു. മുദ്രാവാക്യം വിളികള്‍, അനൗണ്‍സ്‌മെന്റുകള്‍, പ്രസംഗങ്ങള്‍, പ്രകടനങ്ങള്‍, റാലികള്‍ എന്നിവക്കെല്ലാമാണ് ഇന്ന് വൈകിട്ട് ആറോടെ സമാപനം കുറിച്ചത്.

രണ്ട് രാത്രിയും ഒരു പകലും ഇനി നിശ്ശബ്ദ പ്രചാരണത്തിനുള്ളതാണ്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് സംസ്ഥാനത്ത് നിലവിലുള്ള സര്‍ക്കാര്‍ തുടരണോ, മറ്റൊരു മുന്നണി അധികാരത്തില്‍ വരണോ എന്ന കാര്യത്തില്‍ മറ്റന്നാള്‍ ജനം വിധിയെഴുതും. 2.71 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക.

മെയ് നാലിന് നടക്കുന്ന വോട്ടെണ്ണലോടെ ജനഹിതം പുറത്തുവരും.