ശബരിമലയിൽ കൂടുതൽ സ്വർണക്കൊള്ള നടന്നെന്ന് എസ്‌ഐടി; പ്രഭാമണ്ഡലത്തിലെ സ്വർണവും കവർന്നു
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിൽനിന്ന് കൂടുതൽ സ്വർണക്കൊള്ള നടന്നെന്ന നിർണായക വെളിപ്പെടുത്തലുമായി കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം.
കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഉണ്ണികൃഷ്ണൻ പോറ്റി, ഗോവർധൻ, പങ്കജ് ഭണ്ഡാരി എന്നിവരെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് സ്വർണക്കൊള്ളയെ സംബന്ധിച്ച ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ അന്വേഷണസംഘം വെളിപ്പെടുത്തിയിരിക്കുന്നത്.
ശബരിമല ശ്രീകോവിൽ വാതിലിന്റെ കട്ടിളയിൽ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പുപാളികളിൽനിന്നും രാശിചിഹ്നങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പുപാളികളിൽനിന്നും സ്വർണം കവർന്നിട്ടുണ്ട്.
കൂടാതെ കട്ടിളയുടെ മുകൾപ്പടി ചെമ്പുപാളിയിലും കട്ടിളയ്ക്കുമുകളിൽ പതിപ്പിച്ചിട്ടുള്ള ശിവരൂപവും വ്യാളീരൂപവും അടങ്ങുന്ന പ്രഭാമണ്ഡലത്തിലുമുള്ള സ്വർണം പതിച്ച ചെമ്പുപാളികളിലും പൊതിഞ്ഞിരുന്ന സ്വർണവും നഷ്ടമായി. ഇത്തരത്തിൽ സ്വർണം പതിച്ച ഏഴ് ചെമ്പുപാളികളിൽനിന്നുമാണ് സ്വർണം കവർന്നതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.