ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് പിന്നാലെ രണ്ട് രോഗികള്‍ മരിച്ചു; അണുബാധയെന്ന് ആരോപണം
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിനെതിരെ ഗുരുതര ആരോപണങ്ങളുമായി രോഗികളുടെ കുടുംബം രംഗത്ത്. കഴിഞ്ഞ 29-ാം തീയതി ഡയാലിസിസ് ചെയ്ത കായംകുളം സ്വദേശി മജീദ് (52), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ (60) എന്നിവർ മരണപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണമായത്. അന്ന് ഡയാലിസിസിന് വിധേയരായ 26 പേരിൽ 6 രോഗികൾക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടതായാണ് വിവരം.
ആശുപത്രിയിലെ അണുബാധയാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുമ്പോൾ, പ്രാഥമിക പരിശോധനയിൽ ഡയാലിസിസ് ഉപകരണങ്ങളും വെള്ളവും അണുവിമുക്തമാണെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. അരുൺ ജേക്കബിന്റെ വിശദീകരണം. എങ്കിലും സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി വിദഗ്ധ പരിശോധനകൾ നടത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.