ശബരിമലയിൽ നടന്നത് കൂട്ടക്കവർച്ച: അയ്യപ്പൻ്റെ സ്വത്ത് സംരക്ഷകർ തന്നെ കൊള്ളയടിച്ചെന്ന് ഹൈക്കോടതി

Jan 21, 2026 - 15:54
 0  4
ശബരിമലയിൽ നടന്നത് കൂട്ടക്കവർച്ച:  അയ്യപ്പൻ്റെ സ്വത്ത് സംരക്ഷകർ തന്നെ കൊള്ളയടിച്ചെന്ന്  ഹൈക്കോടതി

എറണാകുളം: ശബരിമലയിൽ നടന്നത് അയ്യപ്പൻ്റെ സ്വത്ത് പ്രതികൾ കൂട്ടംചേർന്ന് കൊള്ളയടിച്ച കൂട്ടക്കവർച്ചയാണെന്നും ക്ഷേത്രത്തിൽ നടന്നത് ആസൂത്രിതമായ കൊള്ളയാണെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുൻ എംഎൽഎ എ പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ അതിരൂക്ഷമായ വിമർശനം.

ക്ഷേത്രത്തിലെ കട്ടിളപ്പടി, ദ്വാരപാലക ശിൽപങ്ങൾ എന്നിവയിൽ നിന്നായി 4147 ഗ്രാം സ്വർണമാണ് നഷ്ടപ്പെട്ടത്. ഇതിൽ ബെല്ലാരിയിലെ ഗോവർധൻ്റെ പക്കൽ നിന്ന് 474.96 ഗ്രാം സ്വർണം മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ബാക്കി സ്വർണം എവിടെയാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അയ്യപ്പൻ്റെ സ്വത്ത് സംരക്ഷിക്കേണ്ടവർ തന്നെ കൊള്ളക്കാരായി മാറിയ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തിയ രേഖകളിൽ നിന്ന് കൂട്ടക്കവർച്ച പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 

1998 - 99 കാലഘട്ടത്തിൽ വിജയ് മല്യയുടെ നേതൃത്വത്തിൽ സമർപ്പിച്ച സ്വർണപ്പാളികൾ അയ്യപ്പ വിഗ്രഹങ്ങളിലും കട്ടിളപ്പടിയിലും പൊതിഞ്ഞിരുന്നു. എന്നാൽ 2019ൽ ഇവ മാറ്റിയപ്പോൾ കൃത്യമായ അളവ് രേഖപ്പെടുത്താതെയാണ് കൈകാര്യം ചെയ്തതെന്ന് കോടതി വിമർശിച്ചു.


മുൻ എംഎൽഎയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ പത്മകുമാറിൻ്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി നിർണായക നിരീക്ഷണങ്ങൾ നടത്തിയത്. രാഷ്ട്രീയമായി വലിയ സ്വാധീനമുള്ള വ്യക്തിയായതിനാൽ പത്മകുമാറിന് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കോടതി വിലയിരുത്തി. പത്മകുമാറിനെ മറ്റ് അംഗങ്ങൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് ഉചിതമല്ലെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ ഉത്തരവിൽ വ്യക്തമാക്കി. 

രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവർ ചേർന്നാണ് ഈ വലിയ കൊള്ള നടത്തിയതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തന്ത്രി കണ്ഠര് രാജീവർക്കും ഇതിൽ പങ്കുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് അദ്ദേഹത്തെയും പ്രതിയാക്കിയിരുന്നു. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാർ, അംഗങ്ങളായിരുന്ന കെപി ശങ്കർദാസ്, വിജയകുമാർ എന്നിവർക്കെതിരെയും കോടതിയുടെ ഭാഗത്തുനിന്ന് നിരീക്ഷണങ്ങളുണ്ടായി.

കേസിലെ മറ്റൊരു പ്രതിയായ കെപി ശങ്കർദാസിൻ്റെ അറസ്റ്റ് ബോധപൂർവം വൈകിപ്പിച്ചതിനെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. മുതിർന്ന ഐപിഎസ് ഓഫിസറുടെ പിതാവായ ശങ്കർദാസിൻ്റെ മകൻ ഡിഐജി ആയതാണോ അറസ്റ്റ് വൈകാൻ കാരണമെന്ന് കോടതി ചോദിച്ചു. ആദ്യ ഘട്ടത്തിൽ അന്വേഷണവുമായി സഹകരിച്ച ശങ്കർദാസിന് പെട്ടെന്നാണ് ആരോഗ്യനില മോശമായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതുകൊണ്ട് മാത്രം അറസ്റ്റ് ഒഴിവാക്കാനാവില്ല. ശങ്കർദാസിന് ആശുപത്രിയിൽ തുടരാൻ മാത്രം ഗുരുതര രോഗമുണ്ടോ എന്ന കാര്യം ഉറപ്പാക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടിന് കോടതി നിർദേശം നൽകി.

 ജനുവരി 27ന് മുമ്പ് രജിസ്ട്രാർ മുഖേന റിപ്പോർട്ട് സമർപ്പിക്കണം. എസ്ഐടിയുടെ പ്രവർത്തനങ്ങളിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഡിസംബർ അഞ്ച് മുതൽ 19 വരെയുള്ള കാലയളവിൽ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്നും തെരഞ്ഞെടുപ്പ് സമയമായതിനാലാണ് ഈ കാലയളവിൽ അന്വേഷണത്തിൽ മെല്ലെപ്പോക്കുണ്ടായതെന്നുമാണ് കോടതിയുടെ നിഗമനം.

മറ്റൊരു പ്രതിയായ മുരാരി ബാബു അറസ്റ്റിലായി 90 ദിവസം പിന്നിട്ട സാഹചര്യത്തിൽ അദ്ദേഹത്തിന് ജാമ്യത്തിന് അർഹതയുണ്ടെങ്കിലും മഹസർ മാറ്റിയെഴുതി സ്വർണത്തെ ചെമ്പാക്കി മാറ്റിയത് ഇയാളാണെന്ന് കോടതി നിരീക്ഷിച്ചു. 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കാമെങ്കിലും കേസിൻ്റെ ഗൗരവം പരിഗണിച്ച് ജാമ്യം അനുവദിക്കാനാവില്ലെന്നാണ് കോടതി നിലപാട്.