മേയ‍ർ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തിയില്ല: കേരളത്തിലേത് വൃത്തികെട്ട മാധ്യമ പ്രവര്‍ത്തനം; ആര്‍ ശ്രീലേഖ

Jan 5, 2026 - 19:49
Jan 5, 2026 - 19:52
 0  6
മേയ‍ർ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തിയില്ല: കേരളത്തിലേത് വൃത്തികെട്ട മാധ്യമ പ്രവര്‍ത്തനം; ആര്‍ ശ്രീലേഖ

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം ലഭിക്കാത്തതില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അതൃപ്തി പറഞ്ഞ ആര്‍ ശ്രീലേഖ നിലപാട് മാറ്റി. തനിക്ക് ഒരു അതൃപ്തിയും ഇല്ല. എല്ലാം മാധ്യമസൃഷ്ടിയാണ്. വ്യത്തികെട്ട മാധ്യമ പ്രവര്‍ത്തനമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്.

 മഹത്തായ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനം മാത്രമെന്നും ശ്രീലേഖ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിലാണ്  മാധ്യമങ്ങളെ പഴി പറഞ്ഞ് ബിജെപി കൗണ്‍സിലര്‍ രംഗത്ത് എത്തിയിരിക്കുന്നത്.

ഓഫീസില്‍ പ്രവേശിപ്പിക്കാതെ ശല്യം ചെയ്ത് പുറകെ നടന്നു ചോദ്യം ചോദിച്ച മാധ്യമങ്ങള്‍ ചില ഭാഗങ്ങള്‍ മാത്രം കാണിച്ച് കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നു എന്നാണ് ശ്രീലേഖ കുറിച്ചിരിക്കുന്നത്. മാപ്രകള്‍ എന്ത് കള്ളം പറഞ്ഞാലും ഒരതൃപ്തിയും ഇല്ല എന്നും ശ്രീലേഖ പറഞ്ഞിരുന്നു. ശ്രീലേഖയുടെ ഈ പ്രതികരണം ബിജെപിയെ ഞെട്ടിച്ചിരുന്നു.

കോര്‍പ്പറേഷന്‍ മേയറാക്കാമെന്ന ഉറപ്പ് നല്‍കി മത്സരത്തിന് ഇറക്കിയ ബിജെപി വഞ്ചിച്ചതായി മുന്‍ ഡിജിപി കൂടിയായ ആര്‍ ശ്രീലേഖ തുറന്നടിച്ചിരുന്നു. ശാസ്തമംഗലം വാര്‍ഡില്‍ മത്സരിച്ച ശ്രീലേഖ വന്‍ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

വാര്‍ഡ് കൗണ്‍സിലറായി മത്സരിക്കാന്‍ താന്‍ തുടക്കത്തില്‍ വിസമ്മതിച്ചിരുന്നു, എന്നാല്‍ മേയറാക്കാമെന്ന വാഗ്ദാനത്തിലാണ് മത്സരിക്കാന്‍ തയാറായത്. അവസാന നിമിഷം വരെ മേയര്‍ സ്ഥാനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി തീരുമാനം വിവി രാജേഷിനെ മേയറാക്കാന്‍ ആയിരുന്നു എന്നും ശ്രീലേഖ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

ഇങ്ങനെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞ ശ്രീലേഖയാണ് പിന്നീട് നിലപാട് മാറ്റിയിരിക്കുന്നത്