എസ്ഐആറിനെതിരായ ഹർജികൾ: സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും
കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണമായ എസ്ഐആർ നടപടിക്കെതിരായ ഹർജികൾ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. സംസ്ഥാന സർക്കാരും സിപിഐഎം, മുസ്ലിം ലീഗ്, കോൺഗ്രസ് എന്നീ രാഷ്ട്രീയ പാർട്ടികളും നൽകിയ ഹർജികൾ ഇന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് മുമ്പാകെ മെൻഷൻ ചെയ്തപ്പോഴാണ് കോടതി ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യം ഹർജിക്കാർ ചീഫ് ജസ്റ്റിസിനെ ധരിപ്പിച്ചതിനെ തുടർന്നാണ് ഹർജികൾ മറ്റന്നാൾ പരിഗണിക്കാൻ തീരുമാനിച്ചത്.
കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന് അടിയന്തര സ്റ്റേ അനുവദിക്കണമെന്നാണ് ഹർജിക്കാർ പ്രധാനമായും ആവശ്യപ്പെടുന്നത്. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ എസ്ഐആർ പ്രക്രിയ നിർത്തിവെച്ച സാഹചര്യം പ്രധാന വാദമായി ഉയർത്തുമെന്ന് മുസ്ലിം ലീഗിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ അറിയിച്ചു. ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ആത്മഹത്യ ചെയ്ത സംഭവം ഉൾപ്പെടുത്തിക്കൊണ്ടാണ് ഭൂരിഭാഗം ഹർജികളും സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
അതേസമയം, വിവാദങ്ങൾക്കിടയിലും എസ്ഐആർ നടപടിയുമായി ശക്തമായി മുന്നോട്ട് പോകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ ആവർത്തിച്ചു