വൈഷ്ണക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

Nov 19, 2025 - 15:24
Nov 19, 2025 - 15:39
 0  3
വൈഷ്ണക്ക്  തിരഞ്ഞെടുപ്പിൽ മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ 27-ാം വാർഡായ മുട്ടടയിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ എസ്എലിൻ്റെ വോട്ടർപട്ടികയിൽ നിന്നുള്ള പേര് നീക്കം ചെയ്ത നടപടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ റദ്ദാക്കി. ഇതോടെ വൈഷ്ണയ്ക്ക് വോട്ട് ചെയ്യാനും കോൺഗ്രസ് സ്ഥാനാർഥിയായി മത്സരരംഗത്ത് തുടരാനുമുള്ള തടസം പൂർണമായും നീങ്ങി. വൈഷ്ണയുടെ പേര് വോട്ടർപട്ടികയിൽ ഉടൻ പുനഃസ്ഥാപിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ ഉത്തരവിട്ടു.


വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്ത നടപടി ചോദ്യം ചെയ്ത് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ വിഷയത്തിൽ ഹൈക്കോടതിയുടെ നവംബർ 17ലെ ഇടക്കാല ഉത്തരവ് പാലിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. "സാങ്കേതിക കാരണങ്ങൾ പറഞ്ഞ് 24 വയസ്സുള്ള ഒരു പെൺകുട്ടിക്ക് മത്സരിക്കാൻ അവസരം നിഷേധിക്കുന്നത് അനീതിയാണ്", "അനാവശ്യ രാഷ്ട്രീയം കളിച്ച് വോട്ടവകാശം നിഷേധിക്കുന്നത് ശരിയല്ല" എന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു.


ജില്ലാ കലക്ടർ അടിയന്തരമായി ഇടപെട്ട് വൈഷ്ണയെയും പരാതിക്കാരനെയും വിളിച്ചുവരുത്തി ഹിയറിങ് നടത്താനും ഈ മാസം 20-നകം തീരുമാനമെടുക്കാനും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ നിർദേശം നൽകിയിരുന്നു. ഹൈക്കോടതിയുടെ കർശന നിർദേശത്തെ തുടർന്ന് കമ്മിഷൻ ഹിയറിങ് നടത്തുകയും ചെയ്തു.

തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷൻ്റെ 27-ാം വാർഡിലെ (മുട്ടട) വോട്ടർപട്ടികയിൽ 2025 സെപ്റ്റംബർ 2-ലും ഒക്ടോബർ 25-ലും വൈഷ്ണയുടെ പേര് ഉൾപ്പെട്ടിരുന്നു. എന്നാൽ, നവംബർ 13-ന് ഇത് നീക്കം ചെയ്യുകയായിരുന്നു. ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയും രേഖകൾ പരിഗണിക്കാതെയും ഏകപക്ഷീയമായി പേര് നീക്കം ചെയ്ത ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസറുടെ നടപടി കമ്മിഷൻ റദ്ദാക്കി.

തുടർന്ന് വൈഷ്ണ എസ്എൽൻ്റെ പേര് വോട്ടർപട്ടികയിൽ പുനഃസ്ഥാപിക്കാൻ ഉത്തരവിടുകയും ഇന്ന് (നവംബർ 19) തന്നെ ഇത് നടപ്പിലാക്കി കമ്മിഷനെ അറിയിക്കാനും തിരുവനന്തപുരം കോർപറേഷൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർക്ക് തെരഞ്ഞെടുപ്പ് കമ്മിഷണർ നിർദേശം നൽകി.