യുഎഇ പൗരൻമാർക്ക് ഇന്ത്യയിലേക്ക് ഇനി വിസയില്ലാതെ യാത്ര ചെയ്യാം
ദുബൈ: യുഎഇ പൗരൻമാർക്ക് ഇന്ത്യയിലേക്ക് ഇനി മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാം. കൊച്ചി, കോഴിക്കോട് ഉൾപ്പെടെ ഒമ്പത് എയർപോർട്ടുകളിൽ ഇമറാത്തികൾക്ക് 'ഓൺ അറൈവൽ വിസ' സൗകര്യം ഏർപ്പെടുത്തി. 60 ദിവസം വരെ ഇന്ത്യയിൽ തങ്ങാൻ യുഎഇ പൗരൻമാർക്ക് അനുമതി ലഭിക്കും.
നേരത്തേ മുൻകൂറായി അപേക്ഷിച്ചാൽ ലഭിക്കുന്ന ഇ-വിസയോ, പേപ്പർവിസയോ കൈവശമുണ്ടെങ്കിൽ മാത്രമാണ് യുഎഇ പൗരൻമാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നത്. ഇനി മുതൽ ഇന്ത്യയിലെ ഒമ്പത് വിമാനത്താവളങ്ങളിലേക്ക് മുൻകൂർ വിസയില്ലാതെ ഇമറാത്തികൾക്ക് യാത്ര ചെയ്യാം. കൊച്ചി, കോഴിക്കോട് എന്നിവക്ക് പുറമേ, ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് വിമാനത്താവളങ്ങളിലാണ് പുതിയ സൗകര്യം ഏർപ്പെടുത്തിയത്.