തിരകൾക്കപ്പുറം : കഥ, പ്രശാന്ത് പഴയിടം 

Jan 23, 2026 - 20:02
Jan 23, 2026 - 20:03
 0  9
തിരകൾക്കപ്പുറം : കഥ,  പ്രശാന്ത് പഴയിടം 
പൊന്നാര കടപ്പുറത്തുകാർ തുറക്കാരനായ കുഞ്ഞുമോന്റെ ആദ്യ എഞ്ചിൻ മത്സ്യബന്ധന ബോട്ട് നീറ്റിലിറക്കുന്നതിന്റെ സന്തോഷത്തിലാണ്.
അതുവരെ തുറക്കാർ ഉൾക്കടലിലേക്ക് പോകുമ്പോൾ, മറ്റു കരക്കാരുടെ എഞ്ചിൻ ബോട്ടുകൾ മാത്രമേ കണ്ടിട്ടുള്ളൂ.
അങ്ങനെ, ചെറിയ പള്ളിയിൽ നിന്നു അച്ഛൻ വന്ന് വെഞ്ചിരിച്ച് ബോട്ട് നീറ്റിലിറക്കി. 
ബോട്ടിൽ മറ്റ് മത്സ്യതൊഴിലാളികളെയും കയറ്റി, തിരമാലകളെ വകഞ്ഞുമാറ്റി അത് കുതിച്ചു പാഞ്ഞു. തിരമാലകളുടെ മുകളിൽ ചാടിക്കുതിച്ചുള്ള അവരുടെ സഞ്ചാരത്തിന് ഉദയസൂര്യൻ സാക്ഷിയായി. അക്ഷരാർത്ഥത്തിൽ തുറക്കാർക്ക് അത് പുതിയ പ്രതീക്ഷകളുടെ നിമിഷമായിരുന്നു—ഉപജീവനമാർഗത്തിൽ കൂടുതൽ സാധ്യതകളും നാളെയുടെ സ്വപ്നങ്ങളും മനസ്സിൽ കൂടുകൂട്ടിയൊരു യാത്ര. ബോട്ട് അതിവേഗം ഉൾക്കടലിനെ ലക്ഷ്യമാക്കി നീങ്ങി.
കുഞ്ഞുമോൻ തന്റെ സമ്പാദ്യവും, അമ്മയുടെയും ഭാര്യയുടെയും സ്വർണ്ണവും, വീടിന്റെ ആധാരവും പണയപ്പെടുത്തി എടുത്ത പണത്തിലാണ് ഈ ബോട്ട് വാങ്ങിയത്. അത് കുഞ്ഞുമോന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്നു. 
അങ്ങനെ ആഴക്കടലിന്റെ ഒരു ഭാഗത്ത് കുറെ പക്ഷികൾ വട്ടമിട്ട് പറക്കുന്നത് അവർ കണ്ടു. കടൽ പറയുന്ന സൂചനകൾ അവർക്ക് മനസ്സിലാകും, അവിടെ വലയിടാമെന്ന് തീരുമാനിച്ച് രണ്ടുപേർ വലയുമായി കടലിലേക്ക് ചാടി. ബോട്ട് പതുക്കെ മുന്നോട്ട് നീങ്ങി, വരിയായി വല കടലിലേക്ക് ഊർന്നു വീണു, അവർ ആ പ്രദേശമാകെ വലകൊണ്ട് വളഞ്ഞു. തുടർന്ന് വല അടുപ്പിക്കാൻ തുടങ്ങി. എന്നാൽ വലയിൽ കുടുങ്ങിയത് വളരെ തുച്ഛമായ മത്സ്യങ്ങൾ മാത്രം.
അതിനുശേഷം അവർ ബോട്ടുമായി മറ്റു ഭാഗങ്ങളിൽ തിരച്ചിൽ നടത്തി പക്ഷേ ആ ദിവസം കടൽ അവരെ കനിഞ്ഞില്ല. കുഞ്ഞുമോൻ ഏറെ സങ്കടത്തോടെ ബോട്ടിന്റെ ഒരു മൂലയിൽ ഇരുന്നു. കണ്ണുകൾ കടലിലും, മനസ്സ് കരയിലു മായിരുന്നു. 
കിട്ടിയ കുറച്ചു മീൻ ഉപയോഗിച്ച് അവരിൽ ഒരാൾ ഭക്ഷണം തയ്യാറാക്കി. പിന്നെയും കടലിന്റെ പല ഭാഗങ്ങളിലായി അവർ സഞ്ചരിച്ചു, എന്നാൽ അതിന് ഫലമുണ്ടായില്ല.
കുഞ്ഞുമോന്റെ ഭയവും പിരിമുറുക്കവും ഇരട്ടിയായി. അടുത്ത ദിവസങ്ങളിൽ തുറയിലെ പള്ളിയിൽ പെരുന്നാളാണ്. ആ ദിവസങ്ങളിൽ കടലിലേക്ക് പോകുവാൻ ആരുമുണ്ടാകില്ല . ഇന്ന് മീൻ വിറ്റ് എന്തെങ്കിലും ലഭിച്ചാൽ മാത്രമേ കുറച്ചെങ്കിലും പണം പലിശക്കാർക്ക് നൽകുവാൻ കഴിയൂ,പലരോടും വാക്ക് പറഞ്ഞതാണ്.
കൂടെ ഉണ്ടായിരുന്നവർ കുഞ്ഞുമോനെ ആശ്വസിപ്പിച്ചു. മത്സ്യതൊഴിലാളികളുടെ പരസ്പര സ്നേഹവും പിന്തുണയും, ആഴക്കടലിൽ പോലും കരയുടെ ഉറപ്പു പകരുന്നതായിരുന്നു.
പെട്ടെന്ന്, കുറച്ചു ദൂരെ നങ്കൂരമിട്ടിരുന്ന ഒരു കപ്പലിൽ നിന്ന് ഇംഗ്ലീഷിൽ എന്തോ ഉച്ചഭാക്ഷിണിയിൽ മുഴങ്ങി. സാധാരണയായി കപ്പൽ മുന്നോട്ട് നീങ്ങുന്നതിന് മുൻപ് സിഗ്നൽ നൽകാറുണ്ട്.,പക്ഷേ ഇപ്പോൾ എന്താണ് പറഞ്ഞതെന്ന് മനസ്സിലായില്ല. പിന്നാലെ കപ്പലിൽ നിന്ന് മലയാളത്തിൽ ശബ്ദം കേട്ടു. 
“നിങ്ങൾ ഈ കപ്പലിന്റെ ഇടത് വശത്തേക്ക് സഞ്ചരിക്കുക.”
പൊതുവേ അപായസൂചനകളാണ് കപ്പലുകൾ നൽകാറുള്ളത്; ഇങ്ങനെ ഒരു നിർദേശം ആദ്യമായിരുന്നു. ഭയം നെഞ്ചിൽ കയറിവന്നെങ്കിലും, അവർ ബോട്ട് കപ്പലിന്റെ ഇടത് ദിശയിലേക്ക് തിരിച്ചു. അപ്പോൾ, കുറച്ച് മാറി പക്ഷികൾ വീണ്ടും വട്ടമിട്ട് പറക്കുന്നത് അവർ കണ്ടുകടൽ വീണ്ടും 
പ്രദീക്ഷ നൽകുന്നപോലെ .
ഒരുനിമിഷം പോലും വൈകാതെ രണ്ടുപേർ വലയുമായി കടലിലേക്കു ചാടി. ആ പ്രദേശമാകെ വലകൊണ്ട് വളഞ്ഞു. വല അടുപ്പിക്കാൻ തുടങ്ങിയപ്പോഴാണ് അവരുടെ കണ്ണുകളെ സന്തോഷത്തിന്റെ അതിരുകൾ തകർത്ത ആ കാഴ്ച തെളിഞ്ഞത്—വല നിറയെ, പൊങ്ങിമറയുന്ന മത്സ്യചാകര . 
കുഞ്ഞുമോന്റെ കണ്ണുകൾ സന്തോഷത്തിൽ നിറഞ്ഞു. അവൻ ആകാശത്തേക്ക് കൈകൾ കുപ്പി—നിശ്ശബ്ദമായി ദൈവത്തിന് നന്ദിപറഞ്ഞു. അവർ താളത്തിൽ വല വള്ളത്തിലേക്ക് വലിച്ചുകയറ്റി. ആ പ്രദേശം മുഴുവൻ അവരുടെ താളത്തിൽ മുഴുകി. കടലിന്റെ ഓളങ്ങൾ പോലും ആ സന്തോഷത്തിന് ഒപ്പം നൃത്തം ചെയ്തു.
തങ്ങളുടെ ബോട്ട് നിറഞ്ഞു മറ്റുമീനുകൾ 
മാത്‍സ്യം ലഭിക്കാതെ നിരാശരായി നിന്ന മറ്റു ബോട്ടുകാർക്ക് കൊടുക്കുവാനും മറന്നില്ല. 
അങ്ങനെ വള്ളം നിറയെ മീനുമായി ബോട്ട് കരയിലേക്ക് തിരിക്കുവാൻ തയ്യാറായി. അപ്പോൾ കപ്പലിൽ നിന്ന് വീണ്ടും ഉച്ചഭാഷിണി മുഴങ്ങി:
“ഇപ്പോൾ സന്തോഷമായില്ലേ?”
അവർ തോർത്തുയർത്തി വീശിക്കാണിച്ചു നന്ദി കാണിച്ചു 
അങ്ങനെ, വള്ളം നിറയെ മത്സ്യവും നിറഞ്ഞുനിൽക്കുന്ന ഒരുപാട് സ്വപ്നങ്ങളുമായി, ബോട്ട് പതുക്കെ കരയിലേക്ക് നീങ്ങി.