ഡിജിറ്റലാകാൻ ബെവ്കോയും ; പ്രീമിയം കൗണ്ടറുകളില്‍ ഇനി നോട്ടുകൾ സ്വീകരിക്കില്ല!

Jan 29, 2026 - 17:11
 0  4
ഡിജിറ്റലാകാൻ ബെവ്കോയും ; പ്രീമിയം കൗണ്ടറുകളില്‍ ഇനി നോട്ടുകൾ സ്വീകരിക്കില്ല!

തിരുവനന്തപുരം: ബെവ്കോയും ഡിജിറ്റലാകുന്നു. ബെവ്കോയുടെ പ്രീമിയം കൗണ്ടറുകളില്‍ ഇനി നോട്ടുകളെടുക്കില്ല. ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ പെയ്മെന്‍റുകൾ ഇനി ഡിജിറ്റല്‍ സംവിധാനത്തിലൂടെ മാത്രം. മാർച്ച്‌ 15 മുതലാണ് ഈ സംവിധാനം പൂർണ്ണമായും നിലവിൽ വരുക. ഫെബ്രുവരി 15 മുതൽ പരമാവധി ഡിജിറ്റൽ പെയ്മെന്‍റ് മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് ബെവ്‌കോ എംഡി അറിയിച്ചു.

പ്രീമിയം കൗണ്ടറുകളില്‍ മാർച്ച്‌ 15 മുതൽ നോട്ടിടപാട് സ്വീകരിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് എല്ലാ വെയർഹൗസ് മാനേജർമാരും തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന എല്ലാ ഷോപ്പുകളിലും നിർദേശം നടപ്പിലാക്കുന്നതിനുള്ള നടപടികൾ എടുക്കണമെന്നുമാണ് ബെവ്‌കോ എംഡിയുടെ നിർദ്ദേശം. അന്നേ ദിവസം മുതല്‍, നിലവില്‍ പ്രവര്‍ത്തിക്കുന്ന പ്രീമിയം, സെമി-പ്രീമിയം കൗണ്ടറുകള്‍ ഒഴിവാക്കി സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടര്‍, പോപ്പുലര്‍ ബ്രാന്‍ഡ് കൗണ്ടര്‍ (ലോക്കല്‍ കൗണ്ടര്‍) എന്നിവ മാത്രം പ്രവര്‍ത്തിക്കേണ്ടതാണെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.