ആമേൻ : ഡോ. എസ്. ശ്രീദേവി (ടോബി തലയലിന്റെ ''വരി തെറ്റിക്കുന്ന വാക്കുകൾ” എന്ന കവിതാസമാഹാരത്തെക്കുറിച്ചുള്ള വായനാനുഭവം)

Jul 3, 2024 - 17:56
 0  98
ആമേൻ : ഡോ. എസ്. ശ്രീദേവി  (ടോബി തലയലിന്റെ ''വരി തെറ്റിക്കുന്ന വാക്കുകൾ” എന്ന കവിതാസമാഹാരത്തെക്കുറിച്ചുള്ള വായനാനുഭവം)

ധ്യാപക വിദ്യാർത്ഥികൾ ബി എഡ് പഠനകാലത്ത് ചുരുക്കമായേ
സര്ഗാത്മകവാസനകൾ പ്രകടിപ്പിക്കാറുള്ളൂ എന്നാണ് എന്റെ അനുഭവം.
എന്നാൽ ചിലരുടെ മൗലിക ചിന്താധാരകൾ, ഭാഷാസ്വാധീനം, സാഹിത്യപരിചയം
ഒക്കെ എന്നെ ആകർഷിച്ചിട്ടുണ്ട്. അവർ അന്നുതൊട്ടിന്നുവരെ സമാനഹൃദയരായ
ആസ്വാദകരായി സാഹിത്യകാരന്മാരും സാഹിത്യകാരികളും ആയി
പ്രത്യക്ഷപ്പെടുമ്പോൾ  ഞാനാണേ ആദ്യം കണ്ടത്എന്നൊരു അഭിമാനവും
ആദരവും എനിക്കുണ്ടാകാറുണ്ട്. ആ നല്ല ശിഷ്യരുടെ പാരമ്പരയിലാണ് ടോബി
തലയൽ എന്ന കവിയും പെടുന്നത്.


'അമ്മ' എന്നൊരുവാക്കിൻ മടിയിൽ അർത്ഥം തേടുന്ന അക്ഷരക്കൂട്ടമല്ലോ കവിത
എന്ന നിർവചനം എന്റെ മനസ്സിൽ ആർദ്രമായ ഒരു ഉറവ (ഉണ്മ)
ഒലിപ്പിക്കും. ക്യുവിൽ അനുസരണയോടെ വരി തെറ്റിക്കാതെ നിൽക്കുന്ന
കവിതകളോടൊപ്പം സ്വയംകൃതാനർത്ഥമായി വരി തെറ്റിക്കുന്ന വാക്കുകളെ
ഞാൻ വാത്സല്യത്തോടെ എന്റെ  ;അമ്മമടിയിൽ  ഇരുത്തും. അതിരുകൾ
ഭേദിക്കുമ്പോൾ, വരി തെറ്റിക്കുമ്പോൾ വ്യത്യസ്ത രൂപങ്ങളും ഭാവങ്ങളും
പിറക്കുന്നത് നിറഞ്ഞ സന്തോഷത്തോടെ, അമ്മമനസ്സോടെ ഞാൻ കാണും,
കേൾക്കും, ആസ്വദിക്കും.


പദ്യം വാർക്കുന്ന തോതുകൾ മാറ്റിമറിച്ചാൽ ഛന്ദസ്സിൽ വരുന്ന മാറ്റങ്ങൾ
കാവ്യദോഷങ്ങളല്ലെന്നും ഗുണപ്രകരണത്തിൽ പെടും എന്നും അറിയുന്ന
അദ്ധ്യാപിക അത്തരം പുതുമകൾ ആസ്വദിക്കും.


ഭാവഭദ്രത രൂപഭദ്രതക്ക് ഒരുപടി മുകളിലാണെന്ന് പ്രസിദ്ധമാണ്.
പദ്യത്തെക്കാൾ കവിത ഗൗരവമുള്ള ജൈവവസ്തുവാകുന്നത് അങ്ങനെയല്ലെ.


വാക്കുകളും വരികളും തെറ്റിക്കുന്നത് മാറ്റുവിൻ ചട്ടങ്ങളേ എന്ന
സ്വാതന്ത്ര്യപ്രഖ്യാപനം തന്നെയാണ്. പഴകിയ പൂണൂൽ ചുറ്റിമുറുക്കിയ
സാളഗ്രാമങ്ങൾ പുത്തൻ രൂപഭാവങ്ങളിൽ ആധുനിക കവിതയായി
പിറക്കുന്നു.

ടോബി തലയൽ ആധുനിക കവി എന്നവകാശപ്പെടുന്നില്ല. എന്നാൽ ''എങ്കിലും
ഇവയും കവിതകളല്ലോ, എന്നുടെ സ്വന്തം കവിതകളല്ലോ''   എന്ന്
വിനയാന്വിതനായി ജി. കുമാരപിള്ളസ്സാറിന്റെ അണിയിൽ ചേരാൻ
കൊതിക്കുന്നു.


വിളഞ്ഞു കതിരായ കവി എന്നു കണ്ടെത്തുന്നത് വായനക്കാരായ
ആസ്വാദകർ -- അനസൂയവിശുദ്ധമായ മനസ്സുള്ളവർ. വഴിയാധാർക്കാർഡും
സൗജന്യ ശവക്കോടിയും കണ്ണിൽപ്പെടുമ്പോൾ ആർദ്രമാനസരായി
ചിരിക്കുന്നവർ -- ഞാനും ആ ലിസ്റ്റിൽ ഉൾപ്പെടും.


സത്യം പറഞ്ഞ് ചെറിയ ഞെട്ടലുകൾ മുറിവുകൾ ഉണ്ടാക്കുന്നത് വലിയ
കുറ്റകൃത്യമല്ല. രാജാവ് നഗ്നനാണെന്ന് വിളിച്ചുപറഞ്ഞ കുട്ടിയെ ആരും
നാടുകടത്തിയില്ല. ഹൃദയനിമന്ത്രിതങ്ങളായ വാക്കുകൾ വരി തെറ്റിച്ചാലും
സഹൃദയർ അവയെ നാടുകടത്തുകയില്ല.


പാപലാഞ്ചനയില്ലാത്ത നഗ്നസത്യങ്ങൾ കവികൾക്കു വിളിച്ചുപറയാം --
വഴിയാധാർ കാർഡും സൗജന്യ ശവക്കോടിയും സംതൃപ്തി പുതച്ചുള്ള
ഇരുപ്പും പാൽപ്പുഴയിൽ കുളിക്കുന്ന ചന്ദ്രിക (ചന്ദ്രനല്ല) യും കുഞ്ഞാടും
നാട്ടിലെ നായും കാട്ടിലെ നരിയും -- തോലിന്റെ മിനുപ്പു കുറവും
എല്ലിന്റെ ഇളപ്പമില്ലായ്മയും കശാപ്പുകാരന്റെ പല്ലിടകുത്തിത്തുപ്പിയ
വർത്തമാനവും -- കഴുത്തിലെ മണി നൂറുപവൻ എന്ന പ്രഖ്യാപനവും
ഇടയനിലെ കശാപ്പുകാരനെ വെളിച്ചത്താക്കുമ്പോൾ ക്രൂരമായ ഒരു ചിരി
എന്റെ ഉള്ളിൽ തിളച്ചു.


കുഞ്ഞുടുപ്പ് -- ഓമനത്തിങ്കൾക്കിടാവോ നല്ല കോമളത്താമരപ്പൂവോ എന്ന
രാജകീയ താരാട്ടിനെ ഒന്നാം സ്ഥാനത്തുനിന്ന് പതുക്കെ നിരക്കിമാറ്റി.


അപ്പൂപ്പന്റെ പിൻഭാരം ഇറക്കിവച്ചത് ക്‌ളാസ്സിക് ശകുന്തളയുടെ
നടത്തത്തെക്കാൾ ശൃംഗാരപൂരിതം! ഇണക്കുരുവികളുടെ പാട്ടുകേട്ട് മാവ്
പൂക്കുന്നത് അശോകം പൂക്കുന്ന രസത്തിൽ ഞാൻ ആസ്വദിച്ചു.
കൊന്തചൊല്ലുന്ന കന്യാസ്ത്രീയെപ്പോലെ രാത്രി -- പള്ളിയങ്കണം സംഗീതം
നിലച്ചൊരു പിയാനോ -- മൂരും പൊന്നും സുഗന്ധദ്രവ്യങ്ങളും
മെറ്റമോർഫോസിസിലൂടെ ചോരയും അണുക്കളും മുൾക്കിരീടവുമായി മാറി.


ഉയിർപ്പ് -- ആണിപ്പാടുകളെയും ശൂലത്തെയും അഴിച്ചുകളഞ്ഞ മന്ത്രികത്വം
സത്യം എത്ര മൂടിവെച്ചാലും തെളിയും എന്ന് വിളിച്ചുപറയുന്നു. എല്ലാം
നല്ലതെന്നുകണ്ട ഏഴാം നാൾ ആറുദിവസത്തെ വിയർപ്പ്
ഉണക്കാനിട്ടിരിക്കുകയായിരുന്നു. പുതുക്കിക്കിട്ടിയ വഴിയാധാർ കാർഡ് --
തുറുപ്പുചീട്ടായി കവി കളിയിൽ ജയിച്ചുകൊണ്ടേയിരിക്കുന്നു.


ചൂടൻ കവിത, ഞാൻ, നിർവ്വചനങ്ങൾ, പതിവുകാരൻ, പൂമ്പാറ്റ എഴുതിയ
കവിത -- പട്ടും വളയും ഓടിവന്ന് ആലിംഗനം ചെയ്യും ഇവയെ. കട്ടപിടിച്ച

അർത്ഥവും വ്യാകരണവും അലങ്കാരങ്ങളും ഇല്ലാതെ ഒറ്റ വായന ഒറ്റ
വാചകം കവിത എന്ന വെളിപാട് കാണുക. ‘’വരി തെറ്റിക്കുന്ന
വാക്കുകൾ’’ അദ്ധ്യാപക പരിശീലനക്കളരിയിൽ സിലബസ്സിൽ പെടുത്തണം.
 അക്ഷരവടിവ് അക്ഷരലക്ഷം കവികർമ്മം നേടും.


Silent Night Holy Night കുഞ്ഞ് ജീസസിന്റെ ശാന്ത രജനിയാണ്, അശാന്ത രാത്രി
മനുഷ്യന്റേതും. The best place to find a helping hand is at the end of your own arm എന്ന് ജിം
റീവ്സ് പാടും.


തനി വെള്ളത്തോടുള്ള മുട്ടയുടെയും ചുവപ്പുരാശി കലർന്ന മുട്ടയുടെയും
ഉള്ളിൽ മഞ്ഞക്കരു കാണുമ്പോൾ ഉള്ളിലെ സമാനതയെക്കുറിച്ച് ഒരു
ബോധ്യം വരുകില്ലെ?


മനസ്സും ഹൃദയവും രണ്ടാണോ? അതെയെന്നു തോന്നുന്നു. അല്ലെങ്കിൽ
കുതിരത്തലയനായ അപ്പുക്കിളിയെ പെറ്റ തള്ളയും പെറാത്ത തള്ളമാരും
ഇതു ഞങ്ങടെ കിളിയാണേ അപ്പുക്കിളിയാണേ എന്ന് ലാളിക്കുമോ?
മലയപ്പുലയന്റെ കുഞ്ഞ് വാഴ കുലച്ചതു കാണുമ്പോൾ ഈ
ഞാലിപ്പൂവന്റെ പഴമെത്ര ‘’സാദൊള്ളതായിരിക്കും’’ എന്ന് സ്വാദിനെ വരി
തെറ്റിക്കുമോ? കൊച്ചുസീത എന്നെ എന്നമ്മ താൻ വേട്ടാൽ മതി എന്ന്
പറയുമോ?


പാറപ്പുറത്തുവീണ വിത്ത് ഒരു വന്മരത്തണലുണ്ടെങ്കിൽ തളിരും പൂവും
ചൂടും എന്ന് വിശ്വസിക്കുമോ? അഞ്ചപ്പവും രണ്ടു മീനും എല്ലാർക്കുമായ്
പകുക്കുമ്പോൾ ധർമ്മപുത്രരോട് കീരി പറഞ്ഞ കഥ എന്റെ ഹൃദയത്തിൽ
മുട്ടി വിളിക്കുന്നതെന്തേ?


പുഞ്ചിരികൊണ്ട് ഒരു നക്ഷത്രവിളക്ക്
പൂമുഖത്തു ഞാനും കൊളുത്തിവെച്ചു,
വീടകം ബേത്ലഹേം പുൽക്കൂടായി
പട്ടിയുണ്ട് എന്ന (വ്യാജ) ബോർഡ് മാറ്റി
സ്വാഗതം ചെയ്യുന്ന തൊഴുകൈ വെച്ചു
സന്തോഷഗാനം പാടി
ദൈവദൂതർ പ്രവേശിച്ചു
മതിലിന്റെ ഗർവം ഞാൻ
ഇടിച്ചുകളഞ്ഞു
ആണിമുനകൾ മാറ്റി

മുല്ലവള്ളികൾ പടർത്തി
അകത്ത് പുൽമെത്തയിൽ
ഉണ്ണിയേശു തുള്ളിക്കളിച്ചു
അദ്ഭുതം കാണാൻ ആട്ടിടയരും
അയൽക്കാരും സമ്മാനങ്ങളുമായി ഓടിയെത്തി.
കൂട്ടത്തിൽ ഞാനും ഹൃദയം നിറഞ്ഞ് കവിഞ്ഞ് ആമേൻ ചൊല്ലി.

ഡോ. എസ്. ശ്രീദേവി