കടുകിലൊളിപ്പിച്ച കടലിരമ്പം: ബുക് റിവ്യൂ, കെ. ആര്‍ മോഹന്‍ദാസ്

Feb 17, 2026 - 07:01
Feb 17, 2026 - 07:09
 0  21
കടുകിലൊളിപ്പിച്ച കടലിരമ്പം: ബുക് റിവ്യൂ, കെ. ആര്‍ മോഹന്‍ദാസ്
 
‘എനിക്ക് ആകെ കഴിയുന്ന ഒരു കാര്യം എഴുതുക എന്നതാണ്. ലോകത്തോട് പലതും പറയാനുണ്ട്. ലോകം എന്നെ പലപ്പോഴും അസ്വസ്ഥനാക്കാറുമുണ്ട്. എനിക്കിതിൽ നിന്നും മോചിതനാവണമെങ്കിൽ എഴുതിയേ മതിയാവൂ . എഴുത്ത് പ്രശ്നങ്ങൾക്കു 
പരിഹാരമാകുമോ എന്നൊന്നുമറിയില്ല പക്ഷേ എന്‍റെ ഉള്ളിലെ അസ്വസ്ഥതയ്ക്ക് പരിഹാരം കിട്ടാൻ എനിക്ക് എഴുതിയേ മതിയാകൂ
ഡോ. മായാഗോപിനാഥിന്‍റെ കഥകളുടെ താളുകള്‍ മറിക്കുമ്പോള്‍ എംടിയുടെ ഈ വാക്കുകളാണ് മനസ്സില്‍ തെളിയുന്നത്, എം ടിയുടെ ഈ ദര്‍ശനം തന്നെ തന്‍റെ എഴുത്തിന്‍റെയും അടയാളവാക്യമായി സ്വീകരിച്ച എഴുത്തുകാരിയാണ്  ഡോ. മായാഗോപിനാഥ് എന്ന് ഈ കഥകള്‍ അടയാളപ്പെടുത്തുന്നു.
സാഹിത്യത്തിന്‍റെ വ്യത്യസ്ത മേഖലകളില്‍ കൈവയ്ക്കുകയും അവിടെയെല്ലാം വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്യുകയെന്നത് അപൂര്‍വ്വ പ്രതിഭാശാലികള്‍ക്കുമാത്രം കഴിയുന്ന വരപ്രസാദമാണ്. ചെറുകഥ, നോവല്‍, കവിത,യാത്രാവിവരണം എന്നീ ഓരോ ശാഖയിലും തന്‍റെ കയ്യൊപ്പ് പതിപ്പിച്ച സര്‍ഗപ്രതിഭയാണ് ഡോ. മായാഗോപിനാഥ്. 
ഭൂത ഭാവി വർത്തമാനങ്ങളെ അതീവസൂക്ഷ്മതയോടെ കോര്‍ത്തിണക്കി സര്‍ഗരചനയിലേര്‍പ്പെടുന്ന കഥാകാരിയാണ് ഡോ. മായാഗോപിനാഥ്. 
ഓർമ്മകളാലും അനുഭവങ്ങളാലും അതിന് ഊടും പാവും നെയ്യുന്നതിലൂടെ ആ സര്‍ഗപ്രക്രിയ  ആസ്വാദ്യകരമായ ഒരു അനുഭവമായിത്തീരുന്നു.
മായാഗോപിനാഥിന്‍റെ പതിനൊന്നാമത്തെ പുസ്തകമാണ് 
പരിധിയിയുടെ വിഹായസ്സില്‍ സൂര്യശോഭയോടെ തിളങ്ങുന്ന ഈ നൂറുകഥകള്‍.
ഇവിടെ കഥാകാരി വായനക്കാർക്ക് മുന്നിലേക്ക് എത്തിക്കുന്ന വിഷയങ്ങളും വൈവിധ്യമാർന്നതാണ്. രോഗികളുടെ നാഡിമിടിപ്പുകള്‍ തൊട്ടറിയുന്ന ഒരു ഡോക്ടര്‍ കൂടിയായ  തൻ്റെ അനുഭവങ്ങളുടെ ഹൃദയമുദ്രകള്‍ ഈ കഥകളില്‍ ദൃശ്യമാകുന്നുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ളതും വ്യക്തി കേന്ദ്രീകൃതവുമായ അനുഭവങ്ങളുടെ ചൂടും ചൂരും ഈ കഥകളില്‍ അനുവാചകര്‍ക്ക് തൊട്ടറിയാനാകും. ഓരോ കഥയും പങ്കുവയ്ക്കുന്നത് വ്യത്യസ്തമായ കാഴ്ചകളാണ്. 
ഊഷരമാവുന്ന മണ്ണിനെയും മനസ്സിനെയും കുറിച്ചുള്ള ആകുലതകള്‍ ഡോ. മായാഗോപിനാഥിന്‍റെ കഥകള്‍ പങ്ക് വയ്ക്കുന്നുണ്ട്. മഴയുടെ താളവും, പുഴയുടെ കുളിരും നാട്ടുപൂക്കളുടെ സുഗന്ധവും തീറെഴുതിക്കൊടുത്ത് വെട്ടിപ്പിടിച്ചതൊക്കെയും വ്യര്‍ത്ഥമെന്ന് ഈ കഥകളിലൂടെ വായിച്ചെടുക്കാം. അറിഞ്ഞോ അറിയാതെയോ നമ്മള്‍ അപരിചിതമാക്കി മാറ്റിയ ഹൃദയങ്ങളിലേക്ക് ഒരു സഞ്ചാരം കൂടി നടത്തുകയാണ് ഡോ. മായാഗോപിനാഥ് തൻ്റെ കഥകളിലൂടെ.
ശ്രാവണം വിരുന്നു വരുമ്പോൾ എന്ന കഥയിലെ  ഡോ. ശിവപ്രസാദിന്‍റെ ഈ വാക്കുകളിലൂടെ തന്‍റെ ജീവിതവീക്ഷണമാണ് കഥാകാരിവെളിപ്പെടുത്തുന്നത്.
പ്രണയമെന്നത് നിഷ്കളങ്കമായൊരു കാത്തിരിപ്പാണെന്നു സാക്ഷ്യപ്പെടുത്തുന്ന കഥയാണ് ജഹനാര . സ്ത്രീ പുരുഷ ബന്ധങ്ങളെ അനുഭാവമില്ലാതെ കാണുന്ന കാലത്ത്  നിഷ്കളങ്കവും സുഗന്ധപൂരിതവുമായ ആത്മബന്ധത്തിന്‍റെ പ്രതീകമാണ് ഈ കഥയിലെ നായികയായ ജഹനാര. 
കല്ലായിരിക്കാൻ എനിക്കിഷ്ടം, സ്നേഹനൊമ്പരത്തി മുള്ളുകൾ, ദേവലോക വാതായനങ്ങൾ, കർമ്മകാണ്ഡത്തിലെ നിശബ്ദഗീതികൾ, ശ്രാവണം വിരുന്നു വരുമ്പോൾ, ഹിരണ്മയമുദ്ര, കർണ്ണികാരപ്പൂക്കൾ തേടി, ഹൃദയദളങ്ങളിലെ പ്രണയാക്ഷരങ്ങൾ, ജഹനാര തുടങ്ങിയ കഥകളെ പെൺപക്ഷകഥകൾ എന്നതിലുപരിയായി പെണ്ണവസ്ഥകൾ തുറന്ന്കാട്ടുന്ന കഥകള്‍ എന്നു വിലയിരുത്തുന്നതാണ് അനുയോജ്യം. 
ഇവിടെ പ്രണയം പുനർജനിക്കുന്നുണ്ട്, ജീവിതം പെരുമഴക്കാലമാവുന്നുണ്ട്, അനുഭവങ്ങളുടെ തീക്കനല്‍ച്ചൂടുണ്ട്. നൊമ്പരങ്ങളുടെ കണ്ണീർപ്പുഴകളുണ്ട്. വേരറ്റ് പോയ വൃക്ഷങ്ങളും, നീരുണങ്ങിപ്പോയ  പുഴകളുമുണ്ട്. ഭൂമിയിലെ നഷ്ടമാവാത്ത നന്മയുടെ ഗിരിശൃംഗങ്ങളുണ്ട്.
ഒരിക്കല്‍ കായ്കനികളേകിയ മരത്തെ ഉപേക്ഷിച്ച് പുതിയ പച്ചത്തുരുത്തുകള്‍ തേടുന്ന സ്വാര്‍ത്ഥതയുടെ കഥപരയുന്ന അമ്മക്കിളിയുടെ കുഞ്ഞിക്കൂടും, നെഞ്ചില്‍ നൊമ്പരങ്ങളുടെ ഇടിമുഴങ്ങുമ്പോള്‍ കനിവിന്‍റെ ചാറ്റല്‍മഴയാവാന്‍ കൊതിക്കുന്ന
ശിലാഹൃദയം തേങ്ങുമ്പോൾ എന്ന കഥയിലെ ശ്രീബാലയും, മനസ്സില്‍ മുളപൊട്ടിയ പച്ചപ്പിന്‍റെ മോഹങ്ങള്‍ക്ക് നീര്‍ക്കണമാവുന്ന ഹൃദയവനിയിലൊരു ഹിമകണത്തിലെ വേലപ്പനും ഇലമണം പുതച്ച ഇതളുകള്‍ മനസ്സില്‍ പൊഴിക്കുന്നു.
അക്ഷരങ്ങള്‍ ചായക്കൂട്ടുകളായി മാറ്റിയെടുത്ത് ഒരു 
ചിത്രകാരന്‍റെ വൈദഗ്ദ്ധ്യത്തോടെ കഥ വരച്ചെടുക്കാൻ 
ഈ കഥാകാരിയ്ക്ക് അനിതരസാധാരണമായ പാടവം തന്നെയുണ്ട്.
കഥകള്‍ പറഞ്ഞ് സ്വപ്നങ്ങളിലേക്ക് പാലം നിര്‍മ്മിക്കുകയാണ് കഥാകാരി. മനസ്സില്‍ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റയും ശ്രാവണപ്പൂക്കള്‍ വിടരുന്നത് അനുവാചകനറിയുന്നു. ഓരോ വരിയും സൃഷ്ടിക്കുന്ന അസംഖ്യം ചിത്രങ്ങളുടെ ചേർത്തു വയ്ക്കലിലാണ് ഓരോ കഥയും പൂർണ്ണമാകുന്നത്. 
എഴുത്തില്‍ സ്വതന്ത്രമായ നിലപാടുകൾ ഉള്ള സാഹിത്യകാരിയാണ് ഡോ. മായാഗോപിനാഥ്. താളഭംഗിയുളള്ള, കവിത തുളുമ്പുന്ന ഭാഷയും , ചേതോഹരമായ ആവിഷ്കാരതന്ത്രങ്ങളും ഈ കഥാകാരിയുടെ വാക്കിൻ്റെ നിറക്കൂട്ടുകളാണ്.
 
മഞ്ഞഇലകള്‍ അടര്‍ന്നുവീണുകിടന്ന ഒരു വയസ്സന്‍ പ്ലാവിന്‍റെ മൗനത്തിന്‍റെ ചുവട്ടില്‍….ബോധശലഭങ്ങള്‍ എന്ന കഥയിലെ ഈ ആദ്യവരി തന്നെ കഥയുടെ ആത്മാവിനെ ആര്‍ദ്രമായി തൊടുന്നുണ്ട്. ഒരു പത്മരാജന്‍ സ്പര്‍ശമുണ്ട് ഈ വരിയുടെ നനവാര്‍ന്ന അധരങ്ങള്‍ക്ക്. വയസ്സന്‍ പ്ലാവിന്‍റെ മൗനത്തില്‍ കഥാകാരി ഒളിപ്പിച്ച വാര്‍ദ്ധക്യത്തിന്‍റെ നൊമ്പരക്ഷതങ്ങള്‍ ഹൃദയത്തെ ആര്‍ദ്രമാക്കുന്നു. 
മനസ്സില്‍ മരുഭൂമികള്‍ ഉണ്ടാകുന്നതിന്‍റെ വ്യഥകളെക്കുറിച്ച് മുന്‍പ് ആനന്ദ് പങ്കുവെച്ച ആകുലതകളുടെ മറുമൊഴിയാണ് ഈ കഥാകാരിയുടെ ആകുലതകളും. നഷ്ടമാവുന്ന നന്മകളെ വീണ്ടെടുക്കാന്‍ കഥ കൊണ്ടുനടത്തുന്ന പോരാട്ടമാണ് തൂവാനം കൊണ്ടുവന്ന കുട്ടി, പിന്നോട്ട് ചലിക്കാത്ത സൂചികൾ എന്നീ കഥകള്‍.
സ്നേഹം വാരിക്കൊടുത്തിട്ടും അവഗണനയുടെ ചവറ്റുകുട്ടയിലേക്ക് ഓര്‍മ്മ നഷ്ടപ്പെട്ട പെറ്റമ്മയെ വലിച്ചെറിയുന്ന മകന്‍ വേണുവിന്‍റെ നിസ്സഹായതയുടെ നന്ദികേടിനെ ഹൃദയം തുളയ്ക്കുന്ന വൈകാരികതയോടെയാണ് കഥാകാരി അവതരിപ്പിക്കുന്നത്. മകന്‍റെ പിന്നാലെ വൃദ്ധസദനത്തിലേക്ക്  ഓര്‍മ്മകള്‍ നഷ്ടമായ മനസ്സോടെ വരുന്ന അമ്മ കണ്ണുകള്‍ നനയ്ക്കുന്നു.
…  പൊക്കിള്‍ക്കൊടിഭാഗത്ത് ഒരു വിങ്ങല്‍ അറ്റ് വീണുചോരചീന്തി….അമ്മയുടെ നിറുകയില്‍ ഒരുമ്മ നല്‍കി പുറത്തിറങ്ങുമ്പോള്‍ പിന്നില്‍ നിന്ന് അമ്മയുടെ ചോദ്യം:
നീ വല്ലതും കഴിച്ചോ…?
ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ദുഃഖത്തിന്‍റെ പ്രതിഫലനങ്ങളാണ് ഡോ. മായാഗോപിനാഥിന്‍റെ കഥകള്‍. ദുഃഖത്തെ കഥാകൃത്ത് സ്ഫുടം ചെയ്ത് അനുഭവമാക്കി മാറ്റുന്നു. സഹാനുഭൂതിയാണ് അതിന്‍റെ അന്തഃസത്ത. മറ്റൊരര്‍ത്ഥത്തില്‍ കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെ ഹൃദയമുദ്രകളാണവ. 
അമ്മയ്ക്കും അച്ഛനും വേണ്ടാത്ത പേരില്ലാത്ത തമിഴ് പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച് ചോറൂട്ടി കണ്മണി എന്നു വിളിക്കുന്ന മധുബാലയും,ഹൃദയത്തിന്‍റെ പ്രാര്‍ത്ഥനാഞ്ജലിയിലെ ഡോ. നന്ദഗോപനും കാരുണ്യത്തിന്‍റെ മിഴിവാര്‍ന്ന ആള്‍രൂപങ്ങളാണ്.
ജീവിതത്തില്‍ സ്നേഹം തിരിച്ചറിയുന്ന ചില നിമിഷങ്ങളുണ്ട്. എത്ര മനോഹരമാണ് ആ നിമിഷങ്ങള്‍. ഹൃദയത്തിന്‍റെ പ്രാര്‍ത്ഥനാഞ്ജലിയിലെ 
ഡോ. നന്ദഗോപനിലൂടെ ഊര്‍മ്മിള തൊട്ടറിയുന്നതും ഈ സ്നേഹമാണല്ലോ?
മരുഭൂമിയിലും നീര്‍ക്കണങ്ങള്‍ കാണുന്ന ഒരു മനസ്സാണ്
മായാഗോപിനാഥിന്‍റേത്. ആലുവാപ്പുഴ പിന്നെയുമൊഴുകി, സത്യമായിട്ടും പിന്നെയുമൊരു മഴ എന്നീ കഥകളിലെ സ്നേഹത്തിന്‍റെ മഴനനവ് അനുവാചകനെയും നനയ്ക്കും. 
തനിക്കു ചുറ്റുമുള്ള അസുഖകരമായ കാഴ്ചകളിലും അനുഭവങ്ങളിലും വല്ലാതെ മനസ്സ് നീറുന്നുണ്ടെങ്കിലും നന്മയുടെ പ്രകാശകണമാവുന്ന ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടമാവാന്‍ കൊതിക്കുന്ന കഥാപാത്രങ്ങള്‍ ഈ കഥകളിലുണ്ട്. ഋതു ഈ ദര്‍ശനം വ്യക്തമാക്കുന്ന കഥയാണ്.
…ഞാനൊന്നുപെയ്തോട്ടെ എന്നുചോദിച്ച മഴമുത്തുകള്‍ അമ്മയുടെ കവിളിലൂടെ ഒലിച്ചിറങ്ങി. ഋതുവിന്‍റെ കൈത്തണ്ടമേലും കവിളത്തുമൊക്കെ മഴമുത്തുകളും കണ്ണീര്‍മുത്തുകളും ഇടകലര്‍ന്നു ചിന്നിച്ചിതറി…..
ഇരുട്ടും മുള്ളുമില്ലാത്ത സൂര്യപ്രകാശവും പനിനീര്‍പ്പൂക്കളുമുള്ള ഒരു ലോകമാണ് ഈ കഥാകാരി സ്വപ്നം കാണുന്നത്.
കുഞ്ഞുപൂക്കള്‍, പൂമ്പാറ്റകള്‍, തൊടി, മരങ്ങള്‍, ആകാശം,, കടല്‍, കാട്, നിഷ്ക്കളങ്ക ബാല്യം  തുടങ്ങിയ ഇമേജുകളോട് ഗാഢമായ ആത്മബന്ധം മായാഗോപിനാഥിനുണ്ട്.
കുഞ്ഞുമുറിവുകള്‍, ദൈവത്തിന്‍റെ ബ്രഷ്, കാട് വിളിക്കുമ്പോള്‍, ഹൃദയം കൊരുത്ത മഞ്ചാടിമണികള്‍, ഉമയും യമുനാതീരവും, ആകാശക്കടലിലൊരു ചിപ്പി, ഋതു
എന്നീ കഥകളില്‍ ഈ ലയം അനുവാചകന് അനുഭവപ്പെടും. 
കരള്‍ പറിച്ചെടുക്കുന്ന ആത്മാര്‍ത്ഥതയോടെയും തീവ്രതയോടെയും ഈ കഥാകാരി കഥയുടെ ആത്മാവിലേക്ക് നേരെ കടന്നുചെല്ലുകയും കഥയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു.
വിസ്തരിച്ചുള്ള വര്‍ണ്ണനകളില്ലാതെ കാവ്യാത്മകമായ രേഖകള്‍കൊണ്ടാണ് കഥാകാരി കഥയെ അനുവാചകമനസ്സില്‍ കോരിയിടുന്നത്. ഇവിടെ അകൃത്രിമസുന്ദരമായി ആവിഷ്ക്കരിക്കപ്പെടുന്ന സംഭവങ്ങളെ അന്യോന്യം ഇണക്കുന്ന കണ്ണികള്‍ അനുവാചകനില്‍  രൂപപ്പെടുന്നു. കുട്ടികള്‍ ലോകം നോക്കിക്കാണുന്നത് മുതിര്‍ന്നവരുടേതില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്ന് സൂക്ഷ്മതയോടെ സ്പര്‍ശിച്ചറിഞ്ഞ കഥാകാരിയാണ് ഡോ. മായാ ഗോപിനാഥ്. 
കുഞ്ഞുമുറിവുകള്‍ എന്ന കഥ ആ സത്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
സ്ത്രീ - പുരുഷ ബന്ധങ്ങളുടെ ഏണും കോണും പ്രത്യേക രീതിയില്‍ സ്വാംശീകരിക്കാന്‍ ഈ കഥാകാരി ശ്രമിച്ചീട്ടുണ്ട്. ആണിനെ തള്ളിപ്പറയുന്ന ഒരു മനസ്സല്ല ഈ കഥാകാരിയുടേത്. ഒരു സ്ത്രീ സ്ത്രീയാവണമെങ്കില്‍ അവളുടെ സ്ത്രീത്വത്തെ അംഗീകരിക്കാന്‍ ഒരു പുരുഷന്‍ വേണമെന്ന ദര്‍ശനം കഥകളില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. സത്യമായിട്ടുമൊഴുകിയൊരു മഴയിലും പിന്നോട്ടു ചലിക്കാത്ത സൂചികളിലും ഈ കാഴ്ചപ്പാട് കാണാന്‍ കഴിയും.
ചെറുകഥയില്‍ വൈകാരിക പിരിമുറുക്കം നല്‍കാനും ഭാവസാന്ദ്രമായ കവിതയുടെ അനുഭൂതി തീവ്രത വരുത്താനും ശില്പഭദ്രത നല്‍കാനും മനഃശാസ്ത്രപരമായ ഉള്‍ക്കാഴ്ചയോടെ ആധുനിക മനുഷ്യന്‍റെ , പ്രത്യേകിച്ച് സ്ത്രീകളുടെ അന്തര്‍ധാരകള്‍ തിരയാനും മൂല്യച്യുതികള്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്താനും കഥകളിലൂടെ ഡോ. മായാഗോപിനാഥിനുകഴിഞ്ഞു.
കാവ്യാത്മകമായ സ്വയം സമ്പൂർണതയുടെ കഥകളാണ് തന്‍റെ കഥകളെന്ന് കഥാകാരി സാക്ഷ്യപ്പെടുത്തുമ്പോഴും അതിന്‍റെ പൊരുൾ എന്തെന്ന് വായനക്കാർക്ക് ബോധ്യമാകണമെന്നില്ല. എന്നാൽ ബോധശലഭങ്ങളുടെ പിന്നാലെ ഒരു നിഷ്കളങ്കമനസ്സുമായി കടന്നുചെല്ലുമ്പോൾ ബോധ്യമാകും ഈ സാക്ഷ്യം യാഥാർഥ്യമാണെന്ന് . മാത്രമല്ല, ഭൂമിയിൽ ജീവിക്കാൻ അവസരം നഷ്ടപ്പെട്ട നന്മകളെ വീണ്ടെടുക്കാൻ കഥ കൊണ്ടു നടത്തുന്ന പോരാട്ടമാണ് ഇവിടെ കഥകള്‍.
മധുബാലയും ശ്വേതയും ഊർമിളയുമൊക്കെ ബോധശലഭങ്ങളുടെ താളുകൾ മടക്കിക്കഴിഞ്ഞാലും തുറന്ന താളുകളിലെ കഥാ ബീജങ്ങളായി മനസ്സിൽ പറന്നു നടക്കും. 
സ്നേഹം കൊണ്ടു കീഴ്പ്പെടുത്താനാവാത്ത ഒന്നുമില്ലെന്ന ആ വലിയ തിരിച്ചറിവിന്‍റെ തളിരുകളാണ് തളിര്‍മരം എന്ന കഥ അനുവാചകമനസ്സുകളില്‍ പൊഴിക്കുന്നത്. ഇവിടെ തളിര്‍ എന്നത് പ്രതീക്ഷയുടെ പ്രതീകമാണ്. നിസ്സഹായനായ മനുഷ്യനുമേല്‍ പ്രത്യാശയുടെ മഴവില്‍നിറങ്ങങ്ങള്‍ ചൊരിയുന്നത് തളിര്‍മരങ്ങളാണ്.
ഒരു മാവിന്‍ തൈ എവിടെ നടും എന്ന ലളിതമെങ്കിലും വളരെ സങ്കീര്‍ണ്ണമായ ഉത്തരം കിട്ടാത്ത ചോദ്യമാണ് ഈ കഥ ഉയര്‍ത്തുന്നത്.
….നമ്മളിത് എവിടെ നടും അമ്മേ…?
തളിര്‍മരത്തിലെ വിനുക്കുട്ടന്‍റെ ചോദ്യം അനുവാചകരുടെ കണ്ണുനനയിക്കും. സ്വന്തം വീട്ടില്‍ അവന്‍റെ അച്ഛന്‍ സമ്മതിക്കുന്നില്ല. അമ്മയുടെ വീട്ടില്‍ മുത്തശ്ശനും മുത്തശ്ശിയും സമ്മതിക്കുമ്പോള്‍ അമ്മാവന്‍ സമ്മതിക്കുന്നില്ല.
ഒരു തളിര്‍മരത്തിനുവളരാന്‍ ഒരിഞ്ചു മണ്ണ് നല്‍കാന്‍ തയ്യാറാവാത്ത ഹൃദയശൂന്യമായ ഒരു ലോകത്തിന്‍റെ ചിത്രം കഥാകാരി ഉള്ളില്‍ത്തട്ടും വിധം വരച്ചുകാട്ടുന്നുണ്ട്.
…..കനിവിന്‍റെ നനവും കാലൂന്നിനില്‍ക്കാന്‍ ഒരിടവും മതി ഇത്തിരി പച്ചപ്പിന്…വരണ്ടമനസ്സുകളില്‍ നനവ് പടര്‍ത്താന്‍ വേണ്ട സ്നേഹം അതാണല്ലോ ഇപ്പോള്‍ നമുക്കിടയില്‍ ഇല്ലാത്തത്….
നഷ്ടമാവാത്ത നന്മയുടെ പ്രതീകമായ ജലജചേച്ചിയെ അവതരിപ്പിക്കുന്നതിലൂടെ ജീവിതത്തിലെ പ്രതീക്ഷയുടെ തളിരാണ് വിടരുന്നത്.
സ്നേഹത്തണല്‍ വിരിച്ചൊരു നാട്ടുമാവ് എന്ന  കഥ തന്നെ കഥാകാരി വായനക്കാരിലേക്കുപകരുന്നത് സ്നേഹത്തിന്‍റെ അഞ്ജനമെഴുതിയ മഞ്ചാടിമണികളാണ്. 
ആയുര്‍വേദ ഡോക്ടര്‍ കൂടിയായ ഡോ. മായാഗോപിനാഥിന്‍റെ ആത്മാംശം 
ഡോ. സുമിത്രയില്‍ കാണാന്‍ കഴിയും. 
കവിതയുടെ നനവൂറുന്ന ശീര്‍ഷകങ്ങള്‍ ഈ കഥകളുടെ സവിശേഷതയാണ്. മറവിനദിയിലെ വെള്ളാരം കല്ലുകള്‍, സ്വപ്നങ്ങള്‍ക്കിടയില്‍ ഒരു പാലം, കാട്ടുമുല്ലപ്പൂക്കള്‍ ചൂടിയ പുഴ തുടങ്ങിയ കഥകളുടെ ശീര്‍ഷകങ്ങള്‍ ഉദാഹരണങ്ങളാണ്.
മറവിനദിയിലെ വെള്ളാരം കല്ലുകള്‍ എന്ന കഥയിലെ ശാരദാമണിടീച്ചര്‍ എന്ന അമ്മ വായനയിലെ നൊമ്പരമാണ്. അല്‍ഷിമേഴ്സിന്‍റെ ഇരയായ ഈ അമ്മയെ ചേര്‍ത്തുപിടിക്കുന്ന മകള്‍ ഊര്‍മ്മിളയുടെ സ്നേഹവും കരുതലും തണലും കണ്ണുകളെ ഈറനണിയിക്കും.
 താമരനൂലിലെ പൂത്താലിയിലെ സൂപ്രണ്ട് മാഡത്തെ എങ്ങനെ മറക്കാനാവും?
വിവാഹമോചനം കഴിഞ്ഞ് എല്ലാ നിറക്കൂട്ടുകളും കഴുകിക്കളഞ്ഞ് ഊരിയ താലിയുമായി കണ്ണീരുണങ്ങാത്ത മുഖത്തോടെ എത്തുന്ന സൂപ്രണ്ട്.
ആശ്വസിപ്പിക്കാനെത്തുന്ന വിജിയുടെ മുന്നില്‍ ചുരുട്ടിപ്പിടിച്ച കൈകള്‍ തുറക്കുന്ന ഭാഗം പിടയുന്ന മനസ്സോടെ മാത്രമേ കാണാന്‍ കഴിയൂ…അവരുടെ കൈകളില്‍ ഞെട്ടറ്റ താലിയാണ്.
....എനിക്കിത് വേണ്ടെന്നുവയ്ക്കാന്‍ വയ്യ വിജി….
സ്നേഹവും സ്നേഹനഷ്ടവും തീവ്രമായി അനുഭവിപ്പിക്കുന്നകഥ.
വായനക്കാരന്‍റെ ഹൃദയത്തോടു സംസാരിക്കുന്ന ഭാഷയില്‍ രചിച്ച കഥകള്‍. പ്രകൃതിയില്‍ നിന്നും അകന്നുപോവാതെ അതിനോട് ഉള്‍ച്ചേര്‍ന്ന് ജീവിക്കുക എന്ന പാoവും സന്ദേശവും ഈ കഥകള്‍ നല്‍കുന്നുണ്ട്.
വലിയ ഭാരിച്ച ഒരു കാര്യവും ഈ കഥകള്‍ അനുവാചകനോടു പറയുന്നതേയില്ല. കുഞ്ഞുകുഞ്ഞുകാര്യങ്ങള്‍ കാതോടുകാതോരം പറഞ്ഞുകൊണ്ട് സ്വപ്നങ്ങളിലേക്ക് പാലം നിര്‍മ്മിക്കുകയാണ് കഥാകാരി. മനസ്സില്‍ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റയും പ്രകൃതിസ്നേഹത്തിന്‍റെയും തളിര്‍മരങ്ങള്‍ വിടരുന്നത് അനുവാചകനറിയുന്നു.
ഓരോ കഥയും തീർത്തും വ്യത്യസ്തമായ അനുഭവതലമാണ് വായനക്കാർക്ക് സമ്മാനിക്കുന്നത് . മലയാളത്തിൽ ഒരിടവേള കഴിഞ്ഞ് വീണ്ടും കഥയുടെ വസന്തകാലം ആരംഭിക്കുകയാണെന്ന് ഈ കഥകള്‍ പറയാതെ പറയുന്നു. 
ഹൃദയത്തിന്‍റെ പ്രാർത്ഥനാജ്ഞലി മുതല്‍ മഴ നനച്ച വെയിൽ വരെ 101 കഥകളുടെ ഈ സമാഹാരം ഹൃദയപൂര്‍വ്വം അനുവാചകസമക്ഷം സമര്‍പ്പിക്കുന്നു. 
പ്രസാധകർ: പരിധി പബ്ലീഷേഴ്സ് തിരുവനന്തപുരം
വില - 1180
കെ. ആര്‍ മോഹന്‍ദാസ്
(എഴുത്തുകാരനും പത്രപ്രവര്‍ത്തകനും)