ബ്ലു ബേർഡ്,  രചന : പ്രശാന്ത് പഴയിടം

Feb 9, 2026 - 19:56
 0  12
ബ്ലു ബേർഡ്,  രചന : പ്രശാന്ത് പഴയിടം
സ്തമയ സൂര്യന്റെ സ്വർണ്ണകിരണങ്ങൾ ഞങ്ങളുടെ ക്ലാസ്സ് മുറിയെ സ്വർണ്ണമയമാക്കി . പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം, നെറ്റിയിൽ ഒരു കളഭക്കുറി ചാർത്തി പിൻബഞ്ചിന്റെ ഒരു മൂലയിലാണ് എന്റെ സ്ഥാനം. 
ഒരിക്കൽ ബഞ്ചിന്റെ അടിയിൽ നിന്ന് ഒരു ബുക്ക് കിട്ടി. അതിൻറെ ആത്യതാളിൽ ഒരു നീല പക്ഷിയുടെ ചിത്രവും അതിന്റെ അടിയിൽ എഴുതിയിരുന്നു ബ്ലൂ ബേർഡ്. ഏറെ കൗതുകത്തോടെ ഞാൻ ചോദിച്ചു ഇത് ആരുടേതാണ്. അപ്പോൾ ആരോ പറഞ്ഞു അടുത്ത ക്ലാസ്സിലെ ഒരു പെൺകുട്ടിയുടേതാണ്. ഓഫീസിൽ കൊടുത്താൽ മതി.
പക്ഷേ ആ ചിത്രവും അതിലെ പേരും എന്നെ അത് കൈയ്യിൽ സൂക്ഷിക്കാൻ നിർബന്ധിച്ചു. അന്ന് എന്റെ കണ്ണുകളിൽ സൂര്യകിരണങ്ങൾക്ക് നീല നിറമായിരുന്നു. കണ്ണടക്കുമ്പോൾ ഒരു നീല പക്ഷി പാറി പറന്നു.
ക്ലാസ് കഴിഞ്ഞു അന്ന് സായാഹ്നത്തിൽ വിരിഞ്ഞ മറ്റൊരു കുസൃതി, തൊട്ടടുത്ത ക്ലാസ് മുറിയുടെ ബോർഡിൽ മനസ്സിൽ വിരിഞ്ഞ നീല പക്ഷിയെ പകർത്തി. അടിയിൽ ഐ ലവ് യു ബ്ലൂ ബേർഡ് എന്ന് എഴുതാനും മറന്നില്ല.
അടുത്ത ദിവസവും ക്ലാസ് മുറിയിലെ സൂര്യകിരണങ്ങൾക്ക് എന്റെ കണ്ണിൽ വീണ്ടും നീല നിറമായിരുന്നു. മാത്രമല്ല അടുത്ത ക്ലാസ് മുറിയിൽ നിന്ന് എന്റെ നീല പക്ഷി ഉറക്കെ ചിലക്കുന്ന ശബ്ദവും. “ആരാണ് ഇത് ചെയ്തത്?” ആ ചോദ്യം എന്റെ കുസൃതി ചെറുക്കനെ വീണ്ടും ഉണർത്തി. അന്ന് സായാഹ്നത്തിൽ അവൾ ഇരിക്കുന്ന ബഞ്ചിലായിരുന്നു എന്റെ നീല പക്ഷിയുടെ ചിത്രം വിരിഞ്ഞത്.
പക്ഷേ സാവധാനം കുസൃതി കാര്യമായി നേരിൽ കാണാത്ത ബ്ലൂ ബേർഡ് എന്റെ മനസ്സിൽ കൂടുകൂട്ടി.
അടുത്ത ദിവസവും എന്റെ ക്ലാസ് മുറിയിലെ കിരണങ്ങൾക്ക് വീണ്ടും നീല വെളിച്ചം.
വീണ്ടും നീലക്കിളി ചിലച്ചു. “ആരാണ് ഇത് ചെയ്തത്?” എന്നെ ഞെട്ടിച്ച സംഭവം. എന്റെ കുറ്റം മറ്റൊരു വേടൻ ഏറ്റെടുത്തു. പക്ഷേ ബുദ്ധിമതിയായ എന്റെ നീല പക്ഷി അവന് ചിത്രം വരയ്ക്കാൻ അറിയില്ല എന്ന സത്യം തിരിച്ചറിഞ്ഞു.
ഒടുവിൽ ക്ലാസ് മുറികളെ വിഭജിച്ചിരുന്ന താത്കാലിക ഒടിഞ്ഞ പലക മാറ്റി ഞാൻ നോക്കി. നിശബ്ദയായി ബുക്കിൽ എന്തോ കുത്തിക്കുറിക്കുന്ന ഒരു കൊച്ചു സുന്ദരി. അവൾക്ക് ആ പേര് ചേരും — ബ്ലൂ ബേർഡ്.
പിന്നീട് ക്ലാസ് മുറിയിൽ മാത്രമല്ല എല്ലായിടത്തും സൂര്യകിരണങ്ങൾക്ക് നീല നിറം. അന്ന് വരെ ഞാൻ നോക്കാത്ത നീലപ്പൊന്മാന്റെ മീൻപിടുത്തം ഏറെനേരം നോക്കി നിന്നിട്ടുണ്ട്. പിന്നീട് എന്റെ കുസൃതി മാറി വികൃതിയായി. അവൾ വരുന്ന വഴിയിലും, എന്തിന് അവൾ വരുന്ന ബസ്സിലെ കണ്ടക്ടറിനെ സോപ്പിട്ട്, ബസ് ടിക്കറ്റിൽ വരെ എന്റെ നീല പക്ഷി വിരിഞ്ഞു.
അവസാനം ഞാൻ അവളുടെ മുൻപിൽ നേരിട്ട് അവതരിക്കാൻ തീരുമാനിച്ചു. സ്കൂൾ യുവജനോത്സവ ദിവസം . അവളുടെ നൃത്തം സ്റ്റേജിൽ നടക്കുന്നു, ദൂരെ വലിയ പേപ്പറിൽ അതുവരെ വരച്ചതിൽ ഏറ്റവും മനോഹരമായ നീല പക്ഷിയുടെ ചിത്രവുമായി ഞാൻ എഴുന്നേറ്റ് നിന്നു.
അവളുടെ ചുവടുകൾ തെറ്റി, മുഖത്തെ ഭാവങ്ങൾ മാറി, എന്റെ മനസ്സും ഇടറി. അവളുടെ നൃത്തത്തിലെ ലക്ഷ്മീദേവി മാറി,  രൗദ്ര ഭാവത്തോടെ ഭദ്രകാളിയാവുകയാണോ?
സ്വയം കീഴടങ്ങിയ എനിക്ക് മറുപടി ഒന്നും കിട്ടിയില്ല. എന്റെ നീല പക്ഷിയെ വരയ്ക്കുന്ന കുസൃതിയും നിന്നു. ഞാനാകെ നിരാശനായി ദിവസങ്ങൾ കഴിഞ്ഞുപോയി.
ഒരിക്കൽ ഞാനിരിക്കുന്ന ബഞ്ചിൽ ഒരു എഴുത്ത് —
“എന്താ ചിത്രകാരാ, നിന്റെ നിറങ്ങളിൽ നീല തീർന്നുപോയോ? എന്നാൽ എന്റെ മനസ്സിൽ നീ വരച്ച നീല പക്ഷി എപ്പോഴേ കൂടുകൂട്ടി കഴിഞ്ഞു.”
പെട്ടെന്ന് ഒരു മിന്നൽ പോലെ എന്റെ ക്ലാസ് മുറിയിലെ സൂര്യവെളിച്ചം വീണ്ടും നീല നിറം പ്രഭചൊരിഞ്ഞു.
അങ്ങനെ ആ നില പക്ഷി ചിത്രകാരനുമായി പ്രണയത്തിലായ്, 
വീണ്ടും അവൾക്കായ് ഞാൻ ചിത്രങ്ങൾ വരച്ചു കൊണ്ടേയിരുന്നു ചിത്രങ്ങൾ മാത്രമല്ല വാചകങ്ങളും,  എന്റെ ഭാവനയിൽ ആ നിലപക്ഷിയുടെ ചിത്രങ്ങളും വാചകങ്ങളും പ്രണയലേഖനത്തിൽ നിറഞ്ഞു. 
പിന്നീട് അങ്ങോട്ട് ഒരു സാഹിത്യ ഗവേഷണമായിരുന്നു അവൾക്കായ് വാചകങ്ങൾ തേടി ഞാൻ അലഞ്ഞു എന്തിന് നഗരത്തിലെ പരസ്യബോർഡിൽ കണ്ട പരസ്യ വാചകം വരെ ഞാൻ പേപ്പറിൽ കുറിച്ചു.  പക്ഷേ ഒറ്റുകാരി കൂടപ്പിറപ്പിന്റെ രുപത്തിൽ ആയിരുന്നു അവൾ മോഷ്ടിച്ച എന്റെ പ്രണയ ലേഖനം അമ്മയുടെ മുൻപിൽ സമർപ്പിച്ചു. അമ്മ അതിനെ നിരൂപണം നടത്തുകയും, കേരവൃക്ഷത്തിന്റെ പട്ടയുടെ മുദ്ര എന്റെ തുടയിൽ പതിപ്പിക്കുകയും ചെയ്തു .തുടർന്ന് എന്റെ നീലപക്ഷിയുടെ വീട്ടിൽ വിളിച്ച് അവളുടെ അച്ഛനോട് കാര്യം അവതരിപ്പിച്ചു. എന്റെ ഹൃദയം മുറിച്ച് അവർ അവളെ സ്കൂളിൽ നിന്ന് മാറ്റി.  പക്ഷേ എന്റെ മനസ്സിലെ നീലപക്ഷിയെ അകറ്റാൻ ആർക്കും കഴിഞ്ഞില്ല.  വീണ്ടും ഞാൻ അവളേ പിന്തുടർന്നു. പക്ഷേ അവൾ എന്നോട് മിണ്ടാതെയായി .ഒടുവിൽ അവൾക്ക് ശല്യമാക്കാതെ അവൾ അറിയാതെ ഞാൻ സ്നേഹിച്ചുകൊണ്ടിരിന്നു . ദിവസങ്ങൾ കടന്നുപോയി.  സ്‌കൂൾ പഠനവും കഴിഞ്ഞു .തുടർപ്പഠനത്തിനായി എറണാകുളത്തെ വ്യോമായാന പരിശീലന കേന്ദ്രത്തിൽ ഞാൻ ചേർന്നു. അപ്രദീക്ഷിതമായി അവിടെ അവളും ചേർന്നു. 
വീണ്ടും എന്റെ കണ്ണുകളിൽ നീലവെളിച്ചം മിന്നിമാഞ്ഞു, ഞാൻ വീണ്ടും അവൾക്കായ് ചിത്രങ്ങൾ വരച്ചുതുടങ്ങി. പക്ഷെ അവൾ എന്നിൽ നിന്ന് അകന്നു നിന്നു. വർഷങ്ങൾ കടന്നുപോയി .എനിക്ക് വിവാഹ ആലോചനകൾ തുടങ്ങിയപ്പോഴും , ഞാൻ അവളേ വിളിച്ചു .പക്ഷേ അവൾ അതിനും എതിർത്തു. 
വർഷങ്ങൾക്ക് അപ്പുറം ഞാനും കുടുബവും യുകെയിൽ നിന്ന് നാട്ടിലേക്കുള്ള വിമാനയാത്രയിൽ തലയിൽ ഒരു നീലത്തൊപ്പിയും നീലവേഷവും നീലനിറമുള്ള വീമാനത്തിൽ എയർഹോസ്റ്റസ്സ് ആയി അവൾ.  ഞാൻ എന്റെ ഭാര്യയോട് പറഞ്ഞു ,അതാണ് ഞാൻ പറയാറുള്ള നീലപക്ഷി. ഞാൻ ഭാര്യയുടെ കയ്യിൽ ഒരു നീലപക്ഷിയുടെ ചിത്രം വരച്ചുനൽകി, അത് അവൾക്ക് കൊടുക്കുവാൻ ഏല്പിച്ചു ഞാൻ അവിടെനിന്ന് മാറി.  പക്ഷേ അൽപ്പനേരത്തിന് ശേഷം ഒരു അനൗൺസ് മെന്റ് കേട്ടു. ഈ മനോഹര ചിത്രം വരച്ച ചിത്രകാരൻ,  എന്റെ കൂട്ടുകാരൻ ഇവിടെ ഉണ്ട് ഒന്ന് മുൻപോട്ട് വരു .അവൾ ഒരു ചിരിയോടെ സഹയാത്രികർക്ക് ബ്ലു ബേർഡ് നെ സ്നേഹിച്ച ചിത്രകാരന്റെ കഥപറഞ്ഞു. 
മേഘങ്ങൾക്കിടയിൽ, പഴയ ഓർമ്മകൾ ചിറകു വിരിച്ചപ്പോൾ അവൻ അവളോട് പറഞ്ഞു:
ബ്ലു ബേർഡ് … നീ നിന്റെ പേര് പോലെ തന്നെ പറന്നു, സ്വപ്നങ്ങളെ സ്വന്തമാക്കി.നിനക്കെന്നും അനന്ത വിഹായസ്സിൽ പറന്നുയരുവാൻ കഴിയുമാറാകട്ടെ......
-പ്രശാന്ത് പഴയിടം