പശ്ചിമേഷ്യൻ സംഘർഷം; നോർക്ക ഹെൽപ്‌ഡെസ്കില്‍ ലഭിച്ചത് 381 കോളുകള്‍
തിരുവനന്തപുരം: ഇസ്രായേൽ - ഇറാൻ സംഘർഷത്തെ തുടർന്ന് പ്രവാസി കേരളീയർക്കായും കുടുംബാംഗങ്ങള്‍ക്കുമായി സജ്ജീകരിച്ച നോർക്ക ഹെൽപ്‌ഡെസ്ക് നമ്പറുകളില്‍ ഇന്ന് രാവിലെ വരെ വന്നത് 381 കോളുകൾ. മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിര്‍ദ്ദേശാനുസരണമാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക നോർക്ക ഹെൽപ്‌ഡെസ്ക് നമ്പറുകൾ സജ്ജീകരിച്ചത്.
ഞായറാഴ്ച രാവിലെ 11:30 മണി വരെ ആകെ 381 കോളുകളാണ് ലഭിച്ചതെന്ന് നോര്‍ക്ക വകുപ്പ് സെക്രട്ടറി ടിവി അനുപമ അറിയിച്ചു. തൈക്കാട് നോര്‍ക്ക സെൻ്ററില്‍ ചേര്‍ന്ന അവലോകനയോഗത്തിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ നോർക്ക ഹെൽപ്‌ഡെസ്ക് പ്രവർത്തനം തുടരും. വിദേശത്തുനിന്നും 137 പേരും രാജ്യത്തിനുള്ളിൽ നിന്നും 244 പേരും ഹെൽപ്‌ഡെസ്കില്‍ ബന്ധപ്പെട്ടു.
വിമാന സർവീസുകളുടെ നിലവിലെ സ്ഥിതി, റദ്ദാക്കലുകൾ, യാത്രാ നിർദ്ദേശങ്ങൾ, സുരക്ഷാ നിർദേശങ്ങൾ എന്നിവ സംബന്ധിച്ചായിരുന്നു കൂടുതൽ അന്വേഷണങ്ങളും. ഗൾഫ് മേഖലയിൽ നിന്നുമുള്ള ഒഴിപ്പിക്കൽ സാധ്യതകളും യാത്രാ സുരക്ഷയും സംബന്ധിച്ചും അന്വേഷണങ്ങൾ ഉണ്ടായതായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും അറിയിച്ചു.