മന്ത്രി വീണ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ റിമാന്‍ഡിലായ കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി അപേക്ഷയും അന്ന് തന്നെ കോടതി പരിഗണിക്കും.
ജാമ്യാപേക്ഷയില്‍ ഇന്നലെ കോടതി വിശദവാദം കേട്ടിരുന്നു. ഉണ്ടായത് കരിങ്കൊടി പ്രതിഷേധം മാത്രമെന്നും വധശ്രമം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട പ്രോസിക്യൂഷന്‍, കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതല്‍ പേര്‍ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും കോടതിയില്‍ വാദിച്ചു.
പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.