പഴഞ്ചൊല്ലുകൾ തുടരുന്നു
1.'ഇല മുള്ളിൽ വന്നു പതിച്ചാലും മുള്ള് ഇലയിൽ ചെന്നു പതിച്ചാലും ഇലയ്ക്കാണ് കേട്.'
ഇല ഒരു നേർത്ത്,മൃദുലമായ വസ്തു ആണ്. മുള്ള് കൂർത്തതും നല്ല കട്ടിയുള്ളതും .ഇലയിൽ മുള്ളു കൊണ്ടാൽ അതു കീറിപ്പോകും മുള്ളിന് ഒരു കേടുപാടും സംഭവിക്കില്ല.
ഈ പഴഞ്ചൊല്ല് ഞങ്ങളുടെ ചെറുപ്രായത്തിൽ ഞങ്ങളുടെ അമ്മ ഞങ്ങളോട് എപ്പോഴും പറയുമായിരുന്ന ഒന്നാണ്. ഞങ്ങൾ എന്നുദ്ദേശിച്ചത് ഞാനുൾപ്പെടെ ആറു പെൺകുട്ടികളായിരുന്നു വീട്ടിൽ. അതിൽ മൂന്നു പേർ എന്റെ ഇളയവർ. ഞങ്ങൾ ഓരോരുത്തർ പ്രായപൂർത്തിയായപ്പോൾ അമ്മ പറയാറുണ്ടായിരുന്ന വാക്കുകൾ. മൂത്തവരോടും ഇതു പറഞ്ഞു കൊടുത്തിരിക്കണം. പക്ഷെ അന്ന് ഞങ്ങൾക്ക് അതു മനസ്സിലാക്കാൻ പ്രായമില്ലല്ലോ. പെണ്മക്കൾ വളർന്നു വരുമ്പോൾ ഒരോ അമ്മയുടെയും മനസ്സിൽ ആധിയാണ്.മകൾ അരുതാത്ത ബന്ധങ്ങളിൽ പെട്ടു പോകുമോ, വഴി പിഴച്ച് പേരു കേൾപ്പിക്കുമോ എന്നൊക്കെ. ആൺ മക്കളെ ക്കുറിച്ച് ആ വേവലാതിയില്ല കാരണം അവർ മുള്ളാണ്. ചാലിൽ ചവുട്ടി വെള്ളത്തിൽ കഴുകി കടന്നു പോകുന്നവർ. പെൺകുട്ടികൾ ഇലയാണ്. അവരിൽ നിന്നും അഴുക്ക് ഒരിക്കലും കഴുകി കളവാനാവില്ല.
ആ പോറൽ അല്ലെങ്കിൽ കീറൽ ഒരിക്കലും തുന്നി ചേർക്കാനാവില്ല
2.'ഇരിക്കുന്ന കൊമ്പിന്റ കട മുറിക്കരുത് '
ഒരാൾ മരത്തിന്റെ ശിഖരം മുറിക്കാൻ കയറിയെന്നോർക്കുക ശിഖരത്തിൽ കയറിയിരുന്നിട്ട് അതിന്റ താഴ്ഭാഗത്ത് വെട്ടിയാൽ എന്താണ് സംഭവിക്കുക, ശിഖരം മുറിഞ്ഞു വീഴുമ്പോൾ ഒപ്പം അയാളും വീഴും. അതാണ് ഇരിക്കുന്ന കൊമ്പിന്റ കട മുറിക്കരുത് എന്നു പറയുന്നത്. എന്നാൽ ജീവിതത്തോട് ബന്ധിപ്പിച്ചു ചിന്തിക്കുമ്പോൾ പലരും സ്വന്തം കുറ്റങ്ങളും കുറവുകളും പെരുപ്പിച്ചു കാട്ടി
കുടുംബത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും വില കെടുത്താനും മറ്റുള്ളവരോട് കൂട്ടുപിടിച്ച് സഹോദരങ്ങളെ മാത്രമല്ല മാതാപിതാക്കളെ പ്പോലും ചതിക്കാനും ചതിക്കുക മാത്രമല്ല ഉന്മൂലനാശം വരുത്താനും വ്യഗ്രത കാട്ടും.
3.'ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം '
അച്ചി എന്നാൽ ഭാര്യ. ഭാര്യയെ ഇഷ്ടമില്ലാത്ത ഒരാൾക്ക് ആ ഭാര്യ എന്തു ചെയ്താലും അതു കുറ്റമായിട്ടേ തോന്നു. ഇതു ഭാര്യാ ഭർതൃ ബന്ധത്തിൽ മാത്രമല്ല അമ്മായി അമ്മ മരുമകൾ തമ്മിൽ , സഹോദരങ്ങൾ തമ്മിൽ ,സഹോദര ഭാര്യമാർ തമ്മിൽ, നാത്തൂന്മാർ തമ്മിൽ, അയല്പക്കങ്ങൾ തമ്മിൽ അങ്ങനെ ഏതു ബന്ധത്തിലും ഒരാൾക്ക് മറ്റേ ആളെ ഇഷ്ടമില്ലെങ്കിൽ ആ ആൾ ചെയ്യുന്നതിലെല്ലാം കുറ്റവും കുറവും കാണാനേ നേരമുണ്ടാവു
അവനവന്റെ കുടുംബഭദ്രതയക്ക്
കോട്ടം വരുത്തി സ്വയം മുന്നേറാൻ ശ്രമിക്കരുത്.
4.'ഇരുന്നിട്ടേ കാൽ നീട്ടാവു.'
നാം നിൽക്കുന്ന നിൽപ്പിൽ കാൽ നീട്ടിയാൽ എന്താണു സംഭവിക്കുക . നാം പുറകുവശം അടിച്ച് നിലത്തു വീഴും. എന്നാൽ സ്വസ്ഥമായി ഒരിടത്തിരുന്നിട്ട് കാൽ നീട്ടി വച്ചാൽ ആ ഇരുപ്പ് സുഖകരമാകും.ഇതു ജീവിതത്തിൽ പ്രാവർത്തിക മാക്കേണ്ട ഒരു ചൊല്ലാണ്. വീട് പണിയെക്കുറിച്ച് ചിന്തിക്കുക. വാനം മാന്തി,കല്ലു കെട്ടി അതിൽ മണ്ണും കല്ലും ഒക്കെയിട്ട് നിറച്ചു കുറച്ചു നാൾ കഴിഞ്ഞിട്ടേ കട്ടിള വയ്പ്പും ഭിത്തി കെട്ടി പൊക്കലും നടത്തു. ഏതു പ്രസ്ഥാനം തുടങ്ങുമ്പോഴും അതിന്റെ അടിസ്ഥാനം ഭദ്രമാക്കിയിട്ടേ മുന്നോട്ട് കാൽ വയ്ക്കാവു എന്നർത്ഥം.
5.'ഇഞ്ചി തിന്ന കുരങ്ങിനെപ്പോലെ'
കുരങ്ങിന് സാധാരണ പ്രിയം പഴവർഗ്ഗങ്ങൾ ആണ് . ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ കുരങ്ങുകൾ കാറിനുള്ളിൽ നിന്നു പോലും നമ്മുടെ കയ്യിൽ നിന്നും എന്തും തട്ടിപ്പറിക്കും.പാസ്സ്പോർട്ടും ടിക്കറ്റും ഫോണും പേഴ്സും അടങ്ങിയ ബാഗ് വരെ കൊണ്ടു പോയ അനുഭവസ്ഥർ ഉണ്ട്. പൊതിയാണെങ്കിൽ പറയുകയും വേണ്ട. പൊതിക്കുള്ളിൽ എന്താണെന്നതിനറിയില്ലല്ലോ. ബേക്കറി ആയാലും ആഹാരമാ യാലും ചാടി ചാടി മരത്തിലോ നിലത്തോ കൊണ്ടു ചെന്നു തിന്നാൻ കൊതി പൂണ്ട് തുറക്കുമ്പോഴായിരിക്കും അതിനുള്ളിൽ മറ്റെന്തെങ്കിലു മാണെന്ന് അതറിയുന്നത്. അങ്ങനെയുള്ള അവസരത്തിൽ കുരങ്ങന്റെ മുഖത്തുണ്ടാകുന്ന ജാള്യത എങ്ങനെയുണ്ടാവും. അപ്പോൾ ഒരിഞ്ചിക്കഷണം കടിച്ചാലെങ്ങനെയുണ്ടാവും ആ കുരങ്ങന്റെ മുഖം.അതായിരിക്കും എന്തെങ്കിലും അബദ്ധം ചെയ്യാനിട വരുന്ന ഒരുവന്റെ മുഖത്തുണ്ടാവുന്ന മട്ടും ഭാവവും. തന്നിൽ നിന്നും ഇങ്ങനെയൊന്ന് ഉണ്ടായല്ലോ അല്ലെങ്കിൽ തനിക്കിങ്ങനെ ചെയ്യേണ്ടി വന്നു പോയല്ലോ എന്ന ജാള്യത.
6.'ഇളം കന്നിനു ഭയം അറിയില്ല '
കന്ന് എന്നു പറയുന്നത് ക്ടാവിനെ ആണ്. പശു പ്രസവിച്ചു കുഞ്ഞിനെ നക്കി മിനുക്കിയാൽ ഊനമൊന്നുമില്ലെങ്കിൽ കിടാവ് ചാടിയെഴുന്നേൽക്കും.അമ്മയുടെ അകിടു തപ്പി പാലു കുടിക്കും. പിന്നെ ചാടിത്തുള്ളി ഒരു നടപ്പാണ് അതിനു ഒന്നിനെയും ഭയമില്ല.
അതുപോലെയാണ് കുഞ്ഞുങ്ങളും.ഒന്നും തിരിച്ചറിയാത്ത പ്രായം.തീയിൽ
തൊട്ടാൽ പൊള്ളുമെന്നോ വെള്ളത്തിൽ വീണാൽ മുങ്ങി ചാകുമെന്നോ ഒന്നും അവർക്ക് അറിയില്ല.അതുകൊണ്ടു തന്നെ ഒന്നിനെയും ഭയമുണ്ടാകയില്ല. അതുകൊണ്ടു കുഞ്ഞുങ്ങൾ തിരിച്ചറിവാകുന്നതു വരെ വളരെ ശ്രദ്ധയോടെ പരിപാലിക്കണം
7.'ഇരിക്കേണ്ടിടത്ത് ഇരുന്നില്ലെങ്കിൽ അവിടെ നായ കയറി ഇരിക്കും.'
നായയുടെ ജോലി വീടു കാവലാണ്. അതിന്റെ സ്ഥാനം വീടിന് പുറത്തും.യജമാനന്റെ സ്ഥാനം വീടിനകത്ത്.അല്ലെങ്കിൽ പൂമുഖത്തു കസേരയിൽ. ആ കസേരയിൽ നായ കയറി ഇരുന്നാലോ?
ഇക്കാലത്തെ കാര്യമല്ല പറഞ്ഞു കൊണ്ടിരിക്കുന്നത്.ഇക്കാലത്തു വീട്ടിനുള്ളിൽ വളർത്തുന്ന നായ്ക്കൾ വിവിധയിനം ഉണ്ട്. അവയ്ക്ക് വീടിനുള്ളിൽ എവിടെയും സ്ഥാനവുമുണ്ട്.
ഈ ചൊല്ലിൽ നിന്നും നാം മനസ്സിലാക്കേണ്ടത് ഒന്നു മാത്രം. ഓരോരുത്തർക്കും ഒരോ സ്ഥാനമുണ്ട്. മേലധികാരിക്ക്,കീഴ് ജീവനക്കാരെ നിയന്ത്രിക്കാനോ ജോലി വേണ്ടവിധം ചെയ്യിപ്പിക്കാനോ കഴിവില്ലെങ്കിൽ
ആ മേലധികാരിയുടെ സ്ഥാനം മറ്റാരെങ്കിലും ഏറ്റെടുക്കും. ഒരു വീടായാൽ കുടുംബനാഥൻ കുടുംബം ഭരിക്കാൻ കഴിവില്ലാത്തവനെങ്കിൽ ഭാര്യയോ മക്കളോ ആ സ്ഥാനം കയ്യേൽക്കും. അതായത് സ്വന്തം സ്ഥാനം ഭദ്രമായി സൂക്ഷിക്കാൻ ഓരോരുത്തരും കടപ്പെട്ടവരാണ് അല്ലെങ്കിൽ ഉണ്ടാകുന്ന ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരും എന്നോർമ്മിപ്പിക്കുന്ന പഴഞ്ചൊല്ല് .
8.'ഇല നക്കി നായുടെ കിറി നക്കി നായ '
തെരുവു നായ്ക്കൾ എപ്പോഴും എച്ചിലിലകളിൽ നിന്നുള്ള ആഹാരമാണ് കഴിക്കാറ്
ആയത് അവ നക്കി നക്കിയാണ് വിഴുങ്ങാറ്. ഒരിലയ്ക്കു വേണ്ടി ഒരുപാട് നായ്ക്കൾ കടിപിടി കൂട്ടുന്നതു നമ്മൾ കണ്ടിട്ടുണ്ട്. എന്നാലും ഒന്നൊ രണ്ടോ നായ്ക്കൾക്കു മാത്രമേ ആ ഒരിലയിൽ നിന്ന് ആഹാരം ലഭ്യമാകു.അങ്ങനെ ലഭ്യമായ ഒരു നായുടെ വായുടെ വശങ്ങളിൽ പറ്റിയിരിക്കുന്ന ആഹാരത്തിന്റ അംശം ആഹാരം കിട്ടാത്തതോ കിട്ടിയതോ ആയ മറ്റൊരു നായ നക്കിയെടുക്കുന്ന ഒരു രീതി. ഇതു പോലെയുള്ള സ്വഭാവം മനുഷ്യർക്കും ഉണ്ട്. മറ്റുള്ളവർ എവിടെ നിന്നെങ്കിലും സ്വന്തം ആവശ്യത്തിനായി അല്പം പണമോ മറ്റെന്തെങ്കിലും സാധനമോ ചോദിച്ചു വാങ്ങി കൊണ്ടു വരുമ്പോൾ അതിന്റെ അംശം വാങ്ങാൻ ചിലർ ഒരുങ്ങി കാത്തുനിൽക്കുന്നുണ്ടാവും .
9.'ഇല്ലം മുടക്കി ചാത്തം ഊട്ടരുത്.'
നമ്പൂതിരിമാരുടെ മന അല്ലെങ്കിൽ വീടിനെയാണ് ഇല്ലം എന്നു പറയുന്നത്. ചാത്തം എന്നു പറഞ്ഞാൽ മരണാനന്തര അടിയന്തിരം. ശ്രാദ്ധം എന്നും പറയും.ഈ വാക്കാണ് നാടൻ ഭാഷയിൽ ചാത്തം ആയത്.
ചില അഭിമാനികൾ മറ്റുള്ളവരുടെ കയ്യിൽ നിന്നും ഒന്നും കടം വാങ്ങുകയില്ല. പക്ഷെ കാർന്നോന്മാരുടെ ശ്രാദ്ധം ഊട്ട് നാട്ടുകാരെ വിളിച്ചു നടത്തുകയും വേണം. അങ്ങനെയുള്ളവർ ഇല്ലം
പണയം വച്ച് കാശു വാങ്ങി അത് ഗംഭീരമായിത്തന്നെ നടത്തും
പറയുന്ന തീയതിയിൽ വാങ്ങിയ പണം തിരികെ കൊടുക്കാൻ
പറ്റാതെ വരുമ്പോൾ പണം കൊടുത്തവർ ഇല്ലം സ്വായത്ത മാക്കും.അതു കൊണ്ടാണ് ഇല്ലം മുടക്കി ചാത്തം ഊട്ടരുത് എന്നു പറയുന്നത് .
10.'ഇതിലും ബല്യ പെരുന്നാള് വന്നിട്ടു ബാപ്പ പള്ളീ പോയിട്ടില്ല പിന്നാ ഈ വെള്ളിയാഴ്ച '
ഇസ്ലാം മതസ്ഥർക്ക് വലിയ പെരുന്നാളാണ് ഏറ്റവും മുഖ്യ മായ വിശേഷദിവസം. അത് വെള്ളിയാഴ്ച ദിവസമായിട്ടു കൂടി പിതാവ് മസ്ജിതിൽ പോയിട്ടില്ല. പിന്നെയാ ഈ സാധാരണ വെള്ളിയാഴ്ച.വെള്ളിയാഴ്ചകളിൽ ആരും പള്ളിയിൽ പോകാതിരി ക്കയൊ ജുമാ നമസ്കാരം എത്തി ക്കാതിരിക്കയൊ ചെയ്യാറില്ല. പഴഞ്ചൊല്ല് ജീവിതവുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ
മനസ്സിലാക്കേണ്ടത് ഇതു ഒരു മതവുമായി മാത്രം ബന്ധപ്പെട്ട കാര്യമല്ല. ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധി വന്നിട്ടും ഭയപ്പെടാത്ത ഒരാൾ ചെറിയ കാര്യങ്ങളിൽ ഭയപ്പെടുമോ എന്നാണ്. വലുതും ചെറുതുമായ ഏതു പ്രതിസന്ധിയും നേരിടാൻ നാം തയ്യാറാവണം.
11.' ഇരുത്തം വന്ന നടത്തം '
ചിലർ വഴിയിൽ കൂടി നടക്കുമ്പോൾ കണ്ടു നിൽക്കുന്നവർ പറയുന്ന ഒരഭിപ്രായമാണിത്.ആ
പുള്ളിക്കാരന്റെ നടപ്പ് നല്ല ഇരുത്തം വന്ന നടപ്പാണ്. അവരുടെ വേഷം ശ്രദ്ധിച്ചാൽ അറിയാം ഡ്രസ്സ്,നന്നായി തേച്ച് വടിപോലാക്കി ധരിച്ചിരിക്കും. നല്ല ഗാംഭീര്യത്തോടെയുള്ള നടപ്പും സംസാരരീതിയും പെരുമാറ്റങ്ങളും .ഒരു ആഡ്യന്റെ സർവ്വ ലക്ഷണങ്ങളും ഒത്തിണങ്ങിയ മാന്യൻ.
12.'ഇന്നലെ പെയ്ത മഴയ്ക്ക് ഇന്നു കുരുത്ത തകര '
തകര ഒരു ചെറിയ സസ്യമാണ് . ഒരു നല്ല മഴ പെയ്താൽ ആ സസ്യം പൊട്ടിമുളച്ച് ആർത്തു വളരും. വീണ്ടും ഒരു ഉണക്ക് വന്നാൽ ആ സസ്യം വരണ്ട് ഉണങ്ങിപ്പോകും.ഇതുപോലെ പല മനുഷ്യർക്കും സംഭവിക്കാറുണ്ട്. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ആൾ വലിയ ധനികനായി മാറും. അതിനനുസരിച്ചു ആർഭാട ജീവിതവും തുടങ്ങും. കൂട്ടുകാരും ഏറും.അങ്ങനെ വീണ്ടും പഴയ നിലയിലേക്ക് എത്തിപ്പെടും.