പഴഞ്ചൊല്ലുകൾ  തുടരുന്നു ' ഉ ' Mary Alex (മണിയ )

പഴഞ്ചൊല്ലുകൾ  തുടരുന്നു ' ഉ ' Mary Alex (മണിയ )
1.'ഉച്ചിയിൽ പൂക്കും മുൻപേ  പോരണം '
പഴയ കാലത്ത് അമ്മമാർ ആൺമക്കളോട് പറയാറുള്ള ചൊല്ലാണിത്.വിവാഹം കഴിഞ്ഞ് പുതുമോടിയിൽ നാലു ദിവസം മറുവീട്. ഭാര്യ വീട്ടിൽ പോയി താമസിക്കാൻ ഒരുങ്ങുന്ന ആൺമക്കൾ ഭാര്യ വീട്ടിലെ സ്വീകരണവും സൽക്കാരങ്ങളും മനസ്സിൽ കണ്ട് അവിടെ സ്ഥിരം തങ്ങിക്കളയാം എന്നു ചിന്തിക്കും.
സ്വന്തം വീട്ടിലാണല്ലോ അവർ അത്രകാലം താമസിച്ചു വളർന്നത്
ആ ചുറ്റുപാടിൽ നിന്നും ഒരു മോചനവും ആകും ഭാര്യ വീട്ടിലെ താമസം. എന്നാൽ ദിവസങ്ങൾ ചെല്ലുന്തോറും ആ വീട്ടിലെ സ്വാതന്ത്ര്യവും സൽക്കാരവും കുറഞ്ഞു കുറഞ്ഞു വരും. ഒടുവിൽ ഭക്ഷണത്തിനിരിക്കു
മ്പോൾ മുൻപിൽ പാത്രത്തിൽ കഞ്ഞിയും അതിന്റെ നടുവിലായി ഒരു പിടി തേങ്ങ ചിരകിയതുമായി കിട്ടും. അപ്പോഴാണ് അമ്മയുടെ വാക്കിന്റെ പൊരുൾ മകൻ മനസ്സിലാക്കുന്നത്. ഉച്ചിയിൽ പൂക്കും മുൻപേ പോരണം എന്ന്.
ഭാര്യ വീട്ടിലെ സൽക്കാരത്തിന്റെ കലാശക്കൊട്ടാണ് മുന്നിൽ എത്തിയിരിക്കുന്നത്.പിറ്റേന്നു തന്നെ ആൾ ഭാര്യയുമൊത്ത് സ്വന്തം വീട്ടിലേക്ക് പുറപ്പെടുകയായി.
2.' ഉപ്പു തിന്നവൻ വെള്ളം കുടിക്കും '
 ഉപ്പു തിന്നാൽ വല്ലാത്ത പരവേശം ഉണ്ടാകും. ഉപ്പിന്റ അള വനുസരിച്ച് വെള്ളം കുടിച്ചു കൊണ്ടേ ഇരിക്കും. ഇവിടെ ഈ പഴഞ്ചൊല്ല് ഉപ്പിനെ അല്ല വിരൽ ചൂണ്ടുന്നത്. തെറ്റു ചെയ്യുന്നവൻ ശിക്ഷ അനുഭവിച്ചു തന്നെ ആകണം എന്നാണ്. എന്തു തെറ്റായാലും ആയതിന് ഒരു ശിക്ഷ ദൈവത്തിന്റ നിശ്ചയം ആണ്. അതു അപ്പോഴല്ലെങ്കിൽ പിന്നീട് നാം അനുഭവിച്ചേ ഒക്കു.
അതിനാൽ അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്യാതിരിക്കുക. അറിയാതെ വന്നു ഭവിക്കുന്നത് ദൈവം പൊറുക്കും.
3.'ഉണ്ട ചോറിൽ കല്ലിട്ടാൽ കണ്ടവരെല്ലാം ശത്രുക്കൾ '
ഉണ്ട ചോറിനു നന്ദി വേണം എന്നൊരു ചൊല്ല് നമുക്കറിയാം. ഇവിടെ നന്ദിക്കു പകരം കല്ലിടുന്ന പ്രവണത. ചോറു നൽകിയ കയ്ക്ക് തിരിഞ്ഞു കടിക്കരുത്. എന്നു പറയുന്നതും നമുക്ക് മനസിലാക്കാം .എന്നാൽ ഉണ്ട ചോറിനു നന്ദികേട് കാട്ടുക. അങ്ങനെ കാട്ടിയാൽ എല്ലാവർക്കും അതു കാട്ടിയവനോട് ദേഷ്യവും അവഗണനയും ആയിരിക്കും ഫലം.എല്ലാവരും ആ ആൾക്ക് ശത്രുക്കളായി മാറും. നന്ദിയില്ലാത്തവൻ എന്നു മുദ്ര കുത്തപ്പെടുകയും ചെയ്യും. അതുകൊണ്ടു ഒരിക്കലും  ഭക്ഷണം തരുന്നവരെ നിന്ദിക്കരുത്. അവരോട് നന്ദികേട് കാണിക്കുകയും അരുത്.
4.'ഉണ്ണുന്നോനറിയില്ലെങ്കിൽ വിളമ്പുന്നോനറിയണം '
 ഉണ്ണാനിരിക്കുന്നവർ പന്തിയിൽ ഇരുന്ന് ഊണ് കഴിക്കുകയേയുള്ളു. അവർക്ക് കലവറയിലെ കാര്യം അറിയണമെന്ന് നിർബന്ധമില്ല.
വേണ്ടതും വേണ്ടാത്തതും ചോദിച്ചു വാങ്ങി ഇല നിറയ്ക്കും. എന്നാൽ കഴിച്ച് തീർക്കുകയുമില്ല. വെറുതേ വേസ്റ്റ് ആക്കിയിട്ടു എഴുന്നേൽക്കും.  വിളമ്പുന്നവരാകട്ടെ കലവറയിലെ സുഭിക്ഷതയും പരിമിതികളും അറിയേണ്ടത് അത്യന്താപേക്ഷി
തമാണ്.അതറിഞ്ഞു വിളമ്പി മുന്നോട്ടു പോകുകയാണെങ്കിൽ എല്ലാവർക്കും എല്ലാം കൊടുത്ത് തികക്കാനും തൃപ്തരാക്കാനും സാധിക്കും.
5.'ഉലുന്തന്റെ മൊതല് ഉറുമ്പുണ്ട് പോകും.' 
 ഉലുന്തൻ എന്നാൽ ലുബ്ധൻ. എത്രയുണ്ടെങ്കിലും ഉണ്ണാതെ ഉടുക്കാതെ സമ്പാദിക്കും.പക്ഷെ ഒന്നിനും ചെലവാക്കുകയില്ല. അങ്ങനെ സമ്പാദിക്കുന്നത് ആർക്കും ഉപകാരപ്പെടാതെ വ്യർ ത്ഥമായിപ്പോകും എന്നർത്ഥം.
6.'ഉരല് ചെന്ന് മദ്ദളത്തോട്.'
പഴയകാലത്ത് എല്ലാ വീടുകളിലും ഉരലും ഉലക്കയും ഉണ്ടാവും. അതുപോലെ അരകല്ലും പിള്ളയും ഉരൽ പൊടിക്കാനും അരകല്ല് അരയ്ക്കാനും. ഉരലിൽ പൊടിക്കേണ്ട സാധനം ഇട്ട് ഉലക്ക കൊണ്ട് കുത്തിക്കുത്തിയാണ് പൊടിക്കുക. ഒന്നും രണ്ടും പേർ നിന്ന് നല്ല താളത്തിൽ നെല്ലു കുത്തിയും അരി പൊടിച്ചും എടുക്കുന്നത് കാണാൻ നല്ല ചന്തമാണ്. അതുപോലെ പക്കമേളക്കാരുടെ വീടുകളിൽ ചെണ്ടയും മദ്ദളവും മറ്റു വാദ്യഘോഷ ഉപകരണങ്ങളും കാണും. ചെണ്ടയിൽ കോലു കൊണ്ടോ കൈകൊണ്ടോ തട്ടിയാണ് ശബ്ദം പുറപ്പെടുവിക്കുന്നത്. ഒരു വിധത്തിൽ പറഞ്ഞാൽ ഉരലിനു ഉലക്ക കൊണ്ടും ചെണ്ടക്ക് കോലു  കൊണ്ടും അടി കിട്ടും. രണ്ടിനും അനുഭവം ഒന്നു തന്നെ.  ഒരേ അനുഭവം ഉള്ളവർ തമ്മിൽ അനുഭവം പങ്കിട്ട് എന്തെങ്കിലും നിവാരണം കണ്ടെത്താൻ ശ്രമിക്കുന്നത്  പ്രയോജനമില്ലാത്ത സംഗതിയാണ്. അതാണ് ഉരൽ ചെന്ന് മദ്ദളത്തോട് പതം പറയുക എന്ന് അർത്ഥമാക്കുന്നത്.
7.'ഉടമയുടെ കണ്ണ് ഒന്നാന്തരം വളം.'
കൃഷിയിടങ്ങളിൽ സ്ഥലമൊരുക്കൽ മുതൽ  വിളവെടുപ്പ് വരെ കാലാകാലങ്ങ ളിൽ  നടീലും ഇടയിളക്കലും വളം ചെയ്ത്തും നനക്കലും ഒക്കെ ചെയ്യുന്ന ജോലിക്കാർക്ക്‌ മേൽനോട്ടം വഹിച്ച് ഉടമസ്ഥൻ കൃഷിസ്ഥലത്തുണ്ടായാൽ  ആ കൃഷി വളരെ മെച്ചപ്പെട്ടതായി മാറും.എന്ത് എപ്പോൾ എങ്ങനെ ചെയ്യണം എന്ന് ഉടമയ്ക്ക് അറിയാം അല്ലെങ്കിൽ അറിഞ്ഞിരിക്കണം.ഉടമസ്ഥൻ തന്റെ സ്ഥലത്തോടും കൃഷിയോടും ആൽമാർത്ഥത പുലർത്തുന്ന ആളാണെങ്കിൽ കൃഷി വളരെ മെച്ചപ്പെടും എന്നർത്ഥം.
8.'ഉള്ളി തൊലി കളഞ്ഞ പോലെ.'
 ചിലർ ചില കാര്യങ്ങൾ അവതരിപ്പിക്കുന്നത് എന്തോ വലിയ കാര്യം എന്ന മട്ടിൽ ആണ്. കാര്യം നിസ്സാരമാണെങ്കിലും പറഞ്ഞു പെരുപ്പിക്കാൻ നല്ല കഴിവാണവർക്ക്. അവസാനം അക്കാര്യം വിശകലനം ചെയ്തു വരുമ്പോൾ ഒരു കഴമ്പുമില്ലാതെ വെറും നിസ്സാരം.ആ അവസരങ്ങളിൽ ഈ പഴഞ്ചൊല്ല് പ്രയോഗിക്കാറുണ്ട്. നമുക്കറിയാം ഉള്ളി പുറംതോലു കളഞ്ഞാലും പിന്നെയും അടുക്കടുക്കായി ഇതളുകൾ ആണ്. അവ ഓരോന്നായി അടർത്തി മാറ്റിയാൽ അവസാനം ഒന്നുമില്ലാത്ത അവസ്ഥയിൽ എത്തും. അതുകൊണ്ടാണ് ഈ പ്രയോഗം നിലവിൽ വന്നത്.
9.'ഉടുത്തു നടന്നാൽ വമ്പ് ഉടുക്കാതെ നടന്നാൽ ഭ്രാന്ത്‌.'
 ദരിദ്രയായൊരു പെൺകുട്ടി അല്പം ഭേദപ്പെട്ട രീതിയിൽ വസ്ത്രം ധരിച്ചു നടന്നാൽ അവളെ ഒരു അഹങ്കാരിയായി ആളുകൾ എണ്ണും. അല്ലെങ്കിൽ അവളുടെ ഒരു ഹുങ്ക് എന്നു പറയും. അതേ സമയം അവൾ അവളുടെ ഇല്ലായ്മ കൊണ്ട് വസ്ത്രം ധരിക്കാതെ നടന്നാലോ അവളെ ഒരു ഭ്രാന്തിയായി മുദ്ര കുത്തും. അതാണ് ഇന്നത്തെ ലോകം.സമ്പത്ത് ഉള്ളവർക്ക് മാത്രമേ ഉടുത്തൊരുങ്ങി നടക്കാൻ അവകാശമുള്ളു എന്ന കാഴ്ചപ്പാട് കാണിക്കുന്ന പഴഞ്ചൊല്ല്.
10.'ഉണ്ണാൻ വിളിക്കുമ്പം ആശാരി മേട്ടോടു മേട്ടം.'
    പഴയ കാലത്തെ ചൊല്ലുകളാ ണല്ലോ പഴഞ്ചൊല്ല്. വീടു പണിക്കും മറ്റും വരുമ്പോൾ പെട്ടെന്ന് പണി തീരാൻ അല്ലെങ്കിൽ തീർക്കാൻ ഉടമ പണിക്കാരെ കൂട്ടത്തോടെയാണ്‌ വിളിക്കാറ്. പണിയുന്നിടത്ത് താമസിപ്പിച്ച് ആഹാരവും കൊടുത്താണ് പണിയിപ്പിക്കാറ്. കല്പണിക്കാരും തടിപ്പണിക്കാരും അങ്ങനെ പല ഗ്രൂപ്പുകളായി പണിക്കെത്തും. പണിയുന്നതിനിടയിൽ നാട്ടിലെ സർവ്വ കാര്യങ്ങളും ചർച്ചാ വിഷയമാക്കി അവർ പണിതു കൊണ്ടിരിക്കും. ഇടയ്ക്ക് തട്ടലും മുട്ടലുമായി പണി ഇഴഞ്ഞു പൊയ്ക്കൊണ്ടുമിരിക്കും. എന്നാൽ അവരെ ഊണ് കഴിക്കാൻ വിളിച്ചെന്നിരിക്കട്ടെ ആ സമയം അവർ വളരെ ആൽമാർത്ഥമായ പണിയിൽ ആയിരിക്കും. ഉടമ അല്ലെങ്കിൽ ഉടമയുടെ ആൾക്കാരാണല്ലോ വന്ന് ഊണ് കഴിക്കാൻ വിളിക്കുന്നത്. അപ്പോൾ അവരെ പണിയിലുള്ള  ശുഷ്‌കാന്തി കാണിക്കാനുള്ള തത്രപ്പാട്.
11.'ഉചിതം ചെയ്യാഞ്ഞാൽ ഊക്കനും  കുനിയും.'
 എത്ര വലിയ ശക്തിമാനും പണക്കാരനുമാണെങ്കിലും അർഹതപ്പെട്ടവർക്ക് ഉപകാരം ചെയ്യാതിരുന്നാൽ അവന്റ ശിരസ്സ് കുനിഞ്ഞു നടക്കേണ്ട അവസ്ഥ ഉണ്ടാകും. മറ്റുള്ളവർ അവനെക്കൊണ്ട് ഒന്നിനും കൊള്ളാത്തവൻ മറ്റുള്ളവർക്ക് ഉപകരിക്കാത്തവൻ എന്നൊക്കെ പറഞ്ഞ് അവനെ സമൂഹത്തിൽ താഴ്ത്തിക്കെട്ടും.അങ്ങനെ അവന്റ തല കുനിഞ്ഞു പോകുന്ന അവസ്ഥയിൽ എത്തിപ്പെടും.
12.'ഉച്ചയ്ക്ക് അരി കൊണ്ടു ചെന്നിട്ട് വച്ചു തരാത്തവളാണോ പാതിരയ്ക്ക് നെല്ലു കൊണ്ടു ചെന്നിട്ട് വച്ചു തരുന്നത്.'
 ഒരു ഭാര്യ അവളുടെ കടമകൾ നിർവഹിക്കാൻ വിമുഖത കാട്ടുമ്പോൾ ഈ ചൊല്ല് 
ചേരുംപടിയാണ്. ഉച്ചയ്ക്ക് അരി കൊണ്ടു ചെന്നിട്ട് വച്ചു തരാത്തവൾ പാതിരക്കു നെല്ലു കൊണ്ടേ കൊടുത്തിട്ട് വച്ചു തരുന്നത്. എത്ര ഇല്ലായ്മയിലും പിറ്റേന്നത്തേക്ക് ഒരു പിടി അരി കരുതി വയ്ക്കുക എന്നത് ഒരു ഉത്തമ ഭാര്യയുടെ ലക്ഷണമാണ്.
ഇവിടെ അരി കൊണ്ടു ചെന്നിട്ടുപോലും വച്ചു കൊടുക്കാൻ അവർ മടി കാണിക്കുന്നു. അപ്പോൾ നെല്ലായി കൊണ്ടുചെന്നാൽ എങ്ങനെ അവൾ അതു വച്ചുകൊടുക്കും നെല്ല് കുത്തി പാറ്റി അരി തിരിച്ചെടുത്തിട്ടു വേണം കഞ്ഞി വയ്ക്കാൻ. മടിച്ചിയായ ഭാര്യയെ പറ്റി ഭർത്താവിന്റെ പരാതിയാണത്.