ഗൾഫ് വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിവസത്തിലേക്ക് കടന്നതോടെ പശ്ചിമേഷ്യൻ വ്യോമാതിർത്തികളിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, ഇന്ത്യ- ഗൾഫ് --വിമാന സർവീസുകൾ ചൊവ്വാഴ്ച മുതൽ ഭാഗികമായി പുനരാരംഭിച്ചു. വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യൻ വിമാനക്കമ്പനികൾ പ്രത്യേക റിലീഫ് സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇൻഡിഗോ എയർലൈൻസ് മാർച്ച് 3-ന് ജെദ്ദയിൽ നിന്ന് ഇന്ത്യയിലേക്ക് 10 പ്രത്യേക വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിൽ മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കുള്ള നാല് വിമാനങ്ങൾക്ക് ഇതിനകം തന്നെ പ്രവർത്തനാനുമതി ലഭിച്ചിട്ടുണ്ട്.
ജെദ്ദ സെക്ടറിൽ സർവീസുകൾ സജീവമായെങ്കിലും അബുദാബി, ദോഹ, കുവൈത്ത്, റിയാദ് തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രാക്ലേശം തുടരുകയാണ്. ആകാശ എയർ മാർച്ച് 3, 4 തീയതികളിൽ മുംബൈ-ജെദ്ദ-മുംബൈ റൂട്ടിൽ പ്രത്യേക സർവീസുകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ റിയാദും അബുദാബിയും ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ മാർച്ച് 4 വരെ നിർത്തിവെച്ചിരിക്കുകയാണ്.
നിലവിലെ സാഹചര്യത്തിൽ യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ യാത്രാസമയത്തിൽ മാറ്റമുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു