വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ അടിയന്തര ഇടപെടൽ വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Mar 6, 2026 - 14:55
 0  7
വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ   അടിയന്തര ഇടപെടൽ വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

ഗൾഫ് രാജ്യങ്ങളിൽ പ്രവാസികൾ നേരിടുന്ന പ്രതിസന്ധികളിൽ അടിയന്തര ഇടപെടൽ തേടി പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ കുറവ് മൂലം ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ അവിടെ കുടുങ്ങിക്കിടക്കുന്ന സാഹചര്യം അങ്ങേയറ്റം ആശങ്കാജനകമാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ വിമാനക്കമ്പനികൾ ഈടാക്കുന്ന അമിതമായ ടിക്കറ്റ് നിരക്ക് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവുന്നതിലപ്പുറമാണ്. ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാനും മുൻഗണനാ അടിസ്ഥാനത്തിൽ വിമാന സർവീസുകൾ വർദ്ധിപ്പിക്കാനും കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

രോഗികൾ, പ്രായമായവർ, ഗർഭിണികൾ, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ എന്നിവരെ മുൻഗണനാ ക്രമത്തിൽ നാട്ടിലെത്തിക്കാൻ ഇന്ത്യൻ മിഷനുകൾ വഴി പ്രത്യേക രജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്തേണ്ടതുണ്ട്. കൂടാതെ, ദുബായ്, അബുദാബി തുടങ്ങിയ വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനിടയിൽ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് ലഗേജോ താമസസൗകര്യമോ ഇല്ലാതെ പാതിവഴിയിൽ കുടുങ്ങിപ്പോയ യാത്രക്കാരുടെ അവസ്ഥയും കത്തിൽ പ്രത്യേകം സൂചിപ്പിച്ചു. ഇവർക്കായി പ്രത്യേക ഹെൽപ്പ് ലൈൻ ആരംഭിക്കണമെന്നും സന്ദർശക വിസയിലുള്ളവരുടെ മടക്കയാത്ര ഏകോപിപ്പിക്കണമെന്നും കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്