പ്രവാസികളുടെ 'ഷെയറിങ്' താമസത്തിന് കടുത്ത നിയന്ത്രണങ്ങളുമായി ദുബായ്
ദുബായ്: വാടക കുറയ്ക്കുന്നതിനായി പ്രവാസികൾക്കിടയിൽ വ്യാപകമായ ഷെയർഡ് അപ്പാർട്ട്‌മെന്റുകൾക്കും ബെഡ് സ്പേസുകൾക്കും ദുബായിൽ ഇനി കടുത്ത നിയന്ത്രണം. നിയമവിരുദ്ധമായ താമസസൗകര്യങ്ങൾ തടയുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി ദുബായ് ഭരണകൂടം പുതിയ നിയമം പ്രഖ്യാപിച്ചു. നിയമം ലംഘിക്കുന്നവർക്ക് 5 ലക്ഷം ദിർഹം വരെ പിഴ ചുമത്താനാണ് തീരുമാനം.
അനധികൃതമായി ആളുകളെ താമസിപ്പിക്കുന്നത് തടയാനും നഗരത്തിലെ ജനസാന്ദ്രത ക്രമീകരിക്കാനുമാണ് പുതിയ നീക്കം. ഒന്നിലധികം കുടുംബങ്ങൾ ചേർന്നോ, ബാച്ചിലർ(കുടുംബം ഇല്ലാത്തവർ)മാരും കുടുംബങ്ങളും ചേർന്നോ ഒരേ ഫ്ളാറ്റ് ഷെയർ ചെയ്ത് താമസിക്കുന്നതിന് അനുമതി നിർബന്ധമാക്കി.
താമസക്കാർ അറിഞ്ഞിരിക്കേണ്ട 6 പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്.
മുനിസിപ്പാലിറ്റി അനുമതി നിർബന്ധം: ഇനിമുതൽ ഒരു അപ്പാർട്ട്‌മെന്റ് ഷെയർഡ് ഹൗസിംഗാക്കി മാറ്റാൻ ദുബായ് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക അനുമതി പത്രം വേണം. ജനസാന്ദ്രത കണക്കിലെടുത്ത് മുനിസിപ്പാലിറ്റി നിശ്ചയിക്കുന്ന മേഖലകളിൽ മാത്രമേ ഇത്തരം താമസസൗകര്യം അനുവദിക്കൂ.
താമസക്കാരുടെ എണ്ണത്തിൽ നിയന്ത്രണം: ഒരു മുറിയിൽ എത്രപേർക്ക് താമസിക്കാം എന്നതിൽ വ്യക്തമായ നിബന്ധനകൾ വരും. ഓരോ താമസക്കാരനും നിശ്ചിത വിസ്തീർണ്ണം ഉറപ്പാക്കണം.
ലൈസൻസുള്ളവർക്ക് മാത്രം അനുവാദം: കെട്ടിട ഉടമയ്ക്കോ അംഗീകൃത റിയൽ എസ്റ്റേറ്റ് കമ്പനിക്കോ മാത്രമേ മുറികൾ ഷെയറിംഗിന് നൽകാൻ അനുവാദമുള്ളൂ. ഫ്ലാറ്റ് വാടകയ്‌ക്കെടുത്തയാൾ അത് വീണ്ടും മുറിച്ചോ ബെഡ് സ്പേസായോ മറ്റൊരാൾക്ക് വാടകയ്ക്ക് നൽകുന്നത് കുറ്റകരമാണ്.
ഡിജിറ്റൽ ട്രാക്കിംഗ്: താമസക്കാരുടെ വിവരങ്ങൾ ഉൾപ്പെടുത്തി ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് പ്രത്യേക ഇലക്ട്രോണിക് രജിസ്ട്രി തയ്യാറാക്കും. ഷെയർഡ് ഹൗസിംഗിനായി പ്രത്യേക ‘റെന്റ് ഇൻഡിക്കേറ്ററും’ വരും.
സുരക്ഷാ മാനദണ്ഡങ്ങൾ: ഫയർ സേഫ്റ്റി, ശുചിത്വം എന്നിവയിൽ വിട്ടുവീഴ്ചയുണ്ടാകില്ല. മാനദണ്ഡങ്ങൾ പാലിക്കാത്ത യൂണിറ്റുകളുടെ പെർമിറ്റുകൾ റദ്ദാക്കും.
കനത്ത പിഴ: നിയമലംഘകർക്ക് 500 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെയാണ് പിഴ. കുറ്റം ആവർത്തിച്ചാൽ പിഴ 10 ലക്ഷം ദിർഹം വരെയാകാം. കൂടാതെ ജല-വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും.
നിലവിൽ ഇത്തരം സൗകര്യങ്ങളിൽ താമസിക്കുന്നവർക്കും ഇത് നടത്തുന്നവർക്കും നിയമവുമായി പൊരുത്തപ്പെടാൻ ഒരു വർഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷമാകും നിയമം പൂർണ്ണമായി പ്രാബല്യത്തിൽ വരിക.