ഇന്ധന പ്രതിസന്ധി: പാകിസ്ഥാൻ വർക്ക് ഫ്രം ഹോമിലേക്ക്

Mar 5, 2026 - 19:21
 0  5
ഇന്ധന പ്രതിസന്ധി: പാകിസ്ഥാൻ വർക്ക് ഫ്രം ഹോമിലേക്ക്
ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി രാജ്യവ്യാപകമായി വർക്ക് ഫ്രം ഹോം നടപ്പിലാക്കാൻ പാകിസ്ഥാൻ. ലോകത്തിലെ പ്രധാന എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലുണ്ടായ ചരക്കുനീക്ക തടസ്സങ്ങളെത്തുടർന്നാണ് തീരുമാനം. രാജ്യത്തെ ഇന്ധന ഉപയോഗം നിയന്ത്രിക്കാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമാണ് ഈ നിർദ്ദേശമെന്ന് 'പാകിസ്ഥാൻ കണക്ട്' റിപ്പോർട്ട് ചെയ്തു.
ഗൾഫ് സംഘർഷങ്ങൾ ആഗോള ഊർജ്ജ വ്യാപാരത്തെ ബാധിച്ചാൽ ആഭ്യന്തര പെട്രോളിയം വിതരണം സുസ്ഥിരമായി നിലനിർത്തുക എന്ന ലക്ഷ്യവും നീക്കത്തിന് പിന്നിലുണ്ട്.
ധനമന്ത്രി മുഹമ്മദ് ഔറംഗസേബിന്റെ നേതൃത്വത്തിലുള്ള സർക്കാർ സമിതി കഴിഞ്ഞദിവസം രാജ്യത്തെ ഇന്ധന സാഹചര്യം വിലയിരുത്തി. എണ്ണശേഖരം, ദ്രാവക പ്രകൃതിവാതകം (LNG), ദ്രാവക പെട്രോളിയം വാതകം (LPG) എന്നിവയുടെ ലഭ്യത യോഗം ചർച്ച ചെയ്തു. നിലവിൽ ഏകദേശം നാലാഴ്ചത്തേക്കാവശ്യമായ പെട്രോൾ, ഡീസൽ ശേഖരം രാജ്യത്തുണ്ടെന്നും ഉടനടി ക്ഷാമമുണ്ടാകില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എങ്കിലും അന്താരാഷ്ട്ര കപ്പൽ ഗതാഗത തടസ്സങ്ങൾ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് മുൻകരുതൽ പദ്ധതികൾ സർക്കാർ തയ്യാറാക്കുകയാണ്.