ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിക്കരുത്; ഹൈക്കോടതിയിൽ സർക്കാർ

Mar 5, 2026 - 19:08
Mar 5, 2026 - 19:09
 0  4
ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിക്കരുത്; ഹൈക്കോടതിയിൽ  സർക്കാർ

തൊണ്ടിമുതൽ കേസിൽ ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീലിനെ ഹൈക്കോടതിയിൽ സർക്കാർ ശക്തമായി എതിർത്തു. തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കണ്ടെത്തൽ വിചാരണ കോടതി തെളിവുകൾ സഹിതം സ്ഥിരീകരിച്ചതാണെന്നും അതിനാൽ ശിക്ഷാ നടപടികൾ മരവിപ്പിക്കരുതെന്നും സർക്കാർ കോടതിയെ അറിയിച്ചു.

തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആന്റണി രാജു കോടതിയെ സമീപിച്ചതെന്നും എന്നാൽ ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ആവശ്യം മാത്രമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമാണ് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കേണ്ടതെന്നും ഈ കേസിൽ അത്തരമൊരു സാഹചര്യമില്ലെന്നും സർക്കാർ കോടതിയിൽ വാദിച്ചു. നേരത്തെ കേസ് പരിഗണിച്ച വേളയിൽ, ആന്റണി രാജുവാണ് കൃത്രിമം നടത്തിയതെന്നതിന് എന്ത് തെളിവാണ് ഉള്ളതെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇതിന് മറുപടിയായി, തൊണ്ടിമുതലിൽ മാറ്റം വരുത്തിയത് ആന്റണി രാജുവാണെന്ന് കീഴ്ക്കോടതി വ്യക്തമായി കണ്ടെത്തിയിട്ടുണ്ടെന്ന് സർക്കാർ കോടതിയിൽ ആവർത്തിച്ചു.

നെടുമങ്ങാട് കോടതിയുടെ വിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. സെഷൻസ് കോടതിയുടെ ഈ ഉത്തരവ് ചോദ്യം ചെയ്താണ് അദ്ദേഹം ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.