ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി ഇന്ത്യൻ പ്രതിനിധി പാകിസ്ഥാനിൽ
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മുതിർന്ന ഉദ്യോഗസ്ഥനെ പാകിസ്ഥാനിലേക്ക് അയച്ച് ഇന്ത്യ. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ദേശീയ കോഓർഡിനേറ്റർമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് ഇന്ത്യൻ പ്രതിനിധി ഇസ്ലാമാബാദിലെത്തിയത്. ഇന്ത്യ-പാക് ബന്ധം സംഘർഷഭരിതമായി തുടരുന്നതിനിടെയാണ് ഈ നീക്കം.
എസ്.സി.ഒ ദേശീയ കോഓർഡിനേറ്റർമാരുടെ കൗൺസിൽ വർഷംതോറും മാറുന്ന അധ്യക്ഷസ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേരുന്നത്. ഓഗസ്റ്റ് 31–സെപ്റ്റംബർ 1 തീയതികളിലെ ബിഷ്കെക് ഉച്ചകോടിക്ക് ശേഷം പാകിസ്ഥാൻ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതോടെയാണ് യോഗം ഇസ്ലാമാബാദിൽ നടന്നത്.
എസ്.സി.ഒ അംഗമെന്ന നിലയിൽ ഇന്ത്യയ്ക്ക് യോഗത്തിൽ പങ്കെടുക്കേണ്ടത് സംഘടനാപരമായ ബാധ്യതയായിരുന്നു. ഇതിന്റെ ഭാഗമായി 1998 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ അലോക് ദിമ്രിയെ ഇന്ത്യ അയച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയായ ദിമ്രി നേരത്തെ കിർഗിസ്ഥാനിലെ ഇന്ത്യൻ അംബാസഡറായും ജി20, ബ്രിക്സ് ചുമതലയുള്ള ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ചൈന, മംഗോളിയ, ന്യൂയോർക്ക് എന്നിവിടങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.