വിദേശയാത്രയും ഫാഷനും മാത്രം, മറ്റൊന്നും അറിയില്ല; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി അഭിജീത് ദിപ്കെ
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന പ്രതിഷേധ പരിപാടിയിൽ സംസാരിക്കവെയാണ് മോദിയുടെ വിദേശയാത്രകളെയും വസ്ത്രധാരണത്തെയും വിമർശിച്ച് ദിപ്കെ രംഗത്തെത്തിയത്. സാധാരണക്കാരുടെ പണം ഉപയോഗിച്ചാണ് പ്രധാനമന്ത്രി ലോകസഞ്ചാരം നടത്തുന്നതെന്നാണ് ദിപ്കെ ആരോപിച്ചത്. ‘ഫാഷൻ ബോധവും ലോകപര്യടനവുമല്ലാതെ മോദിക്ക് മറ്റൊന്നും അറിയില്ല’ എന്നും അദ്ദേഹം പറഞ്ഞു.
ശിവാജി പാർക്കിൽ ഒത്തുകൂടിയ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ മഹാത്മാഗാന്ധി, ബി.ആർ. അംബേദ്കർ, ജവഹർലാൽ നെഹ്റു എന്നിവരുടെ ആശയങ്ങളെയും ദിപ്കെ പരാമർശിച്ചു. ഇന്ത്യയുടെ ആത്മാവ് ഗാന്ധിയാണെന്നും, ഗാന്ധിയുടെ പ്രത്യയശാസ്ത്രമാണ് രാജ്യത്തെ സുസ്ഥിരമായി നിലനിർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി ഇന്ത്യയുടെ ആത്മാവും അംബേദ്കർ നട്ടെല്ലും നെഹ്റു തലച്ചോറുമാണെന്നും ദിപ്കെ കൂട്ടിച്ചേർത്തു.
കഴിവുകെട്ട സർക്കാരാണെന്ന ആരോപണം ഉന്നയിച്ച ദിപ്കെ, രണ്ടു മാസത്തിനിടെ വീണ്ടും സമരത്തിനിറങ്ങേണ്ട സാഹചര്യമുണ്ടായെന്നും പറഞ്ഞു. മഹാരാഷ്ട്ര സർക്കാരിന്റെയും പോലീസിന്റെയും വിലക്ക് നിലനിൽക്കെ ഗാന്ധിജയന്തി ദിനത്തിൽ സി.ജെ.പി പ്രവർത്തകർ ശിവാജി പാർക്കിൽ ഒത്തുകൂടിയതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധക്കാരെ ജയിലിലടക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിനെ ദിപ്കെ വെല്ലുവിളിക്കുകയും ജയിലിൽ പോകാൻ തങ്ങൾക്ക് ഭയമില്ലെന്നും തങ്ങൾ ‘പാറ്റകൾ’ ആണെന്നും പ്രതികരിക്കുകയും ചെയ്തു. മുംബൈ പോലീസ് സ്പെഷ്യൽ ബ്രാഞ്ചിന്റെ കണക്കനുസരിച്ച് പതിനായിരത്തോളം പേർ ശിവാജി പാർക്കിൽ ഒത്തുകൂടിയെന്നാണ് റിപ്പോർട്ട്
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുകയും വോട്ടർപട്ടിക പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്താണ് സി.ജെ.പി പ്രതിഷേധം നടത്തുന്നത്