രാഹുലും സോണിയയും വയനാട്ടില്‍: ഔദ്യോഗിക പരിപാടികളില്ല

Sep 19, 2025 - 13:52
 0  7
രാഹുലും സോണിയയും വയനാട്ടില്‍: ഔദ്യോഗിക പരിപാടികളില്ല

കല്‍പ്പറ്റ: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വയനാട്ടില്‍. സ്വകാര്യ സന്ദര്‍ശനത്തിനായാണ് ഇരുവരും വയനാട്ടില്‍ എത്തിയിരിക്കുന്നത്. രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഇവരും ഹെലികോപ്റ്റര്‍ മാര്‍ഗമാണ് വയനാട്ടില്‍ എത്തിയത്.

പടിഞ്ഞാറത്തറ ജിഎച്ച്എസ്എസ് സ്‌കൂള്‍ മൈതാനത്ത് ഹെലികോപ്റ്റര്‍ ഇറങ്ങിയ, സോണിയയെയും രാഹുലിനെയും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രിയങ്ക ഗാന്ധി എംപി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപിയും ഇരുവര്‍ക്കും ഒപ്പം വയനാട്ടില്‍ എത്തിയിരുന്നു.

വയനാട്ടില്‍ എത്തിയ ഇരുവര്‍ക്കും നിലവില്‍ ഔദ്യോഗിക പരിപാടികളില്ല. എന്നാല്‍ കേരളത്തിലെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി സോണിയയും രാഹുലും നിര്‍ണായക ചര്‍ച്ചകള്‍ നടത്തും. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം, വരാനിരിക്കുന്ന ത്രിതല തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍, വയനാട് കോണ്‍ഗ്രസ് യൂണിറ്റിനുള്ളിലെ നിലവിലുള്ള പ്രശ്‌നങ്ങള്‍ എന്നിവയും ചര്‍ച്ചയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. വയനാട് എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും ഔദ്യോഗിക പര്യടനവുമായി മണ്ഡലത്തിലുണ്ട്. ഇതിനിടെയാണ് രാഹുലും സോണിയയും വയനാട്ടില്‍ എത്തിയിരിക്കുന്നത്.