മുഖ്യമന്ത്രി ചർച്ചകൾ ; തെരുവിലെ പ്രതിഷേധങ്ങൾ അവസാനിപ്പിക്കണമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ചരിത്രവിജയം നേടിയതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തർക്കം മുറുകുന്നു. വി.ഡി. സതീശൻ അനുകൂലികൾ വിവിധയിടങ്ങളിൽ പ്രകടനങ്ങളും ഫ്ലക്സ് യുദ്ധവുമായി രംഗത്തിറങ്ങിയതോടെ, ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് സതീശൻ തന്നെ നേരിട്ട് രംഗത്തെത്തി. പാർട്ടിക്കും മുന്നണിക്കും ദോഷകരമാകുന്ന രീതിയിൽ ചേരിതിരിഞ്ഞുള്ള പ്രവർത്തനങ്ങളിൽ നിന്ന് പ്രവർത്തകർ പിന്മാറണമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. 102 സീറ്റുകളുമായി നേടിയ ഉജ്ജ്വല വിജയം ആഘോഷിക്കേണ്ട സമയത്ത് അച്ചടക്കം പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണ്ണായക നീക്കങ്ങൾ ഡൽഹിയിൽ ഊർജ്ജിതമായിരിക്കുകയാണ്. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവരോട് അടിയന്തരമായി ഡൽഹിയിലെത്താൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചു. എ.ഐ.സി.സി നിരീക്ഷകർ തയ്യാറാക്കിയ റിപ്പോർട്ട് ഇതിനോടകം തന്നെ പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് കൈമാറിക്കഴിഞ്ഞു.
സംസ്ഥാനത്തെ 63 കോൺഗ്രസ് എം.എൽ.എമാരിൽ ഭൂരിഭാഗം പേരും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നു എന്നാണ് നിരീക്ഷകരുടെ റിപ്പോർട്ടിൽ നിന്നുള്ള സൂചന. 47 എം.എൽ.എമാരുടെ പിന്തുണ വേണുഗോപാലിനുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും, പുറത്തുവന്ന രേഖകൾ ഔദ്യോഗികമല്ലെന്ന് നിരീക്ഷകനായ മുകുൾ വാസ്നിക് വ്യക്തമാക്കി.